നിരത്തിൽ ഇന്നുള്ള പല താരങ്ങളും പിറവിയെടുത്ത വര്‍ഷമായിരുന്നു 2018. ഇതിന്റെ തുടര്‍ച്ചയെന്നോണം നിരവധി കാറുകളാണ് പുതുവര്‍ഷത്തില്‍ നിരത്തു കാത്ത് അണിയറയിലൊരുങ്ങുന്നത്. ഇതില്‍ ആറ് വാഹനങ്ങള്‍ ജനുവരി മാസം തന്നെ അവതരിപ്പിക്കുമെന്നാണ് വിവരം. ജനുവരി 18 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരിക്കും ഈ ആറ് വാഹനങ്ങള്‍ പുറത്തിറക്കുക.
ടൊയോട്ട കാംറി-ജനുവരി 18
ആഡംബര സെഡാന്‍ ശ്രേണിയിലേക്ക് ടൊയോട്ട എത്തിക്കുന്ന വാഹനമാണ് കാംറി. ഇന്ത്യയില്‍ ഇത് കാംറിയുടെ നാലാം തലമുറയാണ്. ഏറെ സ്‌റ്റൈലിഷായും കൂടുതല്‍ സൗകര്യങ്ങളോടെയുമാണ് പുതുതലമുറ കാംറിയെത്തുന്നത്. ഹൈബ്രിഡ് എന്‍ജിലും ഈ വാഹനം പുറത്തിറങ്ങും.
ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും എട്ട് സ്പീഡ് ഗിയര്‍ബോക്‌സില്‍ 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. ഹൈബ്രിഡ് മോഡലിന് കരുത്ത് നല്‍കുന്നതും 2.5 ലിറ്റര്‍ എന്‍ജിനാണ്.
നിസാന്‍ കിക്‌സ്-ജനുവരി 23
കോംപാക്ട് എസ്‌യുവിയിലേക്ക് നിസാന്റെ രണ്ടാമത്തെ പ്രതിനിധിയാണ് കിക്‌സ്. വിദേശ വിപണിയില്‍ മുമ്പ് തന്നെ അവതരിപ്പിച്ച ഈ വാഹനം ഏറെ പുതുമകളുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. കൂടുതല്‍ സ്റ്റൈലിനൊപ്പം മികച്ച സുരക്ഷയുമാണ് ഈ വാഹനം നല്‍കുന്ന ഉറപ്പ്.
1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് കിക്‌സ് എത്തുന്നത്. പെട്രോള്‍ എന്‍ജിന് 104 ബി.എച്ച്.പി. കരുത്തും 142 എന്‍.എം. ടോര്‍ക്കും. ഡീസന്‍ എന്‍ജിന്‍ 108 ബി.എച്ച്.പി. കരുത്തും 240 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലില്‍ അഞ്ച് സ്പീഡും ഡീസലില്‍ ആറ് സ്പീഡും മാനുവല്‍ ഗിയര്‍ബോക്സും ഒരുക്കും.
മാരുതി വാഗണ്‍ ആര്‍- ജനുവരി 23
മാരുതിയുടെ ഏറ്റവും ജനപ്രീതി സ്വന്തമാക്കിയ ഹാച്ച്ബാക്കാണ് വാഗണ്‍ ആര്‍. ഏറെ പുതുമകളോടെ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് ഒരുങ്ങിക്കഴിഞ്ഞു. ഡിസൈന്‍ മാറ്റത്തിനൊപ്പം കൂടുതല്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതുതലമുറ വാഗണ്‍ആര്‍ എത്തുന്നത്.
വാഗണ്‍ആറില്‍ മുമ്പുണ്ടായിരുന്ന 1.0 ലിറ്റര്‍ എന്‍ജിനൊപ്പം 1.2 ലിറ്റര്‍ എന്‍ജിനും പുതിയ വാഗണ്‍ആറില്‍ നല്‍കും. 1.0 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകും. LXi, VXi വേരിയന്റുകള്‍ക്ക് പുറമെ, മുന്നാമതായി ZXi വേരിയന്റും ഒരുങ്ങും. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സും ഇതിലുണ്ട്.
ടാറ്റ ഹാരിയര്‍- ജനുവരി 23
സാക്ഷാല്‍ ലാന്‍ഡ് റോവര്‍ കാറുകളുടെ രൂപഭംഗി സ്വന്തമാക്കി വിപണിയിലെത്തുന്ന വാഹനമാണ് ടാറ്റ ഹാരിയര്‍. പ്രീമിയം കോംപാക്ട് എസ്‌യുവി ശ്രേണിയിലെത്തുന്ന ഈ വാഹനം ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ പുതിയ ഒമേഗാ പ്ലാറ്റ്ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്.
ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് കരുത്തേകുക. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡും വാഹനത്തിനുണ്ട്.
മെഴ്‌സിഡസ് ബെന്‍സ് വി-ക്ലാസ്- ജനുവരി 24
ഇന്ത്യയില്‍ ആഡംബര എംപിവി സെഗ്മെന്റിലേക്ക് മെഴ്‌സിഡസ് എത്തിക്കുന്ന വാഹനമാണ് ബെന്‍സ് വി-ക്ലാസ്. 2014 മുതല്‍ വിദേശ വിപണികളിലുള്ള വി-ക്ലാസിന്റെ മൂന്നാം തലുറയാണ് ബെന്‍സ് ഇന്ത്യയില്‍ പരീക്ഷിക്കുന്നത്. കമ്പനി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ എംപിവി മോഡലാണ് വി-ക്ലാസ്.
നാല് എന്‍ജിന്‍ ഓപ്ഷനിലുള്ള വി ക്ലാസ് ആഗോള വിപണിയിലുണ്ട്. മൂന്നെണ്ണം ഡീസലും ഒന്ന് പെട്രോളുമാണ്. ഇതില്‍ V250d പതിപ്പില്‍ 187 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന.
ബിഎംഡബ്ല്യു എക്‌സ് 7 -ജനുവരി 31
എസ്‌യുവി ശ്രേണിയിലേക്ക് ബിഎംഡബ്ല്യു എത്തിക്കുന്ന മോഡലാണ് എക്‌സ്-7. നാല് ഡ്രൈവ് മോഡുകളുടെ അകമ്പടിയോടെ എത്തുന്ന എക്‌സ്-7 ഓഫ് റോഡ് റൈഡുകള്‍ക്കും ഇണങ്ങുന്നതാണ്. ആറ് സീറ്റ്, ഏഴ് സീറ്റ് ഓപ്ഷനുകളില്‍ ഈ വാഹനം പുറത്തിറക്കുന്നുണ്ടെന്നാണ് സൂചന.
എക്‌സ്-7 എം50 ഡി വേരിയന്റില്‍ 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 400 എച്ച്പി പവറും 760 എന്‍എം ടോര്‍ക്കുമേകും. ഫോര്‍ വീല്‍ ഡ്രൈവും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് എക്‌സ്-7 നുള്ളത്.
Content Highlights: Six big launches in January 2019