നിരത്തില്‍ വന്നതുമുതല്‍ ഇന്ത്യയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് 'മാരുതി' എന്ന പേര്. ഇപ്പോഴിതാ ഇന്ത്യയിലൊരാള്‍ക്കും അവകാശപ്പെടാനാകാത്ത പുതിയ ചരിത്രത്തിലേക്കും മാരുതി കാല്‍വെച്ചുകയറി. മുപ്പത്തഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമൂഹം നെഞ്ചോടു ചേര്‍ത്തുവെച്ച രണ്ടു കോടി കാറുകള്‍. അതൊരു ചരിത്രമാവുകയാണ്. കഴിഞ്ഞദിവസമായിരുന്നു രണ്ടു കോടിയെന്ന മാന്ത്രികസംഖ്യ മാരുതി തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തത്.
മാരുതിയുടെ ഗുഡ്ഗാവിലെ നിര്‍മാണശാലയില്‍ നിന്നായിരുന്നു രണ്ടു കോടി എണ്ണം തികച്ച് പുതിയ സ്വിഫ്റ്റ് പുറത്തിറങ്ങിയത്. സുസുക്കിയുടെ ജന്മനാടായ ജപ്പാന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, ജപ്പാനില്‍ കമ്പനി ഈ നേട്ടം കൈവരിക്കാന്‍ 45 വര്‍ഷവും ഒമ്പതുമാസവുമെടുത്തപ്പോള്‍ ഇന്ത്യ വെറും 34 വര്‍ഷംകൊണ്ടാണ് ചരിത്രം തിരുത്തിയത്. അത് ഈ കമ്പനിയോടുള്ള ഇന്ത്യക്കാരുടെ സ്‌നേഹം മാത്രം. ഇന്ത്യയിലെ മൂന്ന് പ്ലാന്റുകളും പൂര്‍ണമായി പ്രവര്‍ത്തിച്ചാണ് ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് വാഹനമെത്തിക്കുന്നത്. എന്നിട്ടും തികയാത്ത അവസ്ഥയാണ്. ബുക്ക് ചെയ്താല്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ തുടരുകയാണ്. വില്‍പ്പനയില്‍ ഇപ്പോഴും മുന്നിലുള്ളത് ആള്‍ട്ടോ തന്നെയാണ്. തൊട്ടുപിന്നില്‍ മാരുതി 800-ഉം ഉണ്ട്.
രാജ്യത്തെ വാഹനചരിതത്തില്‍ ഒഴിവാക്കാനാവാത്ത സ്ഥാനം വഹിക്കുന്ന മാരുതിയുടെ ചരിത്രത്തിലേക്കൊരു റിവേഴ്സ് ഗിയര്‍...
# തുടക്കം...
1981 ഫെബ്രുവരിയിലായിരുന്നു മാരുതി എന്ന കമ്പനി ജനിക്കുന്നത്. എന്നാല്‍ അതിലും എത്രയോ മുമ്പുതന്നെ രാജ്യത്തിന് സ്വന്തമായി ഒരു കാര്‍ നിര്‍മാണ കമ്പനി എന്ന ചിന്തകള്‍ പലതലകളില്‍ നിന്നും ഉദിച്ചിരുന്നു. എന്നാല്‍, അത് യാഥാര്‍ഥ്യമാകുന്നത് 1981-ല്‍ ആണെന്ന് മാത്രം. 'മാരുതി ഉദ്യോഗ് ലിമിറ്റഡ്' എന്ന പൊതുമേഖലാ സ്ഥാനമായിട്ടായിരുന്നു ആവിര്‍ഭാവം.
1982-ല്‍ ജപ്പാനിലെ കാര്‍നിര്‍മാണരംഗത്തെ ഭീമന്‍ സുസുക്കിയുമായി വാഹനനിര്‍മാണ കരാറില്‍ ഒപ്പുവെച്ചു. ആദ്യകാലത്ത് സുസുക്കി ഇന്ത്യയിലേക്ക് കാറുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ആദ്യ രണ്ടുവര്‍ഷം 40,000 കാറുകളാണ് സുസുക്കി ഇന്ത്യയില്‍ വിറ്റഴിച്ചത്. പിന്നീട് സ്‌പെയര്‍പാര്‍ട്സുകളുടെ നിര്‍മാണം ഇവിടെ തുടങ്ങി.
കാറുകള്‍ ആഡംബരമായിരുന്ന കാലമായിരുന്നു അത്. ധനവാന്‍മാര്‍ക്കു മാത്രം സ്വന്തമാക്കാന്‍ കഴിയുന്ന കാലം. ഉയര്‍ന്ന പെട്രോള്‍ വിലയും എക്‌സൈസ് ഡ്യൂട്ടിയുമൊക്കെ കാറുകളുടെ വില ഉയര്‍ത്തി. പതുക്കെ ഇതിലെല്ലാം കുറവുവന്നതോടെ കൂടുതല്‍ കാറുകളുടെ നിര്‍മാണരംഗത്തേക്ക് കമ്പനി കടന്നു. സുസുക്കിയുടെ എസ്.എസ്. 80 ആള്‍ട്ടോ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യകാര്‍ പുറത്തിറക്കിയത്. അതൊരു സംഭവമായിരുന്നു.
ഇന്ത്യയില്‍ നിര്‍മിച്ച ആദ്യകാറിന്റെ താക്കോല്‍ കൈമാറിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു. 796 സി.സി. ഹാച്ച്ബാക്കായിരുന്നു സുസുക്കി ആള്‍ട്ടോ. അതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് മാരുതി 800.
1983-ല്‍ ആയിരുന്നു ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ മാരുതി 800 പുറത്തിറങ്ങുന്നത്. അടുത്ത വര്‍ഷം ഇതേ എന്‍ജിനുമായി ഇന്ത്യയിലെ ആദ്യ മിനിവാന്‍ മാരുതി വാന്‍ പുറത്തിറങ്ങി. 800 സി.സി. ത്രീ സിലിന്‍ഡര്‍ വാഹനമായിരുന്നു ഇത്. ആ വര്‍ഷം ഗുഡ്ഗാവിലെ മാരുതി പ്ലാന്റിന്റെ നിര്‍മാണശേഷി 40,000 ആക്കി ഉയര്‍ത്തുകയുമുണ്ടായി. 1985-ല്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ ഓഫ് റോഡര്‍ ജിപ്‌സിയുടെ വരവ്. ഓഫ്റോഡര്‍ എന്ന ചിന്തകള്‍ ഇന്ത്യക്കാരന്റെ മനസ്സില്‍ വരാത്തകാലംകൂടിയായിരുന്നു അതെന്ന് ഓര്‍ക്കണം. അക്കാലത്താണ് 970 സി.സി. എന്‍ജിനും ഫോര്‍വീല്‍ ഡ്രൈവുമായി ജിപ്‌സിയുടെ വരവ്. സുസുക്കിയുടെ എസ്.ജെ. 410 അടിസ്ഥാനമാക്കിയായിരുന്നു അത് നിര്‍മിച്ചത്.
അടുത്തവര്‍ഷം മാരുതി 800-നെ പരിഷ്‌കരിച്ചു. അതാണ് ആള്‍ട്ടോ ആയി മാറിയത്. 1987-ല്‍ ഒരുലക്ഷം കാറുകള്‍ വിറ്റഴിച്ചുകൊണ്ട് ഇന്ത്യയിലെ ഒന്നാംനമ്പറിലേക്ക് മാരുതി കുതിച്ചു. ആ വര്‍ഷം തന്നെ ഇന്ത്യയില്‍നിന്ന് കയറ്റുമതിയും തുടങ്ങി. ആദ്യത്തെ അഞ്ഞൂറു കാറുകള്‍ ഹംഗറിയിലേക്കായിരുന്നു കപ്പല്‍ കയറിയത്. 1989-ല്‍ ഇന്ത്യയിലെ ആദ്യ സെഡാന്‍ മാരുതി 1000 പുറത്തിറക്കി. 1991 ആയതോടെ 65 ശതമാനത്തോളം സ്‌പെയര്‍പാര്‍ട്സുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചു തുടങ്ങി.
ഉദാരീകരണ നയങ്ങള്‍ ഇന്ത്യയില്‍ പ്രാവര്‍ത്തികമായതോടെ മാരുതിയുടെ മേല്‍ സുസുക്കി പിടിമുറുക്കി. പകുതി ഷെയറുകള്‍ സുസുക്കി സ്വന്തമാക്കി. 1993-ല്‍ സെന്‍, 1991-ല്‍ എസ്റ്റീം എന്നിങ്ങനെ പുതിയ മോഡലുകള്‍ ഇറക്കിക്കൊണ്ട് വിപണിയില്‍ കുതിച്ചു. രണ്ടാമത്തെ പ്ലാന്റ് സ്ഥാപിച്ചതിന് പിന്നാലെ മാരുതി 800-നെ വീണ്ടും 1998-ല്‍ നവീകരിച്ചു. 1986-ന് ശേഷം പൂര്‍ണമായുള്ള മാറ്റമായിരുന്നു തങ്ങളുടെ ഭാഗ്യവാഹനത്തില്‍ കമ്പനി നടത്തിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ മാരുതി ഓമ്നിയും ബലേനോ, വാഗണ്‍ ആര്‍ എന്നിവയും പുറത്തിറങ്ങി.
2001-ല്‍ മാരുതി ആള്‍ട്ടോയുടെ പുതുമോഡല്‍ പുറത്തിറക്കി. മാരുതി വേഴ്സ, എസ്റ്റീം ഡീസല്‍ എന്നിവ പിന്നാലെവന്നു. 2002-ല്‍ ആയിരുന്നു കമ്പനിയില്‍ സുസുക്കിയുടെ അപ്രമാദിത്വം വന്നത്. 54.2 ശതമാനം ഓഹരികള്‍ ജപ്പാന്‍ കമ്പനി സ്വന്തമാക്കി. രണ്ട് ദശാബ്ദക്കാലം ഇന്ത്യയിലെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ എന്ന ഖ്യാതി 2004 വരെ മാരുതി 800 തുടര്‍ന്നു. എന്നാല്‍, ആ വര്‍ഷം കുത്തക തകര്‍ത്തുകൊണ്ട് ആള്‍ട്ടോ ഒന്നാമതെത്തി. പിന്നെയും പുതിയ മോഡലുകള്‍ മാരുതി ഇറക്കിക്കൊണ്ടിരുന്നു. ഡിസയര്‍, എര്‍ട്ടിഗ, സെലേറിയോ, സിയാസ്, ബ്രെസ, ഇഗ്‌നിസ്, ബലേനോ ഇങ്ങനെ പോകുയാണ് മോഡലുകളുടെ എണ്ണം.
# നിര്‍മാണശാലകള്‍...
മൂന്ന് നിര്‍മാണശാലകളാണ് ഇപ്പോള്‍ മാരുതിസുസുക്കിക്കുള്ളത്. ഇവയില്‍നിന്ന് വര്‍ഷത്തില്‍ 17,00,000 വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട്. ഗുഡ്ഗാവിലെ പ്ലാന്റാണ് ഏറ്റവും വലുത്. മുന്നൂറ് ഏക്കര്‍ പരന്നുകിടക്കുന്ന പ്ലാന്റിലാണ് മാരുതിയുടെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. ഇവിടെനിന്ന് ഒരു വര്‍ഷം 2,40,000 കെ. സീരീസ് എന്‍ജിനുകള്‍ നിര്‍മിക്കുന്നുണ്ട്. ഇവിടെത്തന്നെയാണ് ആള്‍ട്ടോ 800, വാഗണ്‍ ആര്‍, എര്‍ട്ടിഗ, എസ് ക്രോസ്, വിറ്റാര ബ്രെസ, ഇക്കോ എന്നിവയെല്ലാം നിര്‍മിക്കുന്നത്. മനേസര്‍ പ്ലാന്റാണ് രണ്ടാമത്തേത്. 600 ഏക്കറുള്ള ഈ പ്ലാന്റ് 2007 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഇവിടെനിന്ന് എട്ടുലക്ഷം വാഹനങ്ങള്‍ ഒരു വര്‍ഷം പുറത്തിറക്കാന്‍ കഴിയും. ആള്‍ട്ടോ 800, ആള്‍ട്ടോ കെ. 10, സ്വിഫ്റ്റ്, സിയാസ്, ബലേനോ, ബലേനോ ആര്‍.എസ്., സെലേറിയോ എന്നിവ ഇവിടെനിന്ന് വരുന്നു. കഴിഞ്ഞവര്‍ഷമാണ് ഗുജറാത്തിലെ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായത്. രണ്ടര ലക്ഷം വണ്ടികള്‍ ഇവിടെനിന്ന് പുറത്തിക്കാന്‍ കഴിയും.
# വിപണിയിലുള്ള മോഡലുകള്‍...
ഓമ്നി- മിനി വാന്‍, ജിപ്‌സി കിങ്- എസ്.യു.വി., വാഗണ്‍ ആര്‍.- ഹാച്ച്ബാക്ക്, സ്വിഫ്റ്റ്- ഹാച്ച്ബാക്ക്, ഡിസയര്‍- കോംപാക്ട് സെഡാന്‍, ഇക്കോ- മിനി വാന്‍, കെ 10- ഹാച്ച്ബാക്ക്, എര്‍ട്ടിഗ- മിനി എം.പി.വി., ആള്‍ട്ടോ 800- ഹാച്ച്ബാക്ക്, സെലേറിയോ- ഹാച്ച്ബാക്ക്, സിയാസ് -സെഡാന്‍, ബലേനോ- ഹാച്ച്ബാക്ക്, എസ്. ക്രോസ് - മിനി എസ്.യു.വി., വിറ്റാര ബ്രെസ- മിനി എസ്.യു.വി., ഇഗ്നിസ്- ഹാച്ച്ബാക്ക്
# മണ്‍മറഞ്ഞവ...
800- ഹാച്ച്ബാക്ക്, ജിപ്‌സി ഇ - എസ്.യു.വി., മാരുതി 1000- സെഡാന്‍, സെന്‍- ഹാച്ച്ബാക്ക്, എസ്റ്റീം - സെഡാന്‍, ബലേനോ- സെഡാന്‍, ആള്‍ട്ടോ- ഹാച്ച്ബാക്ക്, ഗ്രാന്‍ഡ് വിറ്റാര എച്ച്.എല്‍. 7 മിനി എസ്.യു.വി., ഗ്രാന്‍ഡ് വിറ്റാര- മിനി എസ്.യു.വി., സെന്‍ എസ്റ്റിലോ- ഹാച്ച്ബാക്ക്, എ സ്റ്റാര്‍- ഹാച്ച്ബാക്ക്, എസ്. എക്‌സ് 4 സെഡാന്‍, സ്വിഫ്റ്റ് ഡിസയര്‍- സെഡാന്‍, റിറ്റ്സ്- ഹാച്ച്ബാക്ക്, കിസാഷി - സെഡാന്‍
# വില്‍പ്പനയിലെ നാഴികക്കല്ലുകള്‍...
ആരംഭം ഡിസംബര്‍ 1983
പത്ത് ലക്ഷം കാറുകള്‍ - മാര്‍ച്ച് 1994
50 ലക്ഷം കാറുകള്‍ - ഏപ്രില്‍ 2005
ഒരുകോടി കാറുകള്‍ - മാര്‍ച്ച് 2011
ഒന്നരക്കോടി കാറുകള്‍ - മേയ് 2015
രണ്ടുകോടി കാറുകള്‍ - ജൂണ്‍ 2018
# വില്‍പ്പനയിലെ ആദ്യ അഞ്ചു മോഡലുകള്‍...
ആള്‍ട്ടോ- 31.7 ലക്ഷം
മാരുതി 800- 29.1 ലക്ഷം
വാഗണ്‍ ആര്‍.- 21.3 ലക്ഷം
ഓമ്നി- 19.4 ലക്ഷം
സ്വിഫ്റ്റ്- 19.4 ലക്ഷം
Content Highlights; maruti suzuki india crosses 20 million cars production milestone