വൈദ്യുതവാഹനങ്ങളിലേക്ക് രാജ്യം കുതിക്കുമ്പോള്‍ പരിസ്ഥിതിമലിനീകരണം കുറയുന്നതിനോടൊപ്പം ഇന്ധനച്ചെലവില്‍ വന്‍ ലാഭവും. നിലവിലെ കണക്ക് അനുസരിച്ച് രാജ്യത്തിപ്പോള്‍ 2,60,000 വൈദ്യുതവാഹനങ്ങളുണ്ട്. വൈദ്യുത ബസ് മുതല്‍ ബാറ്ററി സ്‌കൂട്ടര്‍ വരെ ഇതിലുള്‍പ്പെടും.
ഇത്രയും വാഹനങ്ങള്‍ വൈദ്യുതിയിലേക്ക് മാറിയതുവഴി ലാഭിക്കാനായത് 3.7 കോടി ലിറ്റര്‍ ഇന്ധനം ആണ്. പരമാവധി വാഹനങ്ങള്‍ വൈദ്യുതിയിലേക്ക് മാറ്റുന്നതിനായി ആവിഷ്‌കരിച്ച ഫെയിം പദ്ധതിയുടെ കണക്കാണിത്. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് വെഹിക്കിള്‍ പ്ലാനാണ് ഫെയിം. ഇവരുടെ കണക്കുപ്രകാരം ക്രൂഡ് ചെലവില്‍ മാത്രം 110 കോടിയിലേറെ ലാഭിക്കാനായി.
2030-ഓടെ രാജ്യമൊട്ടുക്കും വൈദ്യുതവാഹനങ്ങളാക്കാനാണ് കേന്ദ്രം ഫെയിം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി രാജ്യത്തെ വൈദ്യുതവാഹനങ്ങളുടെ സാധ്യതാപഠനം 2017-ല്‍ നീതി ആയോഗും അമേരിക്കയിലെ റോക്കി മൗണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയിരുന്നു.
2030-ല്‍ ഇന്ത്യയൊട്ടുക്കും വൈദ്യുതവാഹനങ്ങളായാല്‍ ക്രൂഡ് ചെലവില്‍ മാത്രം പ്രതിവര്‍ഷം 3.9 ലക്ഷം കോടി രൂപ ലാഭിക്കാമെന്നാണ് കണ്ടെത്തിയത്. ഇന്ധനവാഹനങ്ങള്‍ പുറന്തള്ളുന്ന ഒരു ഗിഗാ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഒഴിവാകും.
രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനും ഇന്ധനവാഹനങ്ങള്‍ കുറയ്ക്കുന്നതിനും പുതിയ നികുതിരീതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇന്ധനവാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതിയും വൈദ്യുതവാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്‌സിഡിയും ഏര്‍പ്പെടുത്താനാണ് ഒരുങ്ങുന്നത്.
വാഹനങ്ങള്‍ക്ക് നിലവില്‍ ഉയര്‍ന്ന ജി.എസ്.ടി. സ്ലാബായ 28 ശതമാനമാണ് നികുതി. ഇതിനു പുറമേ 15 ശതമാനം വരെ സെസും ഈടാക്കുന്നുണ്ട്. ജി.എസ്.ടി. നിരക്ക് പരമാവധിയിലെത്തി നില്‍ക്കുന്നതിനാല്‍ അത് വര്‍ധിപ്പിക്കുക സാധ്യമല്ല. എന്നാല്‍, സെസ് ഉയര്‍ത്താം. വില കൂടിയതും വലുപ്പമേറിയതുമായ കാറുകളുടെ സെസ് ഉയര്‍ത്തി അതിലൂടെ കിട്ടുന്ന തുക വൈദ്യുതവാഹനങ്ങള്‍ക്ക് സബ്‌സിഡിയായി നല്‍കാനാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ കേന്ദ്രം വൈദ്യുതവാഹനങ്ങള്‍ക്ക് 7,500 മുതല്‍ 61 ലക്ഷം വരെ സബ്‌സിഡി നല്‍കുന്നുണ്ട്. ഇതുവരെ വൈദ്യുതവാഹനങ്ങള്‍ക്ക് കേന്ദ്ര സബ്‌സിഡി ഇനത്തില്‍ 305 കോടി നല്‍കിയിട്ടുണ്ട്.
Content Highlights: Vehicles to battery; The country had saved 3.7 crore liters of fuel