പുത്തന്‍ കണ്ടുപിടുത്തങ്ങളുമായി ലാന്‍ഡ് റോവറിന്റെ കൊമ്പന്‍ ഡിസ്‌കവറി


സി.സജിത്ത്‌

4 min read
Read later
Print
Share

ഇനി പൂര്‍ണമായും ഒരു സിനിമാ തിയേറ്ററിന്റെ ഫീല്‍ വരണമെങ്കില്‍ ഒരു സബ് വൂഫര്‍ അടക്കം 17 സ്പീക്കറുകളാണ് നിറഞ്ഞുകിടക്കുന്നത്. അതും ശബ്ദലോകത്ത് പ്രശസ്തമായ മെറിഡിയന്റെ ഡിജിറ്റല്‍ സറൗണ്ട് സിസ്റ്റം.

ലകയറി, കാടു കടന്നു, ഇനി കടലും തൊട്ടു... കടല്‍ത്തിരകളെ വകഞ്ഞുമാറ്റി മണല്‍ത്തിട്ടയിലൂടെ കുതിച്ചുപായുമ്പോഴും കൊമ്പന് കൂസലില്ല. കോഴിക്കോട്ടെ കടപ്പുറത്തായിരുന്നു അഭ്യാസം. അലസമായി പരന്നുകിടക്കുന്ന മണല്‍പ്പുറം താണ്ടി കടലിനോട് തൊട്ടുകിടക്കുന്ന ഉറച്ച മണല്‍ത്തിട്ടകളിലും അരയോളം വെള്ളത്തിലും 'ലാന്‍ഡ്റോവര്‍ ഡിസ്‌കവറി' തന്റെ കഴിവു തെളിയിച്ചു. ഭീമന്‍ ടയറുകള്‍ക്ക് മുകളിലൂടെ ആഞ്ഞടിക്കുന്ന കടലിനേയും കൂസാതെ വമ്പന്‍ മുന്നോട്ടുകുതിച്ചു.

പുതിയ 'ഡിസ്‌കവറി സ്‌പോര്‍ട്ടി'നെ അടുത്തറിഞ്ഞതായിരുന്നു ആ ദിവസങ്ങള്‍.

വിഷുത്തിരക്കില്‍ നഗരം പതച്ചുകിടക്കുമ്പോഴായിരുന്നു നഗരപ്രദക്ഷിണം. മെസിയെ വെല്ലുന്ന കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാര്‍ ഒരുഭാഗത്ത്... ചൂടിനെ വെല്ലുന്ന ഷോപ്പിങ്ങിനിറങ്ങിയവര്‍ മറുഭാഗത്ത്. നഗരം ശരിക്കും തിരക്കില്‍ അമര്‍ന്നിരുന്നു... റോഡുകള്‍ നിറഞ്ഞു കവിഞ്ഞു. ബമ്പര്‍ ടു ബമ്പര്‍ ഡ്രൈവിങ്. വലിയ ഭീമാകാരന്‍ ഒരിക്കലും ഒരു ബുദ്ധിമുട്ടാവുന്നില്ല. മുട്ടി മുട്ടി വാഹനങ്ങള്‍ നിരന്നൊഴുകുമ്പോള്‍ ക്ലച്ചെന്ന ബുദ്ധിമുട്ട് ഒഴിഞ്ഞതുതന്നെ ഏറെ സമാധാനം. കാല്‍ ഒന്നു കൊടുത്തപ്പോള്‍ കണ്ടറിഞ്ഞ് മുന്നോട്ടു നീങ്ങി അവന്‍. ഡ്രൈവിങ് സീറ്റിലിരുന്നാല്‍ ആനപ്പുറത്ത് കയറിയതുപോലെ തോന്നുമെങ്കിലും ഓടിത്തുടങ്ങിയാല്‍ വെറും പാവം.

വിരലുകള്‍ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കാം. അത്രയും റെസ്പോണ്‍സുണ്ട് സ്റ്റിയിങ് വീലിന്. നാലുഭാഗത്തും സെന്‍സറുകളാണ്. അടുത്ത് ആള്‍ വന്നാല്‍ കരച്ചില്‍ തുടങ്ങും. റോഡില്‍ മുഴുവന്‍ അലാറം അടിച്ചുകൊണ്ടേയിരുന്നു. കിട്ടിയ സ്ഥലത്ത് കുത്തിത്തിരുകുന്ന ബൈക്കുകളും ഓട്ടോകളും വണ്ടിയിലെ പാവം 'വാണിങ് അലാറ'ത്തിന് സൈ്വരം നല്‍കിയിട്ടില്ല. മുന്നിലെ എട്ടിഞ്ചിന്റെ സ്‌ക്രീനില്‍ ചുവന്ന ചിത്രം കാണിക്കാനെ നേരമുണ്ടായുള്ളു. അപകടകരമായ അവസ്ഥയില്‍ അടുത്ത് വാഹനങ്ങളോ മറ്റോ വന്നാല്‍ അപ്പോള്‍ വാണിങ് അലാം പ്രവര്‍ത്തിച്ചുതുടങ്ങും.

സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് ലാന്‍ഡ്‌റോവര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഈ വാഹനത്തിലിരുന്നാല്‍ത്തന്നെ മനസ്സിലാകും. കാരണം, മുന്നിലും പിന്നിലുമായി ഏഴ് 'എയര്‍ബാഗു'കളാണുള്ളത്. വശങ്ങളിലും കാല്‍മുട്ടിനും വരെയുണ്ട്. കയറ്റത്തിലുള്ള ട്രാഫിക് ബ്ലോക്കുകളില്‍ ഏറ്റവും ആശ്വാസമാകുന്നതാണ് 'ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്'. ബ്രേക്കില്‍ നിന്ന് കാലെടുത്താലും പിന്നോട്ടിറങ്ങാതെ അല്‍പ്പസമയം അതുപോലെതന്നെ വണ്ടിയെ നിര്‍ത്തുന്നതാണിത്. അതുപോലെ, 'റോള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍' ഇറക്കത്തിലാണ് ഉപയോഗപ്പെടുക. 'ഓള്‍ ടെറൈന്‍ റെസ്പോണ്‍സ് സിസ്റ്റം' ആണ് ലാന്‍ഡ്റോവറിന്റെ സവിശേഷതകളില്‍ മറ്റൊന്ന്.

ടയര്‍ പൂണ്ടുപോകുന്ന മണല്‍പ്പുറങ്ങള്‍ മറികടന്നാണ് കോഴിക്കോട്ട് ഇതിനെ പരീക്ഷിച്ചത്. പതിനെട്ട് ഇഞ്ചിന്റെ ഭീമന്‍ ചക്രങ്ങള്‍ക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല. മണലില്‍ താഴ്ത്തിയ ശേഷവും ചക്രങ്ങള്‍ ഉയര്‍ത്താന്‍ ആക്‌സിലേറ്ററില്‍ കാല്‍ കൊടുക്കുകയേ വേണ്ടിവന്നുള്ളു... സമ്മതിക്കണം... ഹനുമാനാണ്. നമുക്ക് ലഭിച്ചത് ബോണറ്റിനുള്ളില്‍ പെട്രോള്‍ എന്‍ജിനായിരുന്നു. ആറായിരം ആര്‍.പി. എം. വരെ നല്‍കുന്നുണ്ട് ഈ ടൂ ലിറ്റര്‍ എന്‍ജിന്‍. കരുത്തെടുക്കാന്‍ ഒട്ടും സമയം വേണ്ടിവരുന്നില്ല. സിഗ്‌നലുകളില്‍ നിര്‍ത്തിയ ശേഷം മുന്നോട്ടെടുക്കുമ്പോള്‍ ചക്രങ്ങളിലേക്ക് കരുത്തേറ്റുന്നത് ശരിക്കും അറിയാന്‍ കഴിയും. അതുപോലെ, ഓവര്‍ടേക്കിങ്ങുകളിലും ഒരിക്കലും പിന്നോട്ടു പോകേണ്ടിവരുന്നില്ല.

4600 മില്ലി മീറ്റര്‍ നീളമുള്ള ഈ ഭീമാകാരന്റെ ഉള്ളില്‍ കയറിയാല്‍ ആദ്യം ആകര്‍ഷിക്കുക പൂര്‍ണമായും നീക്കാവുന്ന സണ്‍റൂഫ് ആണ്. തുറക്കാന്‍ കഴിയില്ലെങ്കിലും മൂന്ന് വരിയിലിരിക്കുന്നവര്‍ക്കും ആകാശം കാണാവുന്ന രീതിയിലാണിത്. സൗന്ദര്യത്തിന്റേയും ഗാംഭീര്യത്തിന്റേയും കാര്യത്തില്‍ ലാന്‍ഡ്റോവറുകള്‍ക്ക് വ്യക്തിത്വമുണ്ട്. അത് പുതിയ ഡിസ്‌കവറിയിലും തുടരുന്നുണ്ട്.

'അറ്റ്ലസ്' എന്നു വിളിക്കുന്ന ഗ്രില്ലിന് ചുറ്റും പടരുന്ന കറുപ്പുരാശി. ക്‌സെനോണ്‍ ഹെഡ്ലൈറ്റുകള്‍ക്ക് മുകളില്‍ കണ്ണുചിമ്മിക്കളിക്കുന്ന എല്‍.ഇ.ഡി. ടെയ്ല്‍ ലാമ്പുകളും ഇതുപോലെ ഫ്‌ലോട്ടിങ് എല്‍.ഇ.ഡി.യാണ്. മുന്നിലെ വമ്പന്‍ സ്‌കഡ്‌പ്ലേറ്റും ഇതില്‍ തുടരുന്നു. വണ്ടിയുടെ ഗാംഭീര്യത്തിന്റെ പ്രധാന ഘടകം വലിയ ടയറുകള്‍ തന്നെയാണ്.

അകത്തളം

ചന്ദനനിറം വാരപ്പൂശിയിരിക്കുകയാണ് ഉള്‍വശം. അതിന് മേമ്പൊടിയായി അല്‍പ്പം വുഡ് ഫിനിഷും കറുപ്പുമുണ്ട്. പത്ത് തരത്തില്‍ മുന്‍സീറ്റുകള്‍ ക്രമീകരിക്കാം. സ്ഥലമില്ലെന്ന പരാതി ആരും പറയില്ല. നീക്കാവുന്ന ആം റെസ്റ്റില്‍ നിന്നാണ് സെന്‍ട്രല്‍ കണ്‍സോള്‍ തുടങ്ങുന്നത്. അവിടെ പ്രധാനമായും സ്റ്റോറേജ് സ്‌പേസാണ്. രണ്ടാംനിര സീറ്റുകള്‍ 60ഃ40 അനുപാതത്തില്‍ മടക്കിവെയ്ക്കാം. മൂന്നാം നിര സീറ്റുകള്‍ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയതാണ്.

പ്രധാനമായും ബൂട്ട്സ്‌പേസായി ഉപയോഗിക്കാവുന്നതാണിത്. എന്നാല്‍, ഇവിടേക്കും പ്രത്യേകം എ.സി. വെന്റുകള്‍ നല്‍കിയിട്ടുണ്ട്. പിന്നിലെ രണ്ട് നിരകളിലും ഡോര്‍ പാനലിലാണ് എ.സി. വെന്റുകള്‍. പിന്നിലെ സീറ്റുകള്‍ക്കിടയിലും ആം റെസ്റ്റും കപ്പ്ഹോള്‍ഡറുമുണ്ട്. മൂന്നാള്‍ ഉണ്ടെങ്കില്‍ അത് മടക്കിവെച്ച് സീറ്റാക്കുകയും ചെയ്യാം. രണ്ടാം നിരയിലും എ.സി. ക്രമീകരിക്കാനുള്ള സൗകര്യമുണ്ട്.

ടൂസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കാബിനിലെ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായുള്ള സെന്‍സര്‍. പ്രധാനമായും പുകവലിക്കാരെ ഉദ്ദേശിച്ചാണിത്. അവര്‍ക്കായി പ്രത്യേക സ്‌മോക്കേഴ്സ് പാക്കും നല്‍കിയിട്ടുണ്ട്... 'നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പുകവലി ആരോഗ്യത്തിന് ഹാനികരം...'

മനസ്സിലുള്ള മൂഡിനനുസരിച്ച് നിറങ്ങളാല്‍ വണ്ടിക്കകം അലങ്കരിക്കാം. അഞ്ചു നിറങ്ങളാണ്... ഇതില്‍ വേണ്ട നിറം തിരഞ്ഞെടുത്താല്‍ സിനിമാ തീയേറ്ററിലേതുപോലെ വണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലൈറ്റുകള്‍ പ്രകാശിച്ചു തുടങ്ങും. നിറത്തിലലിഞ്ഞുള്ള ഡ്രൈവിങ്... ഹാ എന്തുരസം..

ഇനി പൂര്‍ണമായും ഒരു സിനിമാ തിയേറ്ററിന്റെ ഫീല്‍ വരണമെങ്കില്‍ ഒരു സബ് വൂഫര്‍ അടക്കം 17 സ്പീക്കറുകളാണ് നിറഞ്ഞുകിടക്കുന്നത്. അതും ശബ്ദലോകത്ത് പ്രശസ്തമായ മെറിഡിയന്റെ ഡിജിറ്റല്‍ സറൗണ്ട് സിസ്റ്റം. പത്തിഞ്ചിന്റെ കളര്‍ ടച്ച് സ്‌ക്രീനാണ് ഡിസ്‌കവറിയുടെ തലച്ചോര്‍. സ്റ്റിയറിങ് വീലിലുള്ള മോഡുകള്‍ മുഴുവന്‍ ഈ ടച്ച് സ്‌ക്രീനില്‍ നല്‍കിയിട്ടുണ്ട്. നാവിഗേഷനും ആപ്പുകളുമെല്ലാം ഇതിലുണ്ട്. വാഹനത്തിന്റെ പ്രവര്‍ത്തനം മുഴുവന്‍ മുന്നിലെ ഡിജിറ്റല്‍ സ്‌ക്രീനിലും കാണാം.

ഒരു ലോകമാണ് ഡിസ്‌കവറി... അതിനാല്‍ കണ്ടെത്തലുകള്‍ അവസാനിക്കുന്നില്ല.

Specifications

 • Displacement 1997 CC
 • Power 237 bhp@5000-6000 rpm
 • Torque 340 Nm@1500-4500 rpm
 • Transmission Automatic
 • Drive Train AWD
 • Number of Gears 9
 • Number of Cylinders 4
 • Fuel Tank Capacity 70.0
Engine Type

 • 2.0L TD4 Diesel Engine
 • Displacement 1999 CC
 • Power 148 bhp@4000 rpm
 • Torque 382 Nm@1750-2250 rpm
 • Mileage 14.12 Kmpl
 • Transmission Automatic
 • Number of Gears 9
 • Fuel Tank Capacity 65.0
Price( Ex Showroom)

 • 2.0L petrol HSE 5+2 seats 55.85 lakhs
 • 2.0L petrol SE 5+2 seats 51.37 lakhs
 • 2.0L Diesel pure 5 seats 44.68 lakhs
 • 2.0L Diesel SE 5+2 seats 52.47 lakhs
 • 2.0L Diesel HSE 5+2 seats 56.57 lakhs
 • 2.0L Diesel HSE Luxury 5+2 seats 61.95lakhs

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram