ബഹിരാകാശ പേടകത്തെ ഓര്‍മ്മിപ്പിക്കുന്ന സൂപ്പര്‍ലക്ഷ്വറി ഇലക്ട്രിക് കാറാണ് വിഷന്‍ ടോക്യോ. ജപ്പാനില്‍ കഴിഞ്ഞമാസം അവസാനിച്ച ടൊക്യോ മോട്ടോര്‍ഷോയിലാണ് മെഴ്‌സിഡീസ് ബെന്‍സ് വിഷന്‍ ടോക്യോ വാഹനം അവതരിപ്പിച്ചത്. ഒരു മിനി വാനിന്റെ വലിപ്പമുള്ള ഇലക്ട്രിക്ക് കാറിന് ഷിക്കാഗോയിലെ ക്ലൗഡ് ഗേറ്റിനോട് സൗദൃശ്യമുണ്ട്. ഡ്രൈവര്‍ വേണ്ടാത്ത രീതിയിലാണ് കാറിന്റെ നിയന്ത്രണ സംവിധാനം.
ചതുരാകൃതിയിലുള്ള കറുത്ത മുന്‍ചില്ലും എക്സ്റ്റീരയര്‍ പാനലിന് സമാനമായ മെറ്റാലിക് നിറത്തിലെ സൈഡ് വിന്‍ഡോയുമാണ് വാഹനത്തിന്റെ മാറ്റുകൂട്ടുന്നത്. വായ തുറന്നിരിക്കിന്ന ഒരു സ്രാവിനെ ഓര്‍മ്മിപ്പിക്കും വിധം മുന്‍ ഗ്രില്ലും പിന്‍ ഗ്ലാസ്സും അതിനു ചുറ്റുമുള്ള ഇക്വലൈസര്‍ സ്റ്റൈലില്‍ പ്രകാശിക്കുന്ന എല്‍.ഇ.ഡി. ലൈറ്റ് സംവിധാനവും ആഡംമ്പര ഭംഗി കൂട്ടുന്നു.
ഒരു വി.ഐ.പി ലോഞ്ചെന്ന് തോന്നിപ്പിക്കുന്ന തരത്തിലെ ഇന്റീരിയര്‍ സീറ്റിംഗ് സംവിധാനം ഇടതുവശത്ത് അര്‍ദ്ധ ചതുരാകൃതിയില്‍ ഒരുക്കിയിരിക്കുന്നു. ഡ്രൈവര്‍ ഇല്ലാത്ത വാഹനമായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഡ്രൈവിംഗ് സീറ്റിനു വലിയ പ്രാധാന്യമില്ല. എന്നാല്‍ യാത്രക്കാര്‍ക്കുള്ള അര്‍ദ്ധ ചതുരാകൃതിയിലെ സീറ്റിംഗിന് നടുക്കായി 3 ഡി ഹോളോഗ്രാം രൂപഭംഗിയോടെ എന്റര്‍ടെയ്ന്‍മെന്റും മറ്റ് ആപ്ലിക്കേഷനുകളം ഒരുക്കിയിരിക്കുന്നു.
വാഹനത്തില്‍ ബെന്‍സിന്റെ തന്നെ എഫ് സെല്‍ പ്ലഗ്ഗ് ഇന്‍ ഹൈബ്രിഡ് ഇന്‍ഡക്ഷന്‍ ചാര്‍ജ്ജഡ് ബാറ്ററി സംവിധാനമാണുള്ളത്. ഒരുതവണ ചാര്‍ജ് ചെയ്താന്‍ 600 മൈല്‍ വരെ സഞ്ചരിക്കാന്‍ കഴിയുംവിധമാണ് കണ്‍സെപ്റ്റ് വാഹനം ഒരുക്കിയിട്ടുള്ളത്. മുകളില്‍ 360 ഡിഗ്രിയില്‍ തിരിയുന്ന സെന്‍സറും ക്യാമറയും വാഹനത്തിന്റെ നിയന്ത്രണ സംവിധാനത്തിന്റെ കണ്ണുകളാണ്.