കിയ വരുന്നു രണ്ട്‌ താരങ്ങളുമായി


സി.സജിത്ത്

5 min read
Read later
Print
Share

ഡൽഹി ഓട്ടോ എക്സ്‌പോയിൽ തങ്ങളുടെ പതിന്നാല് വാഹനങ്ങളുമായാണ് ‘കിയ’ വന്നിരുന്നത്. അതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചതും കാർണിവലായിരുന്നു.

വെള്ളാരങ്കല്ലിൽ തിളങ്ങുന്ന കോട്ടകളെപ്പോലെ ഇരുവശത്തും മലകൾ മിന്നൽവേഗത്തിൽ പിന്നിലേക്ക് മറഞ്ഞുപൊയ്ക്കൊണ്ടിരുന്നു... രാവണൻകോട്ടയെപ്പോലെ അന്തമില്ലാതെ കിടക്കുന്ന മലനിരകൾക്ക് താഴെ നരച്ച ഭൂമി... അങ്ങിങ്ങ് കാണുന്ന കുറ്റിച്ചെടികളിലും പച്ചപ്പിന്റെ നിറഭേദമില്ല. മുന്നിൽ ഭൂമിയുടെ അറ്റത്തേക്കെന്ന് തോന്നിച്ച് നീണ്ടുകിടക്കുന്ന കറുത്ത ആറുവരിപ്പാത മാത്രം. വേഗത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി സ്പീഡോമീറ്ററിലെ സൂചി ചലിക്കുകയാണ്... 150... 160... കിഴക്കുനിന്നു പുതിയതായി ഉദിക്കുന്ന ഒരു സൂര്യനുള്ളിലാണിപ്പോൾ. പറഞ്ഞുവരുന്നത് ഇന്ത്യ അടുത്തു കാണാൻപോകുന്ന ഒരു കാറിനെക്കുറിച്ചാണ്... ‘കിയ’. അല്പംകൂടി തെളിച്ചു പറഞ്ഞാൽ നമുക്ക് പരിചിതമായ ‘ഹ്യുണ്ടായിയുടെ അനുജനായി വരും.

ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി എന്താണ് തങ്ങളെന്ന് കാണിച്ചുതരാനായിരുന്നു കിയയുടെ രണ്ട് താരങ്ങളെ പരിചയപ്പെടുത്തിയത്. മൾട്ടി യൂട്ടിലിറ്റി വെഹിക്കിളായ ‘കാർണിവൽ’, സെഡാനായ ‘സെററ്റോ’ എന്നിവ.
ബെംഗളൂരുവിൽ നിന്ന് ആന്ധ്രാപ്രദേശിലെ അനന്ത്പുരിലെ ‘കിയ’യുടെ പ്ലാന്റിലേക്കായിരുന്നു യാത്ര.

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് 150 കിലോമീറ്റർ ദൂരമുണ്ടിവിടേക്ക്. ഹൈദരാബാദിലേക്കും പിന്നെ, ഡൽഹി വരേയും നീണ്ടുകിടക്കുന്ന ആറുവരി പ്പാത. ഒറ്റയ്ക്കും തെറ്റയ്ക്കും ചില വണ്ടികളെ കാണാം... ബാക്കി ശുദ്ധശൂന്യം. അവിടേയാണ് ഈ വണ്ടികളെ പരിചയപ്പെടാൻ ഇടം കണ്ടെത്തിയത്. കുറ്റം പറയരുതല്ലോ... ഹൈവേയിൽ ഇവർ പുലികളാണ്. രണ്ടു വണ്ടികളും ഓട്ടോമാറ്റിക് സിക്സ് സ്പീഡ്.

കാൽ വെച്ചാൽ മതി ഗിയറുകളിൽ നിന്ന് ഗിയറുകളിലേക്കുള്ള കയറ്റം അറിയില്ല. അത്രയ്ക്കും സ്മൂത്താണ് ഓട്ടം. ഇപ്പോൾ കിട്ടിയ രണ്ടു വണ്ടിയും ഇറക്കുമതി ചെയ്തതാണ് നമുക്ക് കാണിച്ചുതരാൻ വേണ്ടി മാത്രം. ഇന്ത്യയിൽ ഇവ വരുമോ എന്നത് തീരുമാനിച്ചിട്ടില്ല. വരുമായിരിക്കും. വന്നാൽ, പലരുടേയും മുഖം ചുളിയും. ഇനി ഇവയുടെ ടെസ്റ്റ് ഡ്രൈവിലേക്ക് പോകാം.


കാർണിവൽ

മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ എന്ന ഗണത്തിലാണ് വരിക. നമ്മുടെ ‘ഇന്നോവ’യ്ക്കൊപ്പം നിർത്താം. കിട്ടിയത് ഇതിന്റെ ബേസ് മോഡലാണ്. ഇനി പ്രീമിയം മോഡലിലെന്തൊക്കെയുണ്ടാവുമോ ആവോ. ഇല്ലാത്ത സംഭവങ്ങളില്ല. അകത്തും പുറത്തും. എട്ട് സീറ്ററാണ് കാർണിവൽ.

ഡൽഹി ഓട്ടോ എക്സ്‌പോയിൽ തങ്ങളുടെ പതിന്നാല് വാഹനങ്ങളുമായാണ് ‘കിയ’ വന്നിരുന്നത്. അതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചതും കാർണിവലായിരുന്നു. ഗാംഭീര്യം തന്നെ കാരണം. ഏഴുസീറ്റിൽ നടുവിലെ വരിയിലെ ഹാൻഡ്‌റെസ്റ്റ് തിരിച്ചിട്ടാൽ എട്ടാക്കി മാറ്റാം. ഹാൻഡ്‌റെസ്റ്റ് എന്നൊക്കെ പറയുമ്പോൾ ചുരുക്കിക്കാണരുത്, ഒരാൾക്ക് സുഖമായി ഇവിടെയിരിക്കാം. ഏറ്റവും പിന്നിലെ വരിയിലും കാൽ നീട്ടിവെച്ച് മൂന്നുപേർക്ക്‌ ഇരിക്കാം.

‘ഇന്നോവ’യാണ് ഭയക്കേണ്ടത്. 1,755 മില്ലിമീറ്റർ ഉയരവും 1,985 മില്ലിമീറ്റർ വീതിയും 5115 മില്ലിമീറ്റർ നീളവും 171 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് കാർണിവലിന്. എല്ലാ സീറ്റുകളും ഉയർത്തിയിട്ടാൽ 960 ലിറ്ററാണ് ലഗേജ് സ്പേസ്. എന്നാൽ, രണ്ടും മൂന്നും വരികൾ മടക്കിയിട്ടാൽ 4022 ലിറ്റർ സ്ഥലം കിട്ടും. സ്റ്റോറേജ് സ്പേസിന്റെ ധാരാളിത്തമുണ്ട് വണ്ടിയിൽ. എല്ലാ ഡോറുകളിലും ഹാൻഡ്‌റെസ്റ്റുകളിലും കപ്പ്‌ ഹോൾഡറുകൾ, വിശാലമായ ഹാൻഡ്‌റെസ്റ്റുകൾക്ക് താഴെയും സ്ഥലമുണ്ട്. ഇവയിൽ യു.എസ്.ബി. പോർട്ടുകളും നൽകിയിട്ടുണ്ട്.

മുന്നിലെ സീറ്റുകൾ വെന്റിലേറ്റഡ് ആണ്. ആറുതരത്തിൽ ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്നതാണ് ഡ്രൈവർ സീറ്റ്. ഡാഷ്‌ബോർഡ് ഒരു ലോകം തന്നെയാണ്. വലിയ വിശാലമായ ഡാഷ്‌ബോർഡിലെ നോബുകൾക്കും സ്വിച്ചുകൾക്കും നല്ല വലിപ്പമുണ്ട്. തിരിച്ചറിയാനും പ്രവർത്തിപ്പിക്കാനും ബുദ്ധിമുട്ട് തീരെ തോന്നില്ല. 3.5 മോണോക്രോം ഒ.എൽ.ഇ.ഡി. ക്ലസ്റ്ററിൽ വിനോദോപാധികളാണ്. സ്വിച്ചുകൾ കൊണ്ട് നിറഞ്ഞ സ്റ്റിയറിങ്ങിൽ നിന്ന് ഇതും നിയന്ത്രിക്കാം. സ്മാർട്ട് ക്രൂയിസ് കൺട്രോളും ഇതിൽത്തന്നെയുണ്ട്.

അകത്ത് സൗകര്യങ്ങളുടെ പെരുമഴ കണ്ട് പുറത്തിറങ്ങിയാൽ ഒരു ആജാനുബാഹുവിന്റെ രൂപമാണ് കാണുക. വലിയ വാഹനത്തിനിണങ്ങുന്ന കിയയുടെ ടൈഗർ നോസ് ഗ്രിൽ. ക്രോം അതിരിട്ട ഗ്രില്ലിലേക്ക് ചേർന്നുനിൽക്കുകയാണ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ. പ്രൊജക്ടഡ് ഹെഡ്‌ലാമ്പിന് സമീപത്തായി എൽ.ഇ.ഡി. ഡേ ടൈം റണ്ണിങ്‌ ലൈറ്റ്. ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിൽ നിന്നു തുടങ്ങി പിന്നിലേക്ക് നീണ്ടുകിടക്കുന്ന ഷോൾഡർ ലൈൻ. മുന്നിൽ താഴ്ഭാഗം മുഴുവനായി കവർന്നെടുത്ത് എയർവെന്റും അതിൽ ഫോഗ് ലാമ്പും. മൊത്തത്തിൽ ഒരു ആനച്ചന്തമുണ്ട്. വശങ്ങളിലേക്ക് ഒഴുകുന്ന സ്ലൈഡിങ്‌ ഡോറാണ് രണ്ടാം നിരയിലേക്കുള്ള പ്രവേശനകവാടം.

താക്കോലുപയോഗിച്ചോ, മേൽക്കൂരയിലെ സ്വിച്ചുപയോഗിച്ചോ, സ്റ്റിയറിങ്ങിൽ നിന്നോ ഈ വാതിലുകൾ തുറക്കാം. അതുപോലെ ഡിക്കിയും സ്വിച്ചുപയോഗിച്ച് തുറക്കാം. പിൻഭാഗം ചിലപ്പോൾ ‘ലാൻഡ്‌റോവറി’നെ ഓർമിപ്പിച്ചേക്കാം.
അധികം ഗിമ്മിക്കുകളൊന്നും കിയ ഇവിടെ കാണിച്ചിട്ടില്ല. ഷോൾഡർലൈനിലേക്ക് ഇറങ്ങി നിൽക്കുകയാണ് എൽ.ഇ. ടെയിൽ ലാമ്പുകൾ. ഗാംഭീര്യം കൂടുതൽ തോന്നിക്കാനായി സ്കഡ്പ്ലേറ്റുണ്ട്. പതിനേഴിഞ്ച് അലോയ് വീലുകൾ വലിയ വണ്ടിക്ക് ചേരും.

സുരക്ഷയ്ക്ക് കാർണിവലിൽ ഒട്ടും കുറവില്ല. എട്ട് എയർബാഗുകളാണ് നൽകിയിട്ടുള്ളത്. ഏറ്റവും പിന്നിലെ നിരയ്ക്ക് കർട്ടൺ എയർബാഗുകൾ വരെയുണ്ട്. കൂടാതെ എ.ബി.എസ്, ഇ.എസ്.സി, ഹിൽസ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, റിവേഴ്‌സ് പാർക്കിങ്‌ സെൻസറും ക്യാമറയും ഫ്രണ്ട് പാർക്കിങ്‌ സെൻസറുകൾ, ലേയ്ൻ ഡിപ്പാർച്ചർ അസിസ്റ്റ് എന്നിങ്ങനെ പോകുന്നു. സുരക്ഷാ സൗകര്യങ്ങൾ.

8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 2.2 ലിറ്റർ ഡീസൽ എൻജിൻ കരുത്തേകുന്നതായിരുന്നു ടെസ്റ്റ്‌ഡ്രൈവിന് ലഭിച്ച കാർണിവൽ. തിരക്കൊഴിഞ്ഞ ദേശീയപാതയിലും തിരക്കേറിയ എയർപോർട്ട് റോഡിലും കാർണിവൽ മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. പ്രത്യേകിച്ച്, വാഹനങ്ങളെ മറികടക്കുമ്പോൾ. എൻജിന്റെ പ്രതികരണം വളരെ പെട്ടെന്നാണ്. ഗിയർഷിഫ്റ്റിങ്ങിൽ അത് പ്രകടമായി അനുഭവിച്ചറിയാൻ കഴിയും.

എന്തായാലും കാർണിവൽ ഭാവിയിൽ ഇന്ത്യയിലേക്ക് വരുമെന്നാണ് ഇതിന്റെ നിർമാതാക്കൾ പറയുന്നത്. വിലയായിരിക്കും ഇവിടെ കാർണിവലിന്റെ വിജയം നിശ്ചയിക്കുന്ന ഘടകം.

സെററ്റോ

സെഡാൻ ശ്രേണിയിലാണ് കിയയുടെ ‘സെററ്റോ’ വരുന്നത്. ആദ്യവാഹനങ്ങളുടെ പുറത്തിറക്കലിനുശേഷം സെററ്റോയും ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കിൽ പ്രീമിയം സെഡാൻ രംഗത്തുള്ളവർക്ക് ചെറിയ വെല്ലുവിളിയൊന്നുമായിരിക്കില്ല സെററ്റോ ഉയർത്തുക. കാഴ്ചയ്ക്കുതന്നെ ഒരു സ്പോർട്‌സ് കാറിന്റെ രൂപമാണിതിന്.

പതുങ്ങിക്കിടക്കുന്ന രൂപം

സിക്സ് സ്പീഡ് 2 ലിറ്റർ എൻജിനുള്ള സെററ്റോയാണ് ടെസ്റ്റ് ഡ്രൈവിന് ലഭിച്ചത്. പരമാവധി വേഗത്തിൽ കുതിക്കുമ്പോഴും ഉള്ളിൽ അത് അറിയുന്നതു പോലുമുണ്ടായിരുന്നില്ല. ഗിയറുകൾ മാറുന്നതു പോലും അറിയാത്തവിധമായിരുന്നു സെററ്റോ മുന്നോട്ടു കുതിച്ചത്. സെററ്റോയുടെ എസ്.എൽ.ഐ. മോഡലായിരുന്നു അത്. പ്രീമിയം മോഡൽ. പതിനേഴിഞ്ച് അലോയ്‌വീലും ഓട്ടോ ക്ലൈമെറ്റ് കൺട്രോളും വെന്റിലേറ്റഡ് സീറ്റുകളുമൊക്കെയുണ്ടിതിൽ.

ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്ങാണ് ഇതിലെ മറ്റൊരു പ്രത്യേകത. വാഹനമോടിക്കുന്നവർക്ക് എന്നും ഭീഷണിയാണ് ബ്ലൈൻഡ് സ്പോട്ടുകൾ. ബ്ലൈൻഡ് സ്പോട്ടുകളിലെ വസ്തുക്കളെപ്പറ്റി മുന്നറിയിപ്പ് തരുകയാണിതിൽ.

കൊളീഷൻ വാണിങ്‌, ലെയ്ൻ ചേഞ്ചിങ്‌ വാണിങ്‌, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്‌, എ.ബി.എസ്, ഇ.ബി.ഡി, ഹിൽ അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളുമുണ്ട്. പിൻസീറ്റുകളിൽ ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും നീളക്കൂടുതലുള്ളവരുടെ തല തട്ടാൻ സാധ്യതയുണ്ട്. കൊറിയക്കാർക്കു വേണ്ടി നിർമിച്ചതായതുകൊണ്ടായിരിക്കും ഇത്. ഇന്ത്യയിലേക്ക് വരുമ്പോൾ ഉയരം കൂട്ടുമോ ആവോ?

പിന്നിലെ സീറ്റുകൾക്ക് ആം റെസ്റ്റ് നൽകിയിരിക്കുന്നു. ഇതിലെ ഡാഷ്‌ബോർഡിന്‌ വണ്ടിയെപ്പോലെതന്നെ സൗന്ദര്യവുമുണ്ട്. ഒതുങ്ങിയ ക്ലസ്റ്ററിൽ എ.സി.യുടെ സ്വിച്ചുകളാണ് പ്രധാനം. സ്റ്റിയറിങ്‌ വീലിൽ പാഡിൽഷിഫ്റ്റും നൽകിയിട്ടണ്ട്. സ്റ്റിയറിങ്ങിൽ വാഹനത്തിന് വേണ്ടതെല്ലാം ഉപയോഗിക്കാനുള്ള സ്വിച്ചുകളുണ്ട്.

ഡ്രൈവർ സീറ്റ് എട്ടുതരത്തിൽ ഓട്ടോമാറ്റിക്കായി ക്രമീകരിക്കാം. പുറംഭംഗിയുടെ കാര്യത്തിൽ നേരത്തെ പറഞ്ഞതുപോലെ ഒരു സ്പോർട്‌സ് കാറിന്റെ രൂപമാണ് കാഴ്ചയ്ക്ക്. ടൈഗർ നോസ് ഗ്രില്ലിന് ചുറ്റും ക്രോമിയം ടച്ചുണ്ട്. അതിലേക്ക് ഇറങ്ങിനിൽക്കുന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്ററിൽ പ്രൊജക്ടഡ് ഹെഡ്‌ലൈറ്റ്, ഡി.ആർ.എൽ. എന്നിവയുണ്ട്.

‘ഹ്യുണ്ടായ് എലാൻട്ര’യെ പിൻഭാഗം ഓർമിപ്പിച്ചേക്കും... ആ മടക്കുകളും കോൺ ആകൃതിയിലുള്ള എൽ.ഇ.ഡി. ടെയിൽലാമ്പുകളും നമ്പർപ്ലേറ്റുമെല്ലാം. ഇന്ത്യയിൽ വരികയാണെങ്കിൽ ഹ്യുണ്ടായിയുടെ ‘വെർണ’, ‘ഹോണ്ട സിറ്റി’, ‘ടൊയോട്ട യാരിസ്’ എന്നിങ്ങനെയുള്ള വിഭാഗത്തിലേക്കായിരിക്കും സെററ്റോ വരിക.


അല്പം ചരിത്രം

ഇവിടെ നല്ലനിലയ്ക്ക് പോകുന്ന ഹ്യുണ്ടായിയുടെ നാട്ടിൽ നിന്നു തന്നെയാണ് ‘കിയ’യുടേയും വരവ്. 33.88 ശതമാനം ഓഹരികൾ ഹ്യുണ്ടായിക്കുണ്ട്. സാങ്കേതിക സഹായം നൽകുന്നതും ഹ്യുണ്ടായ് തന്നെ. ദക്ഷിണ കൊറിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ വാഹന നിർമാതാവാണ് കിയ. ഇന്ത്യയിലെ വാഹനവിപണിയുടെ വളർച്ചകണ്ടാണ് ഇപ്പോഴുള്ള വരവ്.

ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്‌പോയിലായിരുന്നു കിയയുടെ ഇന്ത്യൻ പ്രവേശം പ്രഖ്യാപിച്ചത്. തങ്ങളുടെ പുതിയ എസ്.യു.വി.യായ ‘എസ്.പി-2’ വിന്റെ സാങ്കൽപ്പിക രൂപമാണ് ഇവിടെ പുറത്തിറക്കിയത്.

ആന്ധ്രപ്രദേശിലെ അനന്ത്പുരിലാണ് കിയയുടെ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നത്. മുക്കാൽ ഭാഗവും നിർമാണം പൂർത്തിയായ ഇവിടെ നിന്ന് അടുത്ത വർഷം ഓഗസ്റ്റ് 15-ന് ആദ്യ വാഹനം പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. അത് മിഡ് സൈസ് എസ്.യു.വി.യായ ‘എസ്.പി-2’ ആയിരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഒരുവർഷം മൂന്നുലക്ഷം വാഹനങ്ങൾ നിർമിക്കാൻ ശേഷിയുളളതാണ് പ്ലാന്റ്.

ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കൂഖ്യും ഷിമ്മിനെയാണ് മാനേജിങ്‌ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. ഭാവിയിൽ ഇൗ പ്ലാന്റിൽ നിന്ന് ഹ്യുണ്ടായിയുടെ കാറുകളും നിർമിക്കും

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram