തെല്ലുമില്ല മലിനീകരണം, ചെലവോ തുച്ഛം; വഴി നിറയെ എത്തും വൈദ്യുത വണ്ടികള്‍


2 min read
Read later
Print
Share

ഇരുചക്രവാഹനത്തില്‍ ബാറ്ററിക്കായി 40,000 രൂപയോളം ചെലവു വരും. സെഡാന്‍ കാറിലാകുമ്പോള്‍ ഇത് 8,00,000 രൂപയായും ബസില്‍ ഇത് 60,00,000 രൂപയായും വര്‍ദ്ധിക്കും.

കേരളത്തിന്റെ നിരത്തുകളില്‍ വരികയാണ് വൈദ്യുത വാഹനങ്ങളുടെ കാലം. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കാനായി ഇ-മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്‌പോ 2019 (ഇവോള്‍വ്) കൊച്ചിയില്‍ തുടങ്ങി. വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

2022-ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 50,000 മുച്ചക്ര വാഹനങ്ങള്‍, 1,000 ചരക്ക് വാഹനങ്ങള്‍, 3,000 ബസുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

ഒച്ചപ്പാടില്ല, പുകയുമില്ല

പരിസ്ഥിതി മലിനീകരണവും ശബ്ദ മലിനീകരണവും തീര്‍ത്തുമില്ല എന്നതാണ് വൈദ്യുത വാഹനങ്ങളുടെ പ്രത്യേകത. ഇന്ധനച്ചെലവ് വളരെ കുറവ്. വില അല്പം കൂടുമെന്നതാണ് ഇപ്പോഴുള്ള പ്രശ്‌നം. സെഡാന്‍ കാറിന്റെ കാര്യത്തിലാണെങ്കില്‍ ഡീസല്‍ വണ്ടിയെക്കാള്‍ മൂന്നു ലക്ഷത്തിലധികമായിരിക്കും വൈദ്യുത മോഡലിന്റെ വില.

വൈദ്യുത വാഹനങ്ങള്‍ വ്യാപകമാകുന്നതോടെ ക്രമേണ വിലയും കുറയും എന്നാണ് പ്രതീക്ഷ. വൈദ്യുത വാഹന സംസ്‌കാരത്തിലേക്ക് ജനങ്ങളെ മാറ്റിയെടുക്കുക എന്നതാണ് ആദ്യ കടമ്പ. അതിനുള്ള ചുവടുവെപ്പുകൂടിയാണ് കൊച്ചിയില്‍ സംഘടിപ്പിച്ച ഇ-മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്പോ.

ഉള്‍ക്കരുത്ത് ലിഥിയം അയോണ്‍ ബാറ്ററി

ലിഥിയം അയോണ്‍ ബാറ്ററിയാണ് വൈദ്യുത വാഹനങ്ങളുടെ കരുത്ത്. മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ വലിയ രൂപമാണിത്. ഇരുചക്ര വാഹനമാണെങ്കില്‍ ഒന്നുമുതല്‍ രണ്ട് കിലോ വാട്ടുള്ള ബാറ്ററിയാണ് ഉപയോഗിക്കുക. മുച്ചക്ര വാഹനത്തിലാകുമ്പോള്‍ ഇത് 4-6 കെ.ഡബ്യു.എച്ചും കാറിലാകുമ്പോള്‍ 15-40 കെ.ഡബ്യു.എച്ചും ബസിലാകുമ്പോള്‍ 300 കെ.ഡബ്യു.എച്ചും ആയി മാറും ബാറ്ററിയുടെ ശേഷി.

ബാറ്ററിക്കാണ് വില

വൈദ്യുത വാഹനത്തില്‍ വിലയുടെ അറുപത് ശതമാനത്തിലേറെയും നിലവില്‍ ബാറ്ററിക്കാണ് വേണ്ടിവരുന്നത്. ഒരു കിലോവാട്ടുള്ള (കെ.ഡബ്യു.എച്ച്.) ബാറ്ററിക്ക് നിലവില്‍ 20,000 രൂപ വില വരുമെന്ന് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മാനേജര്‍ ഡോ. രാജേഷ് കുമാര്‍ പാന്‍ഡ പറഞ്ഞു. അതായത് ഇരുചക്രവാഹനത്തില്‍ ബാറ്ററിക്കായി 40,000 രൂപയോളം ചെലവു വരും. സെഡാന്‍ കാറിലാകുമ്പോള്‍ ഇത് 8,00,000 രൂപയായും ബസില്‍ ഇത് 60,00,000 രൂപയായും വര്‍ദ്ധിക്കും.

ചാര്‍ജ് ചെയ്യാം അനായാസമായി

ഈ ബാറ്ററി വീട്ടിലും ചാര്‍ജ് ചെയ്യാം. അതിവേഗം ചാര്‍ജ് ചെയ്യണമെങ്കില്‍ ചാര്‍ജിങ് പോയിന്റുകളില്‍ എത്തണം. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ചാര്‍ജിങ് പോയിന്റ് എറണാകുളത്ത് ഇടപ്പള്ളിയില്‍ ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സെഡാന്‍ കാര്‍ വീട്ടിലെ സാധാരണ പ്ലഗ്ഗില്‍ കുത്തി ചാര്‍ജ് ചെയ്യുകയാണെങ്കില്‍ പൂര്‍ണമായി ചാര്‍ജാകാന്‍ എട്ടു മണിക്കൂര്‍ വേണ്ടിവരും.

ചാര്‍ജിങ് പോയിന്റില്‍ ആണെങ്കില്‍ 90 മിനിറ്റുകൊണ്ട് ചാര്‍ജാകും. യാത്ര െചയ്യാനുള്ള കിലോമീറ്റര്‍ കണക്കാക്കി ഭാഗികമായും ചാര്‍ജ് ചെയ്യാം. വൈദ്യുത വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചാര്‍ജ് ചെയ്യാനുള്ള പ്രത്യേക ചാര്‍ജറും ലഭിക്കും. ഇത് വീട്ടിലെ സാധാരണ സോക്കറ്റില്‍ കുത്തി ചാര്‍ജ് ചെയ്യാവുന്നതേയുള്ളൂ. അതിവേഗം ചാര്‍ജ് ചെയ്യാന്‍ കുറുക്കുവഴികള്‍ തേടിയാല്‍ ബാറ്ററി പൊട്ടിത്തെറിച്ചെന്നു വരാം.

അല്ലെങ്കില്‍ അപകട സാധ്യതയൊന്നുമില്ലെന്ന് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ എ.പി. ഗംഗാധരന്‍ പറഞ്ഞു. വീട്ടിലെ ഇന്‍വെര്‍ട്ടറില്‍നിന്ന് ബാറ്ററി ചാര്‍ജ് ചെയ്യാനാവില്ല.

ചാര്‍ജ് ചെയ്യാന്‍ എത്ര രൂപ

ചാര്‍ജിങ് സ്റ്റേഷനില്‍നിന്ന് വൈദ്യുതി ചാര്‍ജ് ചെയ്യാന്‍ എത്ര രൂപയാകും എന്നതിലൊക്കെ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഒരു സെഡാന്‍ കാര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 14 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടിവരിക.

പൂര്‍ണമായും ചാര്‍ജ് ചെയ്ത സെഡാന്‍ കാര്‍ 140 കിലോമീറ്റര്‍ ഓടും. ഒരു യൂണിറ്റിന് എട്ടു രൂപ വെച്ച് കണക്കാക്കിയാല്‍ 112 രൂപയേ വൈദ്യുതി ഇനത്തില്‍ ആകുകയുള്ളൂ. ചാര്‍ജിങ്ങിനുള്ള തുക സര്‍ക്കാരാണ് നിശ്ചയിക്കേണ്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram