യാത്രക്കാരെ കൊണ്ടുപോകുന്നതിനെക്കാള്‍ പാഴ്സല്‍ കൊണ്ടുപോകുന്നതിനാണ് ചില സ്വകാര്യ ബസ് ജീവനക്കാര്‍ പ്രാധാന്യം നല്‍കുന്നത്. യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ സമ്മതിക്കാത്ത ഇവര്‍ പാഴ്സല്‍ കയറ്റാന്‍ എത്രസമയം വേണമെങ്കിലും നിര്‍ത്തിയിടും. റൂട്ട് മാറ്റിവിടുന്ന രീതിയുമുണ്ട്.
ബെംഗളൂരുവില്‍നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകളില്‍ വന്‍തോതില്‍ പാഴ്സല്‍ കടത്തുന്നുണ്ട്. മുമ്പ് ഒരുതവണ അന്തസ്സംസ്ഥാന ബസില്‍നിന്ന് ആളില്ലാ കവര്‍ കണ്ടെത്തി. മയക്കുമരുന്നായിരുന്നു ഇതില്‍. മുമ്പ് ഇറങ്ങിപ്പോയ യാത്രക്കാരന്‍ വെച്ചുപോയതായിരുന്നു. അടുത്തതായി കയറാന്‍പോകുന്ന ആള്‍ക്കുവേണ്ടിയുള്ള കവറായിരുന്നു ഇതെന്നായിരുന്നു നിഗമനം.
ആപ്പിള്‍ പെട്ടി പോയ പോക്ക്
മൂന്നുവര്‍ഷംമുന്‍പ് കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിച്ച സ്വര്‍ണബിസ്‌കറ്റുകള്‍ ഒരു ബസിലെ ആപ്പിള്‍ പെട്ടികള്‍ക്കിടയില്‍ കടത്തുന്നതായി അധികൃതര്‍ക്ക് വിവരം കിട്ടി. പുലര്‍ച്ചെ രണ്ടുമണിമുതല്‍ ഉദ്യോഗസ്ഥര്‍ വണ്ടി കാത്തുനിന്നു. പെട്ടെന്ന് ഒരു ഇടുങ്ങിയ വഴിയിലേക്ക് വണ്ടി കയറി. പ്രധാന റോഡില്‍ പണിയാണെന്ന് യാത്രക്കാരെ ധരിപ്പിച്ചായിരുന്നു ഇത്. അല്പനേരം വണ്ടിനിര്‍ത്തി.
വൈകാതെ യാത്ര ദേശീയപാത വഴിയാവുകയും ചെയ്തു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ വണ്ടിനിന്നത് വലിയൊരു സംഘം ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍. അവര്‍ എല്ലാ അറകളും തുറന്നുനോക്കി. ആപ്പിള്‍ പെട്ടി പോയിട്ട് ഒരുകുട്ട പൂവു പോലുമില്ലായിരുന്നു. ബസിലുണ്ടായിരുന്ന ഒരാള്‍ വിശ്വസ്തനായ ഒരു പോലീസുകാരന് ഇടവഴിയിലെ വിവരങ്ങള്‍ കൈമാറി.
ഇടവഴിയില്‍ ഉദ്യോഗസ്ഥസംഘമെത്തി. മുഴുവന്‍ ആപ്പിള്‍ പെട്ടികളും കണ്ടെത്തി. സ്വര്‍ണവും പണവും ഇതിലുണ്ടായിരുന്നു. പക്ഷേ, റോഡില്‍നിന്ന് കിട്ടിയതിന് വണ്ടി പിടിച്ചെടുക്കാന്‍ പറ്റില്ലല്ലോ. യാത്രക്കാരെ കൊണ്ടുപോകുന്ന വണ്ടികളില്‍ ലഗേജുകളല്ലാതെ മറ്റ് ചരക്കുകളൊന്നും കടത്താന്‍ പാടില്ലെന്നാണ് നിയമം.
പാതിരാത്രിയില്‍ ഇറക്കിവിടും, സ്ത്രീയായാലും
തഞ്ചാവൂരില്‍നിന്ന് തൃശ്ശൂരിലേക്ക് ഇത്തരമൊരു വണ്ടിയില്‍ കയറിയ വനിതാ ഡോക്ടര്‍ക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണ്. തൃശ്ശൂരിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. ഇറക്കിവിട്ടത് എട്ടുകിലോമീറ്ററോളം അകലെയുള്ള മണ്ണുത്തിയില്‍. അതും പുലര്‍ച്ചെ, ഏറെ വിജനമായ സ്ഥലത്ത്. ബസ് ടൗണിലേക്ക് പോകുന്നില്ലെന്നായിരുന്നു മറുപടി. ചോദ്യംചെയ്തപ്പോള്‍ അപമര്യാദയായി പെരുമാറി. പിടിച്ചുനില്‍ക്കാനാകാതെ ശ്രമം ഉപേക്ഷിച്ച് അവര്‍ മറ്റുവഴികള്‍ നോക്കി.
ബസുകാരുടെ സൗകര്യത്തിനായി ഇറക്കിവിടുമ്പോള്‍ യാത്രക്കാര്‍ക്കായി ബദല്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് അവകാശവാദം. മിക്കപ്പോഴും ഇതുണ്ടാകാറില്ല.
വൈറ്റിലയില്‍ ഇതാദ്യത്തെ സംഭവമല്ല
വൈറ്റിലയില്‍ മുമ്പും ബസ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിച്ചിട്ടുണ്ട്. എ.സി. പ്രവര്‍ത്തിക്കാത്തത് ചോദ്യംചെയ്തതിനാണ് യുവാവിന് രണ്ടുവര്‍ഷംമുമ്പ് മര്‍ദനമേറ്റത്. റിട്ട. ഡിവൈ.എസ്.പി.യുടെ മകനായിരുന്നു പരാതിക്കാരന്‍.
ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇത്. യാത്രാമധ്യേ എ.സി. പ്രവര്‍ത്തിക്കാത്തതിനെച്ചൊല്ലി തര്‍ക്കവും ഉന്തും തള്ളുമുണ്ടായിരുന്നു. ബസ് വൈറ്റിലയില്‍ എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ പ്രതികാരം തീര്‍ത്തു. യുവാവ് മരട് പോലീസില്‍ പരാതി നല്‍കി. എന്നാല്‍, മര്‍ദനമേറ്റ യുവാവിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. അന്ന് മരട് സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരേ യുവാവിന്റെ പിതാവ് പോലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കി. അതിന്റെ ഹിയറിങ് തുടരുകയാണ്.
ബെംഗളൂരുവിലെ മലയാളികള്‍ പറയുന്നു
ബെംഗളൂരുവില്‍നിന്ന് കേരളത്തിലെ തെക്കന്‍ജില്ലകളിലേക്ക് പോകാന്‍ തീവണ്ടി കിട്ടിയില്ലെങ്കില്‍ ബസ് മാത്രമേ ആശ്രയമുള്ളൂ. ഇവിടേക്ക് ദിവസേന രണ്ടുതീവണ്ടികള്‍ മാത്രമേയുള്ളൂ. ഇവയിലാണെങ്കില്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ ടിക്കറ്റ് തീര്‍ന്നിട്ടുണ്ടാകും. അതിനാല്‍ പലരും സ്വകാര്യ ബസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മിക്ക സ്വകാര്യ ബസുകളിലെയും ജീവനക്കാര്‍ റൗഡികളെപ്പോലെയാണ് പെരുമാറുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ദുരിതാശ്വാസ സഹായമായി ശേഖരിച്ച അവശ്യസാധനങ്ങള്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ച സ്വകാര്യ ബസുകളുണ്ട്.
നന്നായി പെരുമാറുന്നവരുമുണ്ട്
എല്ലാ അന്തസ്സംസ്ഥാന ബസുകാരും കുഴപ്പക്കാരല്ലെന്ന് യാത്രക്കാര്‍ പറയുന്നു. തൃശ്ശൂരും കോഴിക്കോട്ടുനിന്നുമൊക്കെ പ്രവര്‍ത്തിക്കുന്ന ഒരു ടൂറിസ്റ്റ് ബസിലെ സംഭവം ഇങ്ങനെ: മൂന്നാഴ്ച മുന്‍പാണിത്.
കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് കയറിയ നാല് യുവാക്കളില്‍ ഒരാളുടെ കാലില്‍ ഉളുക്കുണ്ടായി. ചായകുടിക്കാന്‍ ഇടയ്ക്ക് വണ്ടി നിര്‍ത്തിയപ്പോഴായിരുന്നു ഇത്. വണ്ടി വിട്ടുകഴിഞ്ഞ് കടുത്തവേദന അനുഭവപ്പെടുകയും കാലില്‍ നീരുണ്ടാവുകയും ചെയ്തപ്പോള്‍ ബസിലെ ജീവനക്കാര്‍ കാലിലിടാന്‍ കുഴമ്പ് നല്‍കി. വേദനയ്ക്കുള്ള ഗുളികയും നല്‍കി.
പക്ഷേ, വേദന കടുത്തതോടെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിക്കുമുന്നില്‍ ബസുകാര്‍ തന്നെ വണ്ടിനിര്‍ത്തി. ഡോക്ടറെ കാണിച്ച് ഇന്‍ജക്ഷനും എടുത്തു. ഡോക്ടറുടെ ഫീസായ 250 രൂപ യുവാക്കള്‍ നല്‍കിയപ്പോള്‍ അതില്‍ പകുതി മതിയെന്ന് പറഞ്ഞതും ബസുകാര്‍തന്നെ.
(തുടരും)
തയ്യാറാക്കിയത്: വി.ബി. ഉണ്ണിത്താന്‍, ബി. അജിത്ത് രാജ്, കെ.കെ. ശ്രീരാജ്, കെ.ആര്‍. അമല്‍, എബിന്‍ മാത്യു- ഏകോപനം: ജോസഫ് മാത്യു
Content Highlights: investigation series about interstate private bus service from kerala