രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഒക്‌ടോബര്‍ മാസത്തെ വില്‍പനയിലും സര്‍വാധിപത്യത്തോടെ മുന്നേറി. കഴിഞ്ഞ മാസത്തെ വില്‍പനയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള കാറുകളില്‍ മാരുതി സുസുക്കിയുടെ ഏഴ് മോഡലുകളാണ് ഇടം പിടിച്ചത്. ഇതില്‍ ആറ് മോഡലുകളുടെ വില്‍പന 10000 യൂണിറ്റിലേറെയാണെന്നതും വിപണിയില്‍ മാരുതിയെ കൂടുതല്‍ ശക്തരാക്കി.
പാസഞ്ചര്‍ വാഹന സെഗ്മെന്റില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2,68,630 യൂണിറ്റായിരുന്ന വില്‍പ്പന 4.48 ശതമാനം വര്‍ധനയോടെ 2,80,677 യൂണിറ്റായി ഇത്തവണ വര്‍ധിച്ചു. മാര്‍ക്കറ്റ് ലീഡറായ മാരുതി ഈ സെഗ്മെന്റില്‍ മാത്രം 31 ശതമാനത്തിന്റെ ആധിക വളര്‍ച്ച സ്വന്തമാക്കി. ജനപ്രിയ മോഡലായ ആള്‍ട്ടോയും സ്വിഫ്റ്റ് ഡിസയറുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇത്തവണയും കുതിച്ചു കയറിയത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 17.52 ശതമാനത്തിന്റെ ഇടിവ് ആള്‍ട്ടോയുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തി. 22,861 യൂണിറ്റായിരുന്ന വില്‍പ്പന 18,854 യൂണിറ്റായാണ് കുറഞ്ഞത്. ചെറു കാര്‍ ശ്രേണിയില്‍ റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി ഗോ എന്നീ പുതുമോഡലുകളുടെ കടന്നുവരവാണ് ആള്‍ട്ടോയ്ക്ക് അല്‍പ്പം തിരിച്ചടി സൃഷ്ടിച്ചത്. വാഹന വിപണിയില്‍ റെനോ-നിസാന്‍ കൂട്ടുകെട്ട് രാജ്യത്ത് ശക്തിയാര്‍ജിക്കുന്നു എന്നതിന്റെ തെളിവാണിത്.
9,801 യൂണിറ്റുകള്‍ വിറ്റഴിച്ച ക്വിഡ് ഒക്ടോബര്‍ വില്‍പ്പനിയല്‍ എട്ടാം സ്ഥാനത്താണ്. ഡാറ്റ്ണ്‍ റെഡി ഗോയുടെ വില്‍പ്പന 3,279 യൂണിറ്റുമാണ്. മാരുതിയോട് ശക്തമായി എതിരിട്ട് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായുടെ ഗ്രാന്റ് i 10 ആണ് നാലാം സ്ഥാനത്ത്, 14,530 യൂണിറ്റ് ഗ്രാന്റ് i 10 മോഡലാണ് ഹ്യുണ്ടായി വിറ്റഴിച്ചത്. മാരുതി സുസുക്കി സ്വഫ്റ്റിനെ രണ്ട് സ്ഥാനം പിന്നോട്ട് തള്ളിയാണ് ഗ്രാന്റ് i 10 മുന്നേറിയത്.
14,611 യൂണിറ്റോടെ സ്വിഫ്റ്റ് അഞ്ചാം സ്ഥാനത്താണ്. അടുത്തിടെ നിരത്തിലെത്തിയ ബെലേനോ (10,051 യൂണിറ്റ്) ആറാമതും ഹ്യുണ്ടായുടെ എലൈറ്റ് i 20 (9600 യൂണിറ്റ്) ഒമ്പതാം സ്ഥാനവും സ്വന്തമാക്കി. ക്രേറ്റയെ പിന്തള്ളി മാരുതിയുടെ ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് സെലാരിയോ പത്താം സ്ഥാനത്തെത്തി. ചുരുങ്ങിയ കാലയളില്‍ മികച്ച വിജയം പിടിച്ച വിറ്റാര ബ്രെസയുടെ 10,051 യൂണിറ്റാണ് ഒക്ടോബറില്‍ നിരത്തിലെത്തിയത്.