നോട്ട് നിരോധനത്തിന്റെ ഭീഷണിക്ക് വാഹനവിപണി പൂര്‍ണമായി കീഴടങ്ങിയില്ല. ഒരു വിഭാഗം നിര്‍മാണകമ്പനികള്‍ നോട്ട് നിരോധനത്തില്‍ ഇടിച്ച് നിന്നപ്പോള്‍ മറുകൂട്ടര്‍ തളരാതെ മുന്നേറുന്ന കാഴ്ചയാണ് ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ കാണിക്കുന്നത്. ഹ്യുണ്ടായ്, മഹീന്ദ്ര, ഫോര്‍ഡ് എന്നീ കമ്പനികള്‍ക്ക് വില്‍പ്പന നഷ്ടമുണ്ടായപ്പോള്‍ ടാറ്റ മോട്ടോഴ്സ്, റെനോ, നിസാന്‍, ഫോക്സ്വാഗണ്‍ തുടങ്ങിയവര്‍ നേട്ടമുണ്ടാക്കി.
ഹ്യുണ്ടായിയുടെ ഡിസംബറിലെ ആഭ്യന്തര വില്‍പ്പനയില്‍ 4.3 ശതമാനമാണ് കുറവുവന്നത്. നവംബറില്‍ 41,861 യൂണിറ്റ് വില്‍പ്പന നടത്തിയ സ്ഥാനത്ത് ഡിസംബറിലെ വില്‍പ്പന 40,057 യൂണിറ്റാണ്. നോട്ട് നിരോധനത്തിനു ശേഷം ഷോറൂമുകളിലെത്തുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായെന്ന് ഹ്യുണ്ടായ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ്, മാര്‍ക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
മഹീന്ദ്രയുടെ ആഭ്യന്തര വില്‍പ്പനയില്‍ 1.5 ശതമാനം കുറവാണ് ഉണ്ടായത്. നവംബറില്‍ 34,839 യൂണിറ്റ് വിറ്റിടത്ത് ഡിസംബറിലെ വില്‍പ്പന 34,310 യൂണിറ്റാണ്. അടുത്ത മാസം മുതല്‍ വില്‍പ്പന മെച്ചപ്പെടുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് പ്രവീണ്‍ ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു. ഫോര്‍ഡ് ഇന്ത്യ 6.04 ശതമാനം വില്‍പ്പന നഷ്ടമാണ് നേരിട്ടത്. നവംബറില്‍ 5,924 യൂണിറ്റ് വിറ്റപ്പോള്‍ ഡിസംബറില്‍ വിറ്റുപോയത് 5,566 യൂണിറ്റാണ്. അതേസമയം, വരും മാസത്തിലേക്കുള്ള കണക്കുകൂട്ടലുകള്‍ മികച്ചതാണെന്ന് ഫോര്‍ഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര പറഞ്ഞു.
അശോക് ലെയ്ലാന്‍ഡിന്റെ മൊത്ത വില്‍പ്പന 12 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം ഡിസംബറിലെ ആഭ്യന്തര വില്‍പ്പന 4.4 ശതമാനം കുറഞ്ഞെന്ന മാരുതി സുസുക്കി വ്യക്തമാക്കിയിരുന്നു. 1,06,414 യൂണിറ്റാണ് അവരുടെ ഡിസംബറിലെ വില്‍പ്പന. അതേസമയം ടാറ്റ മോട്ടോഴ്സ് പ്രതിസന്ധികള്‍ക്കിടയിലും യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ 35 ശതമാനം നേട്ടമുണ്ടാക്കി. എന്നാല്‍, വാണിജ്യവാഹനങ്ങളും കൂടി ഉള്‍പ്പെടുമ്പോള്‍ വില്‍പ്പന നേട്ടം ഒരു ശതമാനം മാത്രമാണ്.
ഫോക്സ് വാഗണിന്റെ വില്‍പ്പന 68.72 ശതമാനമാണ് ഉയര്‍ന്നത്. റെനോ 9.2 ശതമാനവും നിസാന്‍ മോട്ടോഴ്സ് 21 ശതമാനവും വില്‍പ്പന നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ ബജാജ് ഓട്ടോയുടെ മൊത്തവില്‍പ്പനയില്‍ 22 ശതമാനം തളര്‍ച്ചയാണുണ്ടായത്. ആഭ്യന്തര വിപണിയിലെ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തിലുണ്ടായിട്ടുള്ള കുറവ് 11 ശതമാനമാണ്. യമഹ മോട്ടോഴ്സിന്റെ ആഭ്യന്തര വില്‍പ്പനയില്‍ 28 ശതമാനം കുതിപ്പുണ്ടായപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഡിസംബറിലെ ആഭ്യന്തര വില്‍പ്പന വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേസമയത്തേതിനെക്കാള്‍ 41 ശതമാനമാണ്.