ലോകത്തെ ഏറ്റവും വിലയ വാഹന വിപണിയായി അറിയപ്പെടുന്ന ചൈനയില്‍ നടക്കുന്ന ഷാന്‍ഹായ് ഓട്ടോഷോ ഇക്കുറി വാര്‍ത്തകളില്‍ നിറയുന്നത് കോപ്പിയടിക്കപ്പെട്ട കാര്‍ മോഡലുകളുടെ പേരില്‍. ലോകത്തെ പ്രമുഖ വാഹന ബ്രാണ്ടുകളായ പോര്‍ഷെ, ലാന്‍ഡ് റോവര്‍, മെഴ്‌സിഡീസ് ബെന്‍സ് എന്നിവയുടെയെല്ലാം മോഡലുകളുടെ അനുകരണങ്ങള്‍ ഓട്ടോഷോയിലുണ്ട്. ലോകത്തെതന്നെ ശ്രദ്ധേയ മോഡലുകള്‍ ചൈനീസ് കമ്പനികള്‍ കോപ്പിയടിക്കുന്നുവെന്ന പരാതി നേരത്തെതന്നെയുണ്ട്.
റേഞ്ച് റോവറിന്റെ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ഇവോക്കിന് സമാനമായ വാഹനം പുറത്തിറക്കിയതിന്റെ പേരില്‍ ചൈനയിലെ ലാന്‍ഡ് വിന്‍ഡ് എന്ന കമ്പനിക്കെതിരെ ഇന്ത്യയിലെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിയമയുദ്ധത്തിലാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് ലോകത്തെതന്നെ പ്രമുഖ വാഹന മോഡലുകള്‍ കോപ്പിയടിക്കുന്നത് ചൈനീസ് നിര്‍മ്മാതാക്കള്‍ തുടരുന്നത്.
ഷാന്‍ഹായ് ഓട്ടോഷോയ്ക്ക് തുടക്കമായതിന് തൊട്ടുപിന്നാലെതന്നെ കോപ്പിയടി സംബന്ധിച്ച വാര്‍ത്തകള്‍ ഓണ്‍സൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ലോകപ്രശസ്ത മോഡലുകളും അവ കോപ്പിയടിച്ച് നിര്‍മ്മിച്ച വാഹനങ്ങളുടെ ചിത്രങ്ങളും ചേര്‍ത്തുവച്ചാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പലതും വാര്‍ത്ത നല്‍കിയത്. ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളുടെ ജി ക്ലാസ് എസ്.യു.വിയുടെ തനിപ്പകര്‍പ്പെന്ന് തോന്നുംവിധം വികസിപ്പിച്ച വാഹനമാണ് ഷാന്‍ഹായ് ഓട്ടോഷോയില്‍ ശ്രദ്ധേയമായ കോപ്പിയടികളില്‍ ഒന്ന്.
ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞുവെങ്കിലും മെഴ്‌സിഡീസിന്റെ ചൈനീസ് മേധാവി പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചിരിച്ചുതള്ളുക മാത്രമാണ് അദ്ദേഹം ചെയ്തത്.
പോര്‍ഷെയുടെ മകാന്‍ എസ്.യു.വിയുടെ അപരനും ഷാന്‍ഹായ് ഓട്ടോഷോയിലുണ്ട്. ചൈനീസ് ബ്രാണ്ടായ സോട്യെയാണ് പോര്‍ഷെ മകാന്‍ കോപ്പിയടിച്ച് നിര്‍മ്മിച്ച വാഹനവുമായി ഓട്ടോഷോയില്‍ എത്തിയിട്ടുള്ളത്. ഇത്തരം കോപ്പിയടികള്‍ പോര്‍ഷെയെ ബാധിക്കില്ലെന്നാണ് പോര്‍ഷെ വക്താവ് പറഞ്ഞത്. പ്രീമിയം കാറുകള്‍ വാങ്ങുന്നവര്‍ ഒരിക്കലും ഇത്തരം കോപ്പിയടികള്‍ക്ക് പിന്നാലെ പോകില്ലെന്ന് പോര്‍ഷെ അധികൃതര്‍ പറഞ്ഞു. വാഹനപ്രേമികള്‍ക്ക് യാഥാര്‍ഥ പോര്‍ഷെയും ചൈനീസ് വാഹനവും അനായാസം തിരിച്ചറിയാമെന്നും പോര്‍ഷെയുടെ ഗുണനിലവാരം പിന്തുടരാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍ക്ക് ഒരിക്കലും കഴിയില്ലെന്നും പോര്‍ഷെ ഡയറക്ടര്‍ അന്‍ജാ വാസര്‍ട്യൂറര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍, ജാഗ്വാര്‍ എഫ് പേസ്, സ്മാര്‍ട് ഫോര്‍ ടൂ, ഫോര്‍ഡ് എസ് മാക്‌സ്, ഹമ്മര്‍, പോര്‍ഷെ കയ്മാന്‍, ഔഡി എ സിക്‌സ്, ജീപ്പ് ചെറോക്കി, ലെക്‌സസ് ആര്‍.എക്‌സ്, റോള്‍സ് റോയ്‌സ് ഫാന്റം, മിനി കൂപ്പര്‍ എന്നിവയുടെയെല്ലാം അപരന്മാര്‍ ഷാന്‍ഹായ് ഓട്ടോഷോയിലുണ്ട്.
ഫോട്ടോ കടപ്പാട്: ഓട്ടോകാര്‍ പ്രൊഫഷണല്‍