പികാന്തോ, റിയോ, സ്റ്റിങ്ങര്‍... ഇവരാണ് കിയ ഇന്ത്യയിലെത്തിക്കുന്ന ചുണക്കുട്ടന്‍മാര്‍


സി. സജിത്ത്

ഇന്ത്യയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹ്യുണ്ടായിക്ക് അവരുടെ നാട്ടില്‍ നിന്നുതന്നെയുള്ള എതിരാളിയാണ് 'കിയ'. ഹ്യുണ്ടായ് ഇപ്പോള്‍ മേധാവിത്വം പുലര്‍ത്തുന്ന എല്ലാ സെഗ്മെന്റിലും കിയയും വരുന്നുണ്ട്.

കിഴക്കുനിന്ന് ഉദിച്ചുയര്‍ന്ന് ഇന്ത്യയിലേക്ക് വെളിച്ചംപകരാനെത്തുന്ന പുതിയ താരം... കൊറിയയില്‍നിന്ന് ഈവര്‍ഷം ഇന്ത്യയില്‍ സ്ഥാനമുറപ്പിക്കാനെത്തുന്ന 'കിയ'യെ അങ്ങനെ വിളിക്കാം. 'കിയ' എന്നാല്‍ 'കിഴക്കില്‍നിന്ന് ഉദിക്കുന്നവന്‍' എന്നര്‍ഥം. ഇന്ത്യയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹ്യുണ്ടായിക്ക് അവരുടെ നാട്ടില്‍ നിന്നുതന്നെയുള്ള എതിരാളിയാണ് 'കിയ'. ഹ്യുണ്ടായ് ഇപ്പോള്‍ മേധാവിത്വം പുലര്‍ത്തുന്ന എല്ലാ സെഗ്മെന്റിലും കിയയും വരുന്നുണ്ട്. എങ്കിലും ഇരുവരും തമ്മില്‍ കൊടുക്കല്‍വാങ്ങലുമുണ്ട്. കിയയുടെ ഇരുപത് ശതമാനം ഓഹരികള്‍ ഇപ്പോള്‍ ഹ്യുണ്ടായിയുടെ ൈകയിലാണ്. എങ്കിലും നാട്ടില്‍ത്തന്നെ ഇരുവരും നേര്‍ക്കുനേര്‍ പോരാട്ടം തന്നെയാണ് നടത്തുന്നത്.

അടുത്തമാസം നടക്കുന്ന ഓട്ടോ എക്‌സ്പോയില്‍ കിയ എത്തുന്നുണ്ട്. ആദ്യമായാണ് തങ്ങളുടെ സാന്നിധ്യവുമായി ഈ കൊറിയന്‍ കമ്പനി എത്തുന്നത്. ഈ വര്‍ഷംതന്നെ വിപണിയിലെത്തിക്കാന്‍ സാധ്യതയുള്ള വാഹനങ്ങളെ അവര്‍ ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കുകയെന്നറിയുന്നു. പുതിയ എസ്.യു.വി കണ്‍സെപ്റ്റും അവതരിപ്പിക്കുന്നുണ്ട്‌. ആന്ധ്രയിലെ നിര്‍മാണ യൂണിറ്റ് ഈവര്‍ഷം സജ്ജമാകുന്നതോടെ അവിടെനിന്നുള്ള ഉത്പാദനം ആരംഭിക്കും. 'മെയ്ക്ക് ഇന്‍ ഇന്ത്യ'യായി വരുന്നത് എസ്.യു.വി.യായിരിക്കുമെന്നാണ് കരുതുന്നത്. അതിന്റെ കണ്‍സെപ്റ്റായിരിക്കും ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുക. അടുത്ത വര്‍ഷം പുറത്തിറക്കുന്ന രീതിയിലായിരിക്കുമിത്. 'ഹ്യുണ്ടായ് ക്രേറ്റ'യ്ക്കുള്ള എതിരാളിയായിരിക്കും ഇത്. ഫൈവ് സീറ്റര്‍ എസ്.യു.വി.യായിരിക്കും. ഇതിനു പുറമെ, കിയ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ള കാറുകളെ പരിചയപ്പെടാം.

# പികാന്തോ

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ ടെന്നിന്റെ ഇരട്ട സഹോദരന്‍ എന്ന് ഒറ്റനോട്ടത്തില്‍ തോന്നും. ഒരുകാര്യത്തില്‍ ഇരുവരും ഒരേ ജനുസാണ്. ഇരുവരും നിര്‍മിച്ചിരിക്കുന്ന പ്ലാറ്റ്ഫോം ഒന്നുതന്നെ. മുന്നിലെ ഗ്രില്ലും ഹെഡ്ലാമ്പ് ക്ലസ്റ്ററുമൊഴിച്ച് ബാക്കിയൊക്കെ ഗ്രാന്‍ഡ് ഐ ടെന്നില്‍നിന്ന് കടമെടുത്തതാണെന്നു കാണാം. അന്താരാഷ്ട്ര വിപണിയില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തേകുന്നത്.

# സൊറെന്റോ

കഴിഞ്ഞ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എത്തിയതാണ് 'സൊറെന്റോ'യുടെ പുതുരൂപം. ഇതായിരിക്കും ഇവിടെ എത്തുന്നത്. കാരണം, കിയ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാഹനം ഇതുതന്നെയായിരിക്കും. കാരണം, ഇന്ത്യന്‍ റോഡുകളില്‍ ഇതിനെ കണ്ടവരുണ്ട്. ആന്ധ്രപ്രദേശിലെ നിര്‍മാണ യൂണിറ്റിന് സമീപമാണ് സൊറെന്റോവിനെ കണ്ടത്. ഇന്ത്യയില്‍ ഹ്യുണ്ടായ് സാന്റാ ഫേ, സ്‌കോഡ കൊഡിയാക് എന്നിവയ്ക്കായിരിക്കും പ്രധാന എതിരാളി. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളില്‍ 2.2 ലിറ്ററും ഡീസലില്‍ 2.0 ലിറ്ററും തരുന്ന എന്‍ജിനുമാണ് വിപണിയിലുള്ളത്. സിക്‌സ് സ്പീഡ് മാന്വലും ഓട്ടോമാറ്റിക്കുമാണ് വിപണിയിലുള്ളത്. ഫ്രാങ്ക്ഫര്‍ട്ടില്‍ പുറത്തിറക്കിയ സൊറെന്റോയ്ക്ക് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരുന്നു. ഫോര്‍ വീല്‍ ഡ്രൈവും ഓപ്ഷണലായി നല്‍കുന്നുണ്ട്.

# റിയോ

ഹ്യുണ്ടായ് ഐട്വന്റി, മാരുതി ബലേനോ, ഹോണ്ട ജാസ് എന്നിവയ്ക്കുള്ള കിയയുടെ മറുപടിയാണ് 'റിയോ'. അന്താരാഷ്ട്ര വിപണിയില്‍ നാലു മീറ്ററില്‍ കൂടുതല്‍ നീളമുണ്ടെങ്കിലും ഇന്ത്യയിലെത്തുമ്പോള്‍ അത് നാലു മീറ്ററില്‍ കുറയാനാണ് സാധ്യത. കാരണം, ഈ വിഭാഗത്തിലെ നികുതിയിളവ് തന്നെ. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണിതിന് കരുത്തേകുന്നത്.

# സ്റ്റോണിക്

അടുത്തിടെ യൂറോപ്യന്‍ വിപണിയില്‍ കിയ കൊണ്ടുവന്ന ചെറിയ എസ്.യു.വി.യാണ് 'സ്റ്റോണിക്'. നാലു മീറ്ററില്‍ കുറഞ്ഞ എസ്.യു.വി.യാണിത്. യൂറോപ്യന്‍ വിപണിയില്‍ ഇതിന് നാലു മീറ്ററില്‍ കൂടുതലുണ്ടെങ്കിലും ഇന്ത്യയില്‍ നീളം കുറച്ചായിരിക്കും വരിക എന്നും പറയപ്പെടുന്നു. 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് 1.4 ലിറ്റര്‍ എന്‍ജിനായിരിക്കും പെട്രോളില്‍ ഉള്ളത്. ഡീസലില്‍ 1.6 ലിറ്ററായിരിക്കും. ഇന്ത്യയില്‍ ഇറങ്ങിയാല്‍ ടാറ്റയുടെ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, മാരുതി ബ്രെസ എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

# സ്റ്റിങ്ങര്‍

പെര്‍ഫോമന്‍സ് സെഡാന്‍ എന്നാണ് 'സ്റ്റിങ്ങറി'ന് നല്‍കുന്ന വിശേഷണം. അമേരിക്കന്‍ വിപണിയില്‍ കിയയുടെ ശക്തിയാണ് സ്റ്റിങ്ങറിന്. ശരീരത്തിന്റെ പ്രത്യേകത തന്നെയാണ് ഇതിനെ വാഹനപ്രേമികളുടെ പ്രിയങ്കരനാക്കുന്നത്. കരുത്തുറ്റ ബോഡി ലൈനിങ്ങും മുന്നിലെ ഗ്രില്ലുകളുമാണ് സ്റ്റിങ്ങറിന്റെ പ്രത്യേകത. ഇന്ത്യയിലിറങ്ങുന്ന സെഡാന്‍ കാറുകളില്‍ കാണാത്ത രൂപകല്പനയാണ് സ്റ്റിങ്ങറിന്റെ ഇന്ത്യയിലെ പ്ലസ് പോയിന്റ്. അമേരിക്കയില്‍ 244 ബി.എച്ച്.പി. കരുത്തുമായുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 197 ബി.എച്ച്.പി. കരുത്ത് നല്‍കുന്ന 3.3 ലിറ്റര്‍ എന്‍ജിനുമാണ് നല്‍കിയിട്ടുള്ളത്. ഇതു രണ്ടും കൂടാതെ, പെര്‍ഫോമന്‍സ് കാര്‍ എന്നുറപ്പിക്കുന്ന 365 ബി.എച്ച്.പി. കരുത്തുനല്‍കുന്ന 3.3 ലിറ്റര്‍ പെട്രോള്‍ വേരിയന്റും അമേരിക്കയിലുണ്ട്. ഇതില്‍ ആദ്യ രണ്ടു വേരിയന്റുകളാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവും പാഡില്‍ ഷിഫ്റ്റും ഇതിലുണ്ടാവും.

# സ്‌പോര്‍ട്ടേജ്

ഇന്ത്യയില്‍ തഴച്ചുവളരുന്ന എസ്.യു.വി. മേഖലയിലേക്കാണ് കിയയുടെ സ്‌പോര്‍ട്ടേജ് വരുന്നത്. ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍, ഹോണ്ട സി.ആര്‍.വി., ഹ്യുണ്ടായ് ട്യൂസോണ്‍, ജീപ്പ് കോംപാസ് എന്നിവയുടെ എതിരാളിയായിരിക്കും എല്ലാം തികഞ്ഞ സ്‌പോര്‍ട്ടേജ്. കരുത്തിലും കാഴ്ചയിലും എതിരാളികള്‍ക്ക് ഒത്ത എതിരാളിയായിരിക്കും ഇത്. 402 എന്‍.എം. ടോര്‍ക്കില്‍ 185 എച്ച്.പി. കരുത്തുനല്‍കുന്ന 2.0 ലിറ്റര്‍ എന്‍ജിനായിരിക്കും സ്‌പോര്‍ട്ടേജിനെ മുന്നോട്ടു നയിക്കുക.

# സെററ്റോ

ആഡംബര സെഡാനിലേക്ക് കിയയുടെ സംഭാവനയാണ് 'സെററ്റോ'. പ്രധാന എതിരാളി ഹ്യുണ്ടായ് തന്നെ. ഹ്യുണ്ടായ് എലാന്‍ട്ര, സ്‌കോഡ ഒക്ടോവിയ, ഹോണ്ട സിവിക് എന്നിവയോട് ഏറ്റുമുട്ടാനാണ് സെററ്റോയുടെ വരവ്. അമേരിക്കന്‍ വിപണിയില്‍ സെററ്റോയ്ക്ക് ആരാധകരുണ്ട്. 157 എന്‍. എം. ടോര്‍ക്കില്‍ 130 എച്ച്.പി. കരുത്ത് നല്‍കുന്ന 1.6 ലിറ്റര്‍ എന്‍ജിനാണിതിന്. സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന്റെ പിന്തുണയുമുണ്ട്. വലിപ്പക്കാര്യത്തില്‍ എലാന്‍ട്രയേക്കാള്‍ നീളം കുറവാണ് സെററ്റോയ്ക്ക്.

Content Highlights; Kia Models Coming To India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram