ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും വൈദ്യുത ബസ് തലസ്ഥാനത്ത് എത്താന്‍ കടമ്പകളേറെ താണ്ടണം. പുതിയ ബസ് വാങ്ങാനുള്ള സാമ്പത്തികശേഷി കെ.എസ്.ആര്‍.ടി.സി.ക്കില്ല. സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള 1000 കോടി രൂപയുടെ ധനസഹായം ബസ് വാങ്ങാന്‍ വിനിയോഗിക്കാനാകില്ല. പഴയപോലെ പെന്‍ഷനും ശമ്പളത്തിനും വേണ്ടിയാകും സര്‍ക്കാര്‍ സഹായം വിനിയോഗിക്കുക.
കടമെടുത്ത് ബസ് വാങ്ങുക എന്നതും പ്രായോഗികമല്ല. രണ്ടുവര്‍ഷത്തേക്ക് കടമെടുക്കില്ലെന്ന കരാറിലാണ് പൊതുമേഖലാ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്നും വായ്പ എടുത്തത്. കരാര്‍ കാലാവധി കഴിഞ്ഞിട്ടില്ല. വായ്പ എടുത്താല്‍ തിരിച്ചടയ്ക്കാനും കഴിയില്ല. നിലവിലെ സാഹചര്യത്തില്‍ ബസ് വാടകയ്ക്ക് എടുക്കുക മാത്രമാണ് മാര്‍ഗം. എന്നാല്‍, തൊഴിലാളി സംഘടനകള്‍ ഒന്നടങ്കം വാടക ബസിനെ എതിര്‍ക്കുകയാണ്. വാടക ബസ് കരാറിന് നേതൃത്വം നല്‍കിയിരുന്ന ടോമിന്‍ തച്ചങ്കരി കെ.എസ്.ആര്‍.ടി.സി. മേധാവി സ്ഥാനത്തുനിന്നു മാറുകയും ചെയ്തു.
ഡ്രൈവര്‍ സഹിതം ബസ് വാടകയ്ക്ക് എടുക്കുന്ന വെറ്റ് ലീസ് സംവിധാനമാണ് പരിഗണിച്ചിരുന്നത്. ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നതിനാല്‍ ഈ സംവിധാനത്തെ തൊഴിലാളി സംഘടനകള്‍ നഖശിഖാന്തം എതിര്‍ക്കുകയാണ്. മന്ത്രി എ.കെ.ശശീന്ദ്രന്‍വരെ ഒരു ഘട്ടത്തില്‍ വൈദ്യുതിയില്‍ ഓടുന്ന ബസുകള്‍ വാടകയ്ക്ക് എടുക്കുന്നതിനെ എതിര്‍ത്തിരുന്നു. കെ.എസ്.ആര്‍.ടി.സി. ഭരണസമിതിയിലും എതിര്‍പ്പുയര്‍ന്നു. സര്‍ക്കാരിന്റെ വൈദ്യുത വാഹന നയവുമായി ബന്ധപ്പെടുത്തിയാണ് അഞ്ച് ബസുകള്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം ടോമിന്‍ തച്ചങ്കരി എടുത്തത്. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രത്യേകാനുമതി നല്‍കുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സി. ഭരണസമിതിയുടെ അംഗീകാരം ലഭിക്കാനിടയില്ലാത്തതിനാല്‍ സര്‍ക്കാരില്‍നിന്ന് അനുമതി നേടിയാണ് എതിര്‍പ്പ് മറികടന്നത്. പുതിയ എം.ഡി.ക്ക് ചെയര്‍മാന്‍ പദവി നല്‍കാത്തിനാല്‍ ഭരണസമിതിയെ ഒഴിവാക്കി സര്‍ക്കാരിന് പദ്ധതി സമര്‍പ്പിക്കാനാകില്ല. വാടക ബസിന്റെ പേരില്‍ മാനേജ്മെന്റും തൊഴിലാളി സംഘടനകളും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതിലൊരു സമവായം കാണേണ്ടതുണ്ട്.
Content Highlights; KSRTC electric bus, kerala electric bus