ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി വന്‍ നിക്ഷേപം നടത്താനൊരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഒറ്റത്തവണ ചാര്‍ജു ചെയ്താല്‍തന്നെ ദീര്‍ഘദൂരം ഓടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനും, കരുത്തേറിയ ബാറ്ററികള്‍ വികസിപ്പിക്കുന്നതിനും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും അടക്കമുള്ളവയ്ക്ക് വേണ്ടിയാവും വന്‍ നിക്ഷേപം നടത്തുക. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം പ്രതിമാസം 400 യൂണിറ്റുകളില്‍നിന്ന് 5,000 യൂണിറ്റുകളായി ഉയര്‍ത്തും.
ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 400 കിലോമീറ്റര്‍ ദൂരംവരെ സഞ്ചരിക്കാന്‍ വാഹനങ്ങള്‍ക്ക് കരുത്ത് നല്കുന്ന ബാറ്ററി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ പവന് ഗോയങ്ക പറഞ്ഞു. ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നതിന് പിന്നാലെയാണ് മഹീന്ദ്രയും ഭാവി പരിപാടികള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇലക്ട്രിക് വാഹന രംഗത്ത് എത്ര തുകയാണ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതെന്ന് മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല.
എട്ടുവര്‍ഷത്തിനകം പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്ന് അടുത്തിടെ പുറത്തുവന്ന ഗവേഷണഫലങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസര്‍ക്കാരും വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള നീക്കങ്ങളുടെ പണിപ്പുരയിലാണ്. പുതിയ ഡീസല്‍ എന്‍ജിനുകള്‍ ഇനി നിര്‍മ്മിക്കില്ലെന്നും വൈദ്യുതവാഹന രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണെന്നും പ്രമുഖ വാഹന നിര്‍മ്മാതാക്കളായ വോള്‍വോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക വാഹന മേഖലയില്‍ ലോകത്തെ പ്രമുഖ നിര്‍മ്മാതാക്കളുമായി മത്സരിക്കാനാണ് മഹീന്ദ്ര ഒരുങ്ങുന്നത്.
Read More;കുഞ്ഞന്‍ ഇലക്ട്രിക് e2o പ്ലസ്, ഇ സുപ്രോ, ഇ-വേരിറ്റോ
ബെംഗളൂരുവിലെ റേവ ഇലക്ട്രിക് കാര്‍ കമ്പനിയെ 2010-ല്‍ ഏറ്റെടുത്തതോടെയാണ് മഹീന്ദ്ര ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയില്‍ സാന്നിധ്യം ശക്തമാക്കിയത്. നിലവില്‍ രാജ്യത്തെ നിരത്തുകളില്‍ മഹീന്ദ്രയുടെ 2700-ലേറെ ഇലക്ട്രിക് വാഹനങ്ങള്‍ ഓടുന്നുണ്ട്. ഇ.ടു.ഒ ഹാച്ച്ബാക്ക്, ഇ വേരിറ്റോ സെഡാന്, ഇ സുപ്രോ മിനിവാന്‍ എന്നിവയെല്ലാം മഹീന്ദ്ര വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വിമാനങ്ങള്‍വരെ നിര്‍മ്മിക്കുന്ന കമ്പനിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ലോകത്തെ ഏറ്റവും വലിയ ട്രാക്ടര്‍ കമ്പനിയും അവരുടേതാണ്.
Read More; ഇലക്ട്രിക് കാറും സൂപ്പര്‍ ഹിറ്റാകുന്നു