ടൈംലെസ് മെഷീന്‍; എട്ടാംതലമുറ പോര്‍ഷെ 911 കരേര എസ്


അരുണ്‍ ആര്‍ ചന്ദ്രന്‍

3 min read
Read later
Print
Share

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 916 എന്ന പോലെ കാര്‍ പ്രേമികള്‍ക്ക് ഒരു 'ഗോള്‍ഡ് സ്റ്റാന്റേഡാണ്‌ 911. ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'കിടുക്കാച്ചി' സ്പോര്‍ട് കാര്‍.

'911' - ജര്‍മനിയിലെ സ്റ്റുഡ്ഗാര്‍ട്ടില്‍ നിന്നാരംഭിച്ച ഒരു മോട്ടോര്‍ എഞ്ചിനീയറിംഗ് വിജയഗാഥയെ വിശേഷിപ്പിക്കാന്‍ ഈ മൂന്നക്കങ്ങള്‍ മതി. എന്താണ് പോര്‍ഷെ 911 എന്നു ചോദിച്ചാല്‍ ജര്‍മന്‍ നിര്‍മിതമായ ഒരു ടൂ ഡോര്‍ 2+2 ഹൈ പെര്‍ഫോര്‍മന്‍സ് റിയര്‍ എഞ്ചിന്‍ സ്പോര്‍ട്സ് കാര്‍ എന്ന്‌ ഒറ്റവാക്യത്തില്‍ വേണമെങ്കില്‍ പറയാം. ഒരു കാറിനെ മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനം അതില്‍ ലഭിക്കുന്ന അനുഭവമാണ്‌ അത്തരം അനുഭവങ്ങള്‍ നല്‍കുന്നതില്‍ പോര്‍ഷെ കാറുകള്‍ എന്നും ഒരുപടി മുന്നിലാണ്.

1963 മുതല്‍ തുടങ്ങിയതാണ് 911 ന്റെ ചരിത്രം. അതൊക്കെ ഇതു വായിക്കുന്നവരില്‍ പലര്‍ക്കും മനഃപാഠമായിരിക്കും എന്നതുകൊണ്ട് അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല. എങ്കിലും ഒരു കാര്യം സൂചിപ്പിക്കാനാഗ്രഹിക്കുന്നു, 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനം നല്‍കിയ കാറുകളെ കണ്ടു പിടിക്കാന്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ കാറുകളില്‍ ഇന്നും ഉല്പാദനം തുടരുന്ന ഒരേയൊരു കാറാണ് പോര്‍ഷെ 911 (മോഡല്‍ T, മിനി, സിട്രോയല്‍ DS, ബീറ്റില്‍ എന്നിവരായിരുന്നു ആദ്യ നാല് സ്ഥാനക്കാര്‍).

ടൈംലെസ് മെഷീന്‍ എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ പറ്റുന്ന ഒന്നാണ് പോര്‍ഷെ 911. സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 916 എന്ന പോലെ കാര്‍ പ്രേമികള്‍ക്ക് ഒരു 'ഗോള്‍ഡ് സ്റ്റാന്റേഡാണ്‌ 911. ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'കിടുക്കാച്ചി' സ്പോര്‍ട് കാര്‍. കാലതീതമായി 911 ന്റെ രൂപത്തിന് കാലികമായ മാറ്റങ്ങള്‍ വരുത്തുക മാത്രമാണ് 912 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഈ എട്ടാംതലമുറ 911 ല്‍ പോര്‍ഷെ നടത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മാറ്റം വന്നിട്ടുള്ളത് പിന്‍ഭാഗത്താണ്. പരന്നൊഴുകുന്ന റിയര്‍ സ്‌ക്രീന്‍ തീരുന്നിടത്തെ കറുത്ത ടെയില്‍ ഗേറ്റ് ഗ്രില്ലും ആക്റ്റീവ് റിയര്‍ സ്പോയിലറും 3D LED ടെയില്‍ ലൈറ്റുകളും സ്പോര്‍ട്സ് എക്സ്ഹോസ്റ്റും റിയര്‍ ഏപ്രണും ഒത്തുചേരുന്ന സൂക്ഷ്മമായ റിയര്‍ ഡിസൈനാണ് 911 കരേര എസില്‍ നല്‍കിയിട്ടുള്ളത്.

എന്നത്തേയും പോലെ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും മിശ്രണമാണ് 911 ന്റെ മുന്‍വശം. കരുത്തന്‍ പരിവേഷത്തിന് ഒട്ടു കുറവില്ല. പോര്‍ഷെയുടെ അഡ്വാന്‍സ്ഡ് കോക്പിറ്റ് കണ്‍ട്രോള്‍ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള അകത്തളം അടിമുടി ആഡംബരത്തിലാണ്. പുത്തന്‍ ഡിസൈനിലുള്ള ഗിയര്‍ ലിവറും ഇലക്ട്രോണിക് ഹാന്‍ഡ് ബ്രേക്കും, ഓപ്ഷണലായി ലഭ്യമാകുന്ന ഹൈ എന്‍ഡ് സൗണ്ട് സിസ്റ്റവും ഈ 911 ന്റെ പ്രത്യേകതയാണ്.

പുതിയ 12 V ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കി 'ഒരു ലോഡ്' ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ് പോര്‍ഷെ പുതിയ 911 -ല്‍ നല്‍കിയിട്ടുള്ളത്. റോഡിന്റെ അവസ്ഥ മനസ്സിലാക്കി സ്വയം കാലിബ്രേറ്റ് ചെയ്യുന്ന പോര്‍ഷെ സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, നനഞ്ഞ പ്രതലത്തില്‍ സ്ഥിരത ഉറപ്പാക്കുന്ന WET മോഡ്, എമര്‍ജന്‍സി ബ്രേക്കിങ്ങോടു കൂടിയ ബ്രേക്ക് അസിസ്റ്റ്, തെര്‍മല്‍ ഇമേജിങ്ങോടു കൂടിയ നൈറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയീസ് സിസ്റ്റം, ട്രാഫിക് ലൈറ്റ് റെക്കഗ്നിഷന്‍ സിസ്റ്റം എന്നിവ ഇതില്‍ ചിലതാണ്. ഇതോടൊപ്പം വിവിധ ആവശ്യങ്ങള്‍ക്ക് പോര്‍ഷെ റോഡ് ട്രിപ്പ്, പോര്‍ഷെ 360+, പോര്‍ഷെ ഇംപാക്റ്റ് എന്നിങ്ങനെ മൂന്ന് മൊബൈല്‍ ആപ്പുകളും പോര്‍ഷെ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു.

ലെതറില്‍ പൊതിഞ്ഞ സ്പോര്‍ട്സ് സീറ്റുകളാണ് വാഹനത്തിലുള്ളത്. ഹൈ സ്പീഡ് ഡ്രൈവിലും കോര്‍ണറിങ്ങിലും സുഖ സവാരി പ്രദാനം ചെയ്യുന്നവയാണ് മുന്‍ സീറ്റുകള്‍. ഓരോ വീലിലെയും സസ്പെന്‍ഷന്‍ റോഡിനനുസൃതമായി ക്രമീകരിക്കുന്ന പോര്‍ഷെ ആക്ടീവ് മാനേജ്മെന്റ് സിസ്റ്റമാണ് വളവുകളില്‍ വീശിയെടുക്കുന്നതില്‍ 911 ന്റെ രഹസ്യം. പോര്‍ഷെ സെറാമിക് കോംപോസിറ്റ് ബ്രേക്കാണ് ഇതിലുള്ളത്. മുന്നിലും പിന്നിലുമായി യഥാക്രമം 410 എംഎം, 390 എംഎം സെറാമിക് ഡിസ്‌ക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതാദ്യമായി വ്യത്യസ്ത വലിപ്പത്തിലുള്ള വീലിലാണ് പോര്‍ഷെ 911 റോഡിലെത്തുക. മുന്നില്‍ 20 ഇഞ്ചും പിന്നില്‍ 21 ഇഞ്ചുമാണ് വീലുകളുടെ വലുപ്പം. 5 ട്വിന്‍ സ്പോക്ക് അലോയ് വീലാണ് സ്റ്റാന്‍ഡേര്‍ഡായുള്ളത്. വീതിയേറിയ ടയറുകളും വലുപ്പ വ്യത്യാസവും സ്റ്റെബിലിറ്റിയിലും സുരക്ഷയിലും മുന്നില്‍ നില്‍ക്കാന്‍ 911-നെ സഹായിക്കുന്നു.

450 എച്ച്പി പവറും 530 എന്‍എം ടോര്‍ക്കുമേകുന്ന 3 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 8 സ്പീഡാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.7 സെക്കന്റ് സമയം മതി. (സ്‌പോര്‍ട്‌സ് ക്രോണോ പാക്കേജില്‍ 3.5 സെക്കന്‍ഡ്) 308 കിലോമീറ്ററാണ് പരമാവധി വേഗത. ഏപ്രിലോടെ ഇന്ത്യയില്‍ എത്തുന്ന ഈ മോഡലിന് ഏകദേശം 2 കോടി രൂപയ്ക്കടുത്ത് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights; New Porsche 911 Carrera S

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

മദ്യപിച്ച് വാഹനം ഓടിക്കരുത്, എന്നാല്‍ 'മദ്യപിച്ച് വാഹനം' ഓടിയാലോ?

Jul 20, 2017


mathrubhumi

ചില്ലറക്കാരനല്ല ഈ ഹൂണി ട്രക്ക്; ജിംഖാന സീരീസിലെ ദശാവതാരം

Nov 5, 2018


mathrubhumi

2 min

യുദ്ധഭൂമിയിലെ കരുത്തുറ്റ പോരാളികള്‍

Mar 9, 2017