വളയം: പതിമ്മൂന്ന് വയസ്സുകാരന്‍ ഇരുചക്രവാഹനമോടിച്ചതിന് അച്ഛന്റെ പേരില്‍ വളയം പോലീസ് കേസെടുത്തു. വാണിമേല്‍ നിടും പറമ്പ് സ്വദേശി ചന്ദ്രന്റെ (47) പേരിലാണ് കേസെടുത്തത്. ബുധനാഴ്ചയായിരുന്നു സംഭവം.
വാണിമേല്‍ പുതുക്കയം ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു വളയം എസ്.ഐ. ആര്‍.സി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ്.
ഇതിനിടെയാണ് ഇരുചക്രവാഹനത്തില്‍ പതിമ്മൂന്ന് വയസ്സുള്ള വിദ്യാര്‍ഥി വന്നത്. പോലീസ് കൈകാണിച്ചുനിര്‍ത്തി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വാഹനം അച്ഛന്റേതാണെന്നും കരുകുളത്ത് കട നടത്തുകയാണ് അദ്ദേഹമെന്നും വിദ്യാര്‍ഥി പറഞ്ഞു.
തുടര്‍ന്ന് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അതേ ഇരുചക്ര വാഹനത്തില്‍ വിദ്യാര്‍ഥിയെ കടയില്‍ കൊണ്ടുപോയി ഏല്‍പ്പിച്ചശേഷം ചന്ദ്രനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു.
വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ്സ്റ്റേഷനിലെത്തിയ ചന്ദ്രന്റെ പേരില്‍ കേസെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.
മേഖലയില്‍ 'കുട്ടിഡ്രൈവര്‍മാര്‍' വര്‍ധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് എസ്.ഐ. ആര്‍.സി. ബിജുവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
Content Highlights; Child Drivers, Traffic Rule Violations