ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ ഒക്ടോബര്‍ മാസം പൊതുവെ വാഹന വിപണിയുടെ ഉത്സവ സീസണാണ്. നവരാത്രി-ദീപാവലി സീസണ്‍ ലക്ഷ്യമിട്ട് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍ സഹിതമാണ് എല്ലാ വാഹന നിര്‍മാതാക്കളും ഈ മാസത്തെ വില്‍പ്പന പൊടിപൊടിച്ചത്. എന്നാല്‍ ഒക്ടോബര്‍ അവസാനിച്ച് നവംബറിലേക്കെത്തുമ്പോള്‍ വിപണിയില്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ചെറു കാറുകളൊന്നും അടുത്ത മാസം പുതുതായി ഇന്ത്യയിലേക്കെത്തില്ല. എത്തുന്നവയില്‍ ഭൂരിഭാഗവും ലക്ഷ്വറി താരങ്ങളാണ്. അവ ഏതെല്ലാമെന്നു നോക്കാം...
1. ടൊയോട്ട ഫോര്‍ച്യൂണര്‍
വിശ്വസ്ത മോഡല്‍ ഇന്നോവ ക്രിസ്റ്റയെ പുതുക്കി അവതരിപ്പിച്ചതിന് പിന്നാലെ ടൊയോട്ട മുഖം മിനുക്കി രാജ്യത്തെത്തിക്കുന്ന പുതിയ മോഡലാണ് ഫോര്‍ച്യൂണര്‍ 2016. 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കാരണമാണ് വാഹനം ഇന്ത്യയിലെത്താന്‍ വൈകിയത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും മുന്‍മോഡലില്‍ നിന്ന് പ്രകടമായ മാറ്റങ്ങളുമായാണ് ന്യൂജെന്‍ ഫോര്‍ച്യൂണറിന്റെ വരവ്. ടൊയോട്ടയുടെ ടി.എന്‍.ജി.എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്നതിനാല്‍ കൂടുതല്‍ യാത്രാസുഖം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഡീസല്‍ വേരിയന്റില്‍ രണ്ടു പതിപ്പുകളിലാണ് വാഹനം ലഭ്യമാകുക. 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 3400 ആര്‍പിഎമ്മില്‍ പരമാവധി 160 ബിഎച്ച്പി കരുത്തും, 1600-2000 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കും നല്‍കും. 2.8 ലിറ്റര്‍ എഞ്ചിന്‍ 3400 ആര്‍പിഎമ്മില്‍ പരമാവധി 177 ബിഎച്ച്പി കരുത്തും 1600-2400 ആര്‍പിഎമ്മില്‍ 450 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. ഫോര്‍ വീല്‍ ഡ്രൈവിനൊപ്പം സിക്സ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഫോര്‍ച്യൂണര്‍ ലഭ്യമാകും. 24 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വിപണി വില. ഫോര്‍ഡ് എന്‍ഡേവര്‍, ഷെവര്‍ലെ ട്രെയില്‍ബ്ലേസര്‍ എന്നീ മോഡലുകളണ് ഫോര്‍ച്യൂണറിന്റെ മുഖ്യ എതിരാളികള്‍. നവംബര്‍ ഏഴിന് വാഹനം ഇന്ത്യയിലെത്തും.
2. സ്‌കോഡ റാപ്പിഡ്
ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ സി സെഗ്മെന്റ് ശ്രോണിയിലെ റാപ്പിഡ് മോഡലിനെ അടുത്ത മാസം മുഖം മിനുക്കി അവതരിപ്പിക്കും. മുന്‍ മോഡലിന്‍ നിന്ന് വ്യത്യസ്തമായി വലിയ ഗ്രില്ലാണ് പ്രധാന പ്രത്യേകത. ഹെഡ് ലൈറ്റിലും കാര്യമായ മിനുക്ക് പണി നടത്തിയിട്ടുണ്ട്. നീളമേറിയ ബംമ്പര്‍ ഫോഗ് ലാംപ് എന്നിവ പുതുമ നല്‍കുന്നു.
2011-ല്‍ രാജ്യത്തെത്തിയ റാപ്പിഡില്‍ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ അധികം മാറ്റങ്ങള്‍ക്കൊന്നും കമ്പനി മുതിര്‍ന്നിട്ടില്ല. 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാറ്റമില്ല. ചെറു മാറ്റവുമായി 1.5 ലിറ്റര്‍ ടിഡിഐ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 110 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും നല്‍കും. നവംബര്‍ 3-ന് വാഹനം ഔദ്യോഗികമായി പുറത്തിറക്കും. 8-13 ലക്ഷം വരെയായിരിക്കും വിപണി വില.
3. വോള്‍വോ എസ് 90
സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ ലക്ഷ്വറി സെഡാന്‍ ശ്രേണിയില്‍ പുതിയ S 90 മോഡലുമായാണ് അടുത്ത മാസം ഇന്ത്യയിലേക്കെത്തുന്നത്. S 80 സെഡാനുകള്‍ക്ക് പകരക്കാരനായെത്തുന്ന പുതിയ മോഡലിനെ നവംബര്‍ നാലിന് ഔദ്യോഗികമായി വോള്‍വോ അവതരിപ്പിക്കും. XC 90 മോഡലിന് ശേഷം SPA പ്ലാറ്റ്ഫോമില്‍ വോള്‍വോ അവതരിപ്പിക്കുന്ന ആദ്യ വാഹനമാണ് S 90. മെഴ്സിഡസ് ബെന്‍സ് E ക്ലാസ്, ബിഎംഡബ്യൂ 5 സീരിസ്, ജാഗ്വര്‍ XF ഔഡി A 6 എന്നീ മോഡലുകളാകും നിരത്തില്‍ S 90 സെഡാന്റെ പ്രധാന എതിരാളികള്‍.
ആദ്യ ഘട്ടത്തില്‍ D 4 ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് വാഹനമെത്തുക. ഒറ്റ നോട്ടത്തില്‍ XC 90 മോഡലുമായി രൂപത്തില്‍ പല സാമ്യതകളും സെഡാനുണ്ട്. വലുപ്പമേറിയ 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍, മികച്ച നിലവാരം പുലര്‍ത്തുന്ന 19 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, നാവിഗേഷന്‍ സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഉള്‍വശത്തെ ആഡംബരവും വിളിച്ചോതുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ D 4 എഞ്ചിന്‍ 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും നല്‍കും.
4. ബെന്‍സ് സി ക്ലാസ്-എസ് ക്ലാസ് കാബ്രിയോ
ജര്‍മന്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസിന്റെയും എസ് ക്ലാസിന്റെയും കാബ്രിയോ വെര്‍ഷനാണ് അടുത്ത മാസം അവതരിപ്പിക്കുക. സി 300, എസ് 500 എന്നിവ നവംബര്‍ ഒമ്പതിന് പുറത്തിറക്കും. പുതു തലമുറ സി ക്ലാസ് സെഡാനെ അടിസ്ഥാനമാക്കിയുള്ളതാണ് തമ്മില്‍ ചെറിയ സി 300. പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോഴും 30 സെക്കന്‍ഡില്‍ ഇലക്ട്രിക്കലായി തുറക്കാനും അടയ്ക്കാനും കഴിയുന്ന സോഫ്റ്റ് ടോപ്പാണിതിലുള്ളത്.
2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 245 ബി.എച്ച്.പിയാണ് കരുത്ത്. കരുത്തും വിലയും കൂടിയ താരമാണ് എസ് 500. 4.7 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 8 എഞ്ചിനാണിതില്‍. ഇത് 442 ബി.എച്ച്.പി. കരുത്ത് നല്‍കുന്നു. ബെന്‍സില്‍ നിന്നിറങ്ങുന്ന ആദ്യ ഫോര്‍ സീറ്റര്‍ കണ്‍വെര്‍ട്ടിബിള്‍ വാഹനം കൂടിയാണിത്. ഇരു കാറുകളും പൂര്‍ണമായും നിര്‍മിച്ച രീതിയിലായിരിക്കും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുക.
5. നിസാന്‍ ജിടി-ആര്‍
ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്റെ കരുത്തരില്‍ കരുത്തന്‍ ജിടിആര്‍ 2017 സ്‌പോര്‍ട്‌സ് പതിപ്പ് നവംബര്‍ ഒമ്പതിന് ഇന്ത്യയിലെത്തും. ഈ വര്‍ഷം ന്യൂയോര്‍ക്കില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ആറാം തലമുറ ജിടി-ആര്‍ ആദ്യമായി അവതരിപ്പിച്ചത്. 2007-ല്‍ ആഗോള വിപണിയില്‍ ആരങ്ങേറ്റം കുറിച്ച ജിടിആര്‍ മൂന്നാം തവണയാണ് മുഖം മിനുക്കി നിരത്തിലെത്തുന്നത്. എന്നാല്‍ ഇത്തവണ സമഗ്രമായ മാറ്റങ്ങളോടെയാണ് സ്‌പോര്‍ട്ടി മോഡലിനെ അവതരിപ്പിക്കുന്നത്.
നിസാന്‍ മോട്ടോഴ്‌സ് യൂറോപ്പില്‍ അവതരിപ്പിച്ച പ്രീമിയം എഡിഷന്‍ മോഡലാകും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക. ഏകദേശം ഒന്നര കോടി രൂപയായിരിക്കും ജിടിആറിന്റെ പ്രാരംഭ വിപണി വില. വെറും മൂന്നും സെക്കന്‍ഡില്‍ ജിടിആര്‍ പൂജ്യത്തില്‍നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. 3.8 ലിറ്റര്‍ വി സിക്‌സ് 24 വാല്‍വ് ഇരട്ട ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6800 ആര്‍പിഎമ്മില്‍ 570 പിഎസ് കരുത്തും 637 എന്‍എം ടോര്‍ക്കുമാണ് എഞ്ചിന്‍ നല്‍കുക.