മാരുതി നിരയിലെ ജനപ്രിയ മോഡലുകളിലൊന്നായ വാഗണ്‍ ആറിന്റെ മൂന്നാംതലമുറ മോഡല്‍ വിപണിയിലെത്തിയിരിക്കുകയാണ്. കാഴ്ചയിലും ഫീച്ചേഴ്‌സിലും മുന്‍ മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങളുണ്ട് 2019 വാഗണ്‍ ആറിന്. പഴയ മോഡലില്‍ നിന്ന് പുത്തന്‍ വാഗണ്‍ ആറിനുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം...
- വാഗണ്‍ ആറിന്റെ മുഖമുദ്രയായ ടോള്‍ബോയ് ഡിസൈന്‍ പുതിയ വാഗണ്‍ ആറും അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം രൂപത്തിലെ മാറ്റങ്ങള്‍ മുന്‍ഭാഗം മുതല്‍ പ്രകടം. പുതിയ ഗ്രില്‍, പരിഷ്‌കരിച്ച ബംമ്പര്‍, വലിയ ബോണറ്റ്, ഡ്യുവല്‍ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഇന്‍ഡികേറ്ററോടുകൂടിയ മിറര്‍, വശങ്ങളിലെ ബോള്‍ഡ് ക്യാരക്റ്റര്‍ ലൈന്‍സ്, വോള്‍വോ കാറുകളിലേതിന് സമാനമായ ടെയില്‍ലാമ്പ് എന്നിവ ഒറ്റനോട്ടത്തില്‍ തന്നെ പുതിയ വാഗണ്‍ ആറിനെ വേറിട്ടുനിര്‍ത്തും.
- മുന്‍ മോഡലിനെക്കാള്‍ വലുപ്പക്കാരനാണ് പുതിയ വാഗണ്‍ ആര്‍. അതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കും. 60 എംഎം നീളവും 145 എംഎം വീതിയും 25 എംഎം ഉയരവും ന്യൂജന്‍ വാഗണ്‍ ആറിന് കൂടുതലുണ്ട്. വീല്‍ബേസ് 35 എംഎം, ഗ്രൗണ്ട് ക്ലിയറന്‍സ് 5 എംഎം എന്നിങ്ങനെ വര്‍ധിച്ചു. യഥാക്രമം 3655 എംഎം, 1620 എംഎം, 1675 എംഎം, 2435 എംഎം എന്നിങ്ങനെയാണ് പുതിയ വാഗണ്‍ ആറിന്റെ നീളം, വീതി, ഉയരം, വീല്‍ബേസ്.
- 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമേ പഴയ വാഗണ്‍ ആര്‍ ലഭ്യമായിരുന്നുള്ളു. അതേസമയം ഈ എന്‍ജിനൊപ്പം പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും മൂന്നാംതലമുറ വാഗണ്‍ ആറിലുണ്ട്. 89 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലും ഓട്ടോമാറ്റിക്കുമാണ് (AGS) രണ്ടിലെയും ട്രാന്‍സ്മിഷന്‍. പഴയ മോഡലില്‍ ലഭ്യമായ സിഎന്‍ജി വകഭേദം നിലവില്‍ പുതിയ വാഗണ്‍ ആറില്‍ ഇല്ല. വൈകാതെ ഈ വകഭേദവും വന്നേക്കും.
- LXi, VXi, ZXi എന്നീ മൂന്ന് വേരിയന്റുകളാണ് പുതിയ വാഗണ്‍ ആറിനുള്ളത്. മൈലേജില്‍ വലിയ മാറ്റമില്ല. 1.0 ലിറ്ററില്‍ 22.5 കിലോമീറ്റര്‍ മൈലേജും പുതിയ 1.2 ലിറ്റര്‍ പതിപ്പില്‍ 21.5 കിലോമീറ്റര്‍ മൈലജും കമ്പനി വാഗ്ദാനം ചെയ്യുന്നു.
- പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലുള്ള നിര്‍മാണം വഴി ഭാരം ഏകദേശം 69 കിലോഗ്രാം കുറഞ്ഞു. പുതിയ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ സുരക്ഷയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
- ഫീച്ചേഴ്‌സിലേക്ക് വന്നാല്‍ പഴയ മോഡലിനെക്കാള്‍ അല്‍പം പ്രീമിയം നിലവാരത്തിലാണ് 2019 വാഗണ്‍ ആര്‍. ഉയര്‍ന്ന വകഭേദത്തില്‍ ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇടംപിടിച്ചു. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്.
- ഫ്‌ളോട്ടിങ് ഡാഷ്‌ബോര്‍ഡ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ചെറിയ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങല്‍.
- ധാരാളം സുരക്ഷാ സംവിധാനങ്ങള്‍ പുതിയ വാഗണ്‍ ആറില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ സുരക്ഷയ്ക്ക് സ്റ്റാന്റേര്‍ഡ് ഫീച്ചേഴ്‌സാണ്.
- രൂപമാറ്റത്തിനൊപ്പം കൂടുതല്‍ ഫീച്ചേഴ്‌സും ഉള്‍പ്പെടുത്തിയതിനാല്‍ വിലയില്‍ പഴയ മോഡലിനെക്കാള്‍ അല്‍പം വര്‍ധന 2019 വാഗണ്‍ ആറിനുണ്ട്. 4.19 ലക്ഷം രൂപ മുതല്‍ 5.69 ലക്ഷം വരെയാണ് പുതിയ വാഗണ്‍ ആറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
Content Highlights; New Maruti WagonR Vs Old WagonR difference