കരുത്താര്‍ജിച്ച് റെന്റ് എ ക്യാബ് ബിസിനസ്; കേരളത്തിലെ വരുമാനം രണ്ട് ലക്ഷം മുതല്‍ 90 ലക്ഷം വരെ


4 min read
Read later
Print
Share

വണ്ടി അനുസരിച്ചാണ് റെന്റല്‍ കാബ് സര്‍വീസ് കമ്പനികള്‍ വാടക നിശ്ചയിക്കുന്നത്. ഇക്കോ സ്‌പോര്‍ട്ട്, ഐ20, ആസ്‌പെയര്‍ തുടങ്ങി വലിയ വണ്ടികള്‍ക്ക് വാടക കൂടുതലായിരിക്കും.

സ്വന്തമായി വാഹനം ഇല്ലെങ്കിലും അത്യാവശ്യങ്ങള്‍ക്ക് ടാക്‌സി അല്ലാതെ ഒരു കാര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആസ്വദിക്കുന്നവര്‍ ഏറെയാണ്. മറ്റിടങ്ങളില്‍ താമസിക്കുന്നവര്‍ വ്യക്തഗത ആവശ്യത്തിനോ ബിസിനസ് ആവശ്യങ്ങള്‍ക്കോ എത്തുമ്പോള്‍ അവരും ചിലപ്പോള്‍ ആഗ്രഹിക്കും സ്വന്തമായി ഡ്രൈവ് ചെയ്യാന്‍ ഒരു കാര്‍ കിട്ടിയെങ്കില്‍ എന്ന്. ഇനി സ്വന്തമായി വാഹനം ഉള്ളവര്‍ പോലും ചിലപ്പോള്‍ അതിഥികള്‍ വരുമ്പോഴും മറ്റും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്ന വലിയ കാറുകള്‍ തിരഞ്ഞെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. ഇവര്‍ക്കെല്ലാം പരിഹാരമാണ് 'റെന്റ് എ കാബ്' സേവനം.

വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അസംഘടിത നിലയില്‍ ഈ സേവനം ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ അനുമതിയോടെ തന്നെ ഈ സേവനം എത്തിക്കുന്നവര്‍ ഏറെയാണ്, തികച്ചും പ്രൊഫഷണല്‍ രീതിയില്‍. സെല്‍ഫ് ഡ്രൈവ് ചെയ്യാന്‍ അവസരമൊരുക്കുന്ന കേരളത്തിലെ 'റെന്റ് എ കാബ്' സര്‍വീസുകള്‍ പരിചയപ്പെടാം. ഇന്‍ഡസ് ഗോ, എ.വി.എസ്., സച്ച് കാബ്സ്, ട്രാന്‍സ്, സൂം കാര്‍, ല കാബ്സ്, യെഗ്‌നയുടെ റൈഡ് ഈസി, ഇ.വി.എമ്മിന്റെ വീല്‍സ് എന്നിങ്ങനെ എട്ട് കമ്പനികളാണ് കേരളത്തില്‍ നിയമപരമായി റെന്റല്‍ കാബ് സര്‍വീസ് നടത്തുന്നത്. പ്രതിമാസം രണ്ട് ലക്ഷം രൂപ മുതല്‍ 90 ലക്ഷം രൂപ വരെയാണ് ഈ കമ്പനികളുടെ വരുമാനം.

വണ്ടി അനുസരിച്ചാണ് റെന്റല്‍ കാബ് സര്‍വീസ് കമ്പനികള്‍ വാടക നിശ്ചയിക്കുന്നത്. ഇക്കോ സ്‌പോര്‍ട്ട്, ഐ20, ആസ്‌പെയര്‍ തുടങ്ങി വലിയ വണ്ടികള്‍ക്ക് വാടക കൂടുതലായിരിക്കും. 650-2,750 രൂപ വരെയാണ് വണ്ടി വാടക. റെന്റിനെടുക്കുന്ന ദിവസങ്ങള്‍ കൂടുന്നതിനനുസരിച്ച് വാടക കുറവായിരിക്കും. ഫാമിലി ട്രിപ്പുകള്‍ക്കും മറ്റുമായി എന്‍.ആര്‍.ഐ.കളാണ് ഇത്തരം വണ്ടികള്‍ കൂടുതലായി കൊണ്ടുപോകുന്നത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവിലും അവധി ദിനങ്ങളിലുമാണ് ധാരാളം ആവശ്യക്കാരെത്തുന്നത്. ഒല, യൂബര്‍ പോലുള്ള വന്‍കിട ടാക്‌സി കമ്പനികള്‍ റെന്റല്‍ സര്‍വീസിലേക്ക് വരുന്നതുവരെ വിപണിയില്‍ ഉയര്‍ന്ന ആവശ്യകത ഉണ്ടാകുമെന്ന് എ.വി.എസ്. ഡയറക്ടര്‍ സജു കുമാര്‍ പറഞ്ഞു.

എ.വിഎസും വനിതാ സംരംഭം സച്ചും

കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ അംഗീകൃത റെന്റല്‍ കാബ് സര്‍വീസ് ആണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.വി.എസ്. കാര്‍സ്. 2016-ല്‍ ആരംഭിച്ച കമ്പനിക്ക് 69 വണ്ടികളാണ് നിലവിലുള്ളത്. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം 17 ലക്ഷം രൂപയാണ് എ.വി.എസിന്റെ വരുമാനം. പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് എ.വി.എസും സച്ച് കാര്‍സും.

സച്ച് കാബ്സിന്റെ സാരഥ്യം വഹിക്കുന്നത് രണ്ട് സ്ത്രീകളാണ്, എ.വി.എസ്. ഡയറക്ടര്‍ സജു കുമാറിന്റെ ഭാര്യ എ.എസ്. വത്സ സജുകുമാറും ചാന്ദിനി ബോബിയും. ഒരുപക്ഷേ, ഇതാദ്യമായിട്ടായിരിക്കും ഇത്തരമൊരു ബിസിനസിലേക്ക് സ്ത്രീകള്‍ മുന്നിട്ടിറങ്ങുന്നത്. സച്ച് കാബ്സിന്റെ ഓഗസ്റ്റിലെ വരുമാനം 18 ലക്ഷം രൂപയാണ്. ഇതില്‍ എറണാകുളം കലൂരില്‍നിന്നു മാത്രം നേടിയത് 14 ലക്ഷം രൂപയാണെന്ന് വത്സ സജുകുമാര്‍ പറഞ്ഞു.

കലൂര്‍, കടവന്ത്ര, കളമശ്ശേരി, പത്തനാപുരം, കോട്ടയം, ചാലക്കുടി, അങ്കമാലി, വള്ളിക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ സച്ച് കാബ്സിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരിങ്ങാലക്കുട, കോഴിക്കോട്, പട്ടാമ്പി, പാലക്കാട് എന്നിവിടങ്ങളിലും സച്ച് കാബ്സ് ഔട്ട്ലെറ്റുകള്‍ തുറക്കും. ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി സച്ച് കാബ്സില്‍ നിക്ഷേപം നടത്താനും താത്പര്യം അറിയിച്ചിട്ടുണ്ട്. എ.വി.എസും നിക്ഷേപ സമാഹരണത്തിനുള്ള സാധ്യതകള്‍ തേടുകയാണ്.

ലക്ഷം ലക്ഷം വരുമാനം

ട്രാന്‍സ് കാര്‍സ് ആണ് കേരളത്തിലെ രണ്ടാമത്തെ സര്‍ക്കാര്‍ അംഗീകൃത റെന്റല്‍ കാബ് സര്‍വീസ്. എഴുപതോളം വണ്ടികളാണ് ട്രാന്‍സിനുള്ളത്. പിന്നീട് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനികളാണ് ഇന്‍ഡസ് ഗോയും സച്ച് കാബ്സും ലാ കാബ്സും യെഗ്‌നയും വീല്‍സുമെല്ലാം. ബെംഗളൂരു കേന്ദ്രമായുള്ള സൂം കാറും ഇതിനിടെ എത്തി.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേവും കേരള വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നുണ്ട്. ഇന്‍ഡസ് ഗോയ്ക്ക് 225 വണ്ടികളും തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലാ കാബ്സിന് 72 വണ്ടികളും തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യെഗ്‌നയ്ക്ക് 60 വണ്ടികളുമാണുള്ളത്. ഏഴു മാസം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച യെഗ്‌നയുടെ പ്രതിമാസ വരുമാനം രണ്ട് ലക്ഷം രൂപയാണ്.

ലാ കാബ്സ് 67 ലക്ഷം രൂപയുടെ വരുമാനമാണ് ഓരോ മാസവും നേടുന്നത്. ഇ.വി.എം. ഗ്രൂപ്പിന്റെ വീല്‍സിന് 55 വണ്ടികളുണ്ട്. ഈ വര്‍ഷം ഏപ്രിലിലാണ് വീല്‍സ് റെന്റല്‍ കാര്‍ സര്‍വീസ് ആരംഭിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 500 വണ്ടികള്‍ കൂട്ടിച്ചേര്‍ക്കാനാണ് വീല്‍സ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ കണ്ണൂരും പാലക്കാടും കാസര്‍കോടും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ഇ.വി.എം. വീല്‍സിന് സര്‍വീസുണ്ട്.

എല്ലാം നിയമപരം

കേരളത്തില്‍ മൊത്തം 1,80,000 റെന്റല്‍ കാറുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന റെന്റ് എ കാബുകളുടെ ബോര്‍ഡ് കറുപ്പില്‍ സ്വര്‍ണ നിറത്തിലുള്ള അക്ഷരങ്ങളായിരിക്കും. വണ്ടി എടുക്കുന്നവരുടെ വിവരങ്ങളെല്ലാം അംഗീകൃത കമ്പനി റെക്കോഡ് ചെയ്യും. കൂടാതെ വണ്ടികളിലെല്ലാം ജി.പി.എസും സെറ്റ് ചെയ്തിട്ടുണ്ടാകും. സുരക്ഷ ഉറപ്പാക്കുന്നതിന് വണ്ടി വാടകയ്ക്ക് എടുത്തവരുടെ വിവരങ്ങള്‍ ആര്‍.ടി.ഒ.യുമായും കമ്പനികള്‍ പങ്കുവെയ്ക്കും.

റെന്റല്‍ കാബ് സര്‍വീസ് കമ്പനി ആരംഭിക്കുന്നതിന് 1989-ലെ റെന്റ് എ കാബ് സ്‌കീം അനുസരിച്ച് പ്രാരംഭഘട്ടത്തില്‍ തന്നെ 50 വണ്ടികള്‍ വേണം. ഈ വണ്ടികളില്‍ 50 ശതമാനവും എ.സി. വണ്ടികളായിരിക്കണമെന്നും ഹെഡ് ഓഫീസ് അടക്കം കമ്പനിക്ക് അഞ്ച് നഗരങ്ങളില്‍ ഓഫീസുകള്‍ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. വണ്ടികള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഓഫീസുകളില്‍ ഉണ്ടായിരിക്കണം. കൂടാതെ കമ്പനി തുടങ്ങുന്ന വ്യക്തിക്ക് അല്ലെങ്കില്‍ ഗ്രൂപ്പിന് ട്രാവല്‍ ബിസിനസില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

  • റെന്റിന് വണ്ടിയെടുക്കാന്‍ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സ്
  • ഒറിജിനല്‍ ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐ.ഡി. കാര്‍ഡ്
  • പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ പാന്‍ കാര്‍ഡ് കോപ്പി
  • സെക്യൂരിറ്റി ഡെപ്പോസിറ്റ് (വണ്ടി തിരിച്ച് നല്‍കുമ്പോള്‍ ഈ തുക തിരികെ നല്‍കും)
ബൈക്കുകളും റെന്റിന്

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ബൈക്ക് റെന്റല്‍ കമ്പനിയായ ബൗന്‍സും കേരളത്തില്‍ സാന്നിധ്യമറിയിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനുപുറമെ സച്ച് കാബ്സും വീല്‍സും ബൈക്ക് റെന്റല്‍ സര്‍വീസ് ആരംഭിക്കും.

ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ബൈക്ക് റെന്റല്‍ സര്‍വീസ് ആരംഭിക്കാനാണ് സച്ച് കാബ്സ് നോക്കുന്നത്. പ്രധാനമായും യുവാക്കളെയാണ് ഈ വിഭാഗത്തില്‍ കമ്പനികള്‍ ലക്ഷ്യമിടുന്നത്. ബൈക്ക് റെന്റല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നേടാന്‍ അഞ്ച് വണ്ടികളും ഒരു ഓഫീസും മതി.

Content Highlights: Rent A Cab Service In Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

ഫാസ്റ്റാകാന്‍, ഫാസ്ടാഗ് എടുക്കാം; എവിടെ കിട്ടും, എങ്ങനെ എടുക്കാം

Dec 2, 2019


mathrubhumi

2 min

ഇന്ധനച്ചെലവ് വളരെ കുറവ്, രാജ്യത്ത് ഇ-സ്‌കൂട്ടറുകളുടെ കാലം വരുന്നു...

Oct 7, 2019