ദുബായിലേക്ക് തിരിച്ച ദാസനെയും വിജയനെയും ചെന്നൈ മറീന ബീച്ചില്‍ ഇറക്കിവിട്ട നാടോടിക്കാറ്റ് സിനിമയിലെ 'ഗഫൂര്‍ക്ക'യെ മലയാളി ഒരിക്കലും മറക്കില്ല. ഇതേപണിയാണ് പല അന്തസ്സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാരും ചെയ്യുന്നത്.
പരാതിപ്പെടാന്‍ പ്രത്യേകിച്ച് തെളിവുകളൊന്നുമില്ല. അംഗീകൃത സര്‍വീസുമല്ല. യാത്ര ചെയ്തതിനും തെളിവില്ല. പെര്‍മിറ്റുള്ള അംഗീകൃത സര്‍വീസുകള്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കാന്‍ കഴിയുകയുള്ളൂ. റൂട്ട് ബസുകളില്‍ ടിക്കറ്റാണ് യാത്രക്കാരന്റെ ആധികാരികമായ രേഖ.
ഒരു ടൂര്‍ ഓപ്പറേറ്റര്‍ കൂട്ടത്തോടെ യാത്രക്കാരെകൊണ്ടുപോകാന്‍ വാടകയ്ക്ക് എടുക്കുന്നുവെന്ന വ്യാജേനയാണ് അന്തസ്സംസ്ഥാന സ്വകാര്യബസുകള്‍ ഓടുന്നത്. ബസിലെ യാത്രക്കാരുടെ പട്ടിക തയാറാക്കിവെക്കും. അപകടമുണ്ടായാല്‍ ഈ ടൂര്‍ ഓപ്പറേറ്റര്‍ അഥവാ ടീം ലീഡര്‍ വഴിയാണ് ബസ് ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത്.
ഇത്തരമൊരു പട്ടിക നല്‍കിയാണ് ഇന്‍ഷുറന്‍സ് കമ്പനികളെ അന്തസ്സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാര്‍ കബളിപ്പിക്കാറ്. സ്റ്റേജ് കാര്യേജായി അനധികൃതമായി ഓടുമ്പോഴാണ് അപകടമുണ്ടായതെന്ന് ഇന്‍ഷുറന്‍സ് കമ്പനി കണ്ടെത്തിയാല്‍ നഷ്ടപരിഹാരക്കേസ് ദുര്‍ബലമാകും.
കൊള്ളലാഭത്തിന്റെ വഴി
തിരുവനന്തപുരം-ബെംഗളൂരു പാതയില്‍ ഒരു ടിക്കറ്റിന് 1200 രൂപയാണ് ശരാശരി ഈടാക്കുന്നത്. ഒരു ബസ് ബെംഗളൂരുവില്‍ എത്താന്‍ 20,000 രൂപയുടെ ഡീസല്‍വേണം. മൂന്നുമാസത്തേക്ക് ഒന്നരലക്ഷം രൂപയാണ് നികുതി. ദിവസം 1700 രൂപ നികുതിക്കും 700 രൂപ ഇന്‍ഷുറന്‍സിനും വേണം. ജീവനക്കാര്‍ക്ക് ശമ്പളം 2500. അറ്റകുറ്റപ്പണികളുടെ ചെലവ് ഉള്‍പ്പെടെ ഒരു ട്രിപ്പിന് 28,000 രൂപ ചെലവ് വരും.
42 സീറ്റിലും യാത്രക്കാരുണ്ടെങ്കില്‍ 50,400 രൂപ ടിക്കറ്റ് വരുമാനമായി കിട്ടും. അതായത് 25 യാത്രക്കാരെ കിട്ടിയാല്‍ നഷ്ടമുണ്ടാകില്ല. വെള്ളി, മുതല്‍ തിങ്കള്‍വരെയുള്ള നാല് ദിവസങ്ങളില്‍ സീറ്റ് ഒഴിവുണ്ടാകില്ല. മറ്റു ദിവസങ്ങളില്‍ പകുതിയാത്രക്കാര്‍ മാത്രമാണുണ്ടാകുക. ഇവിടെയാണ് പാഴ്സല്‍ കടത്ത് സഹായകരമാകുന്നത്.
ബെംഗളൂരുവിലേക്ക് നിത്യേന മൂന്നു തീവണ്ടി മാത്രം
കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് നിത്യേന പോകുന്നത് മൂന്നുതീവണ്ടികള്‍ മാത്രമാണ്. ഒരുമണിക്ക് തിരുവനന്തപുരത്തുനിന്ന് പോകുന്ന ഐലന്‍ഡ് എക്‌സ്പ്രസ്, വൈകീട്ട് 4.45-ന് കൊച്ചുവേളിയില്‍നിന്ന് പോകുന്ന എക്‌സ്പ്രസ്, എറണാകുളത്തുനിന്ന് രാവിലെ ഒന്‍പതിന് പുറപ്പെടുന്ന ഇന്റര്‍ സിറ്റി എക്‌സ്പ്രസ് എന്നിവ. ബാക്കിയുള്ള തീവണ്ടികളെല്ലാം ആഴ്ചയിലൊരിക്കല്‍ മാത്രം. ഇപ്പോഴത്തെ തിരക്കനുസരിച്ച് ഇതുപോരാ.
പുതിയ വണ്ടികളുടെ ആവശ്യം നിരന്തരം ഉന്നയിക്കാറുണ്ടെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, െബംഗളൂരു സിറ്റിക്കുള്ളിലേക്ക് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പുതിയ വണ്ടികള്‍ അനുവദിക്കുന്നില്ല. കടുത്ത തിരക്കാണ് കാരണം. ബാനസവാഡി, ബയ്യപ്പനഹള്ളി, കൃഷ്ണരാജപുരം എന്നിവിടങ്ങളിലേക്ക് അവര്‍ തീവണ്ടികള്‍ മാറ്റിവിടുകയാണ്.
കെ.എസ്.ആര്‍.ടി.സി.യുടെ പറ്റിക്കല്‍
കെ.എസ്.ആര്‍.ടി.സി.യുടെ വീഴ്ചയും പരിമിതിയും മുതലെടുത്താണ് അന്തസ്സംസ്ഥാന പാതകളില്‍ സ്വകാര്യബസുകാര്‍ പിടിമുറുക്കിയത്. എപ്പോള്‍വേണമെങ്കിലും ബസ് റദ്ദാക്കാം. ഡ്രൈവറുണ്ടെങ്കില്‍ കണ്ടക്ടര്‍ കാണില്ല. കണ്ടക്ടറും ഡ്രൈവറും ഉണ്ടെങ്കില്‍ ബസ് ഉണ്ടാകില്ല.
റദ്ദാക്കുന്ന ബസിന് പകരം ബസ് പ്രതീക്ഷിക്കേണ്ടതില്ല. ഡ്രെവര്‍-കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ തമ്മിലുള്ള ഡ്യൂട്ടി തര്‍ക്കം കാരണം ഒരുദിവസം പത്ത് അന്തസ്സംസ്ഥാന ബസുകള്‍വരെ മുടക്കിയ ചരിത്രം തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്കുണ്ട്.
ബസ് മുടക്കിയാല്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് നിയമം. അതിനുള്ള ധൈര്യം കെ.എസ്.ആര്‍.ടി.സി. കാട്ടിയിട്ടില്ല. വിഷു അവധിക്ക് തമ്പാനൂര്‍ സെന്‍ട്രലില്‍നിന്ന് ഫുള്‍ ടിക്കറ്റ് റിസര്‍വേഷനുള്ള മൂകാംബിക, ബെംഗളൂരു ബസുകളാണ് റദ്ദാക്കിയത്. പകരം ബസ് നല്‍കിയതുമില്ല.
പ്രതിഷേധിച്ച യാത്രക്കാരെ അനുനയിപ്പിക്കാന്‍ സമീപത്തെ സ്വകാര്യ ഏജന്‍സിക്കാരുടെ ബസാണ് എത്തിച്ചത്. ബെംഗളൂരു യാത്രക്കാരെ സ്വകാര്യബസുകാര്‍ കൊണ്ടുപോയപ്പോള്‍ മൂംകാബികയിലേക്കുള്ളവര്‍ വഴിയാധാരമായി.
പരിമിതി മറികടക്കാനാവാതെ ആനവണ്ടി
സ്വകാര്യബസുകാര്‍ ചെയ്യുന്നതുപോലെ കോണ്‍ട്രാക്റ്റ് കാര്യേജ് ബസ് ഉപയോഗിച്ച് നിയമവിരുദ്ധമായി സര്‍വീസ് നടത്താന്‍ പൊതുമേഖലാ സ്ഥാപനമായ കെ.എസ്ആര്‍.ടി.സി.ക്ക് കഴിയില്ല. തമിഴ്നാട്, കര്‍ണാടകം, പുതുച്ചേരി എന്നിവയുമായി കരാറില്‍ ഏര്‍പ്പെട്ടാണ് കെ.എസ്.ആര്‍.ടി.സി. ഓടുന്നത്.
കിലോമീറ്റര്‍ അടിസ്ഥാനത്തിലാണ് കരാര്‍. കേരളത്തിലേക്ക് അനുവദിക്കുന്നതിന് തുല്യമായ ദൂരം മറ്റു സംസ്ഥാനത്തിലേക്ക് കടക്കാന്‍ കെ.എസ്.ആര്‍.ടി.സി.യെ അനുവദിക്കും. ചെറിയ സംസ്ഥാനമെന്ന പരിമിതിയാണ് വിനയാകുന്നത്.
സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍നിന്ന് അതിര്‍ത്തിയിലേക്ക് ദൂരം കുറവാണ്. എന്നാല്‍, അതിര്‍ത്തിയില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് ദൂരമേറെ. ബസുകള്‍ കൂടുതലും ഓടേണ്ടിവരുന്നത് അയല്‍സംസ്ഥാന പാതയിലൂടെയാവും. തലസ്ഥാനത്തുനിന്ന് ചെന്നൈയിലേക്ക് യാത്രക്കാര്‍ ഏറെ. എന്നാല്‍, ലാഭകരമായി ബസോടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കഴിയില്ല.
നാഗര്‍കോവില്‍വഴി ചെന്നൈയിലേക്ക് 773 കിലോമീറ്ററാണ് ദൂരം. തലസ്ഥാനത്തുനിന്ന് 42 കിലോമീറ്റര്‍ പിന്നിട്ട് കുഴിത്തുറയില്‍ എത്തുമ്പോള്‍ തമിഴ്നാട് അതിര്‍ത്തിയാകും. ശേഷിക്കുന്ന 731 കിലോമീറ്റര്‍ തമിഴ്നാട്ടിലൂടെ ഓടണം.
ഒരു കെ.എസ്.ആര്‍.ടി.സി ബസ് ചെന്നൈയില്‍ എത്തുമ്പോള്‍, കേരളത്തിനുള്ളിലേക്ക് 731 കിലോമീറ്റര്‍ കടക്കാന്‍ തമിഴ്നാട് ബസിന് അനുമതി നല്‍കണം. കൂടുതല്‍ തമിഴ്നാട് ബസുകള്‍ സംസ്ഥാനത്തേക്ക് കടന്ന് ഓടാന്‍ ഇതിനിടയാക്കും.
തമിഴ്നാട്ടില്‍ ഓടുമ്പോള്‍ അവിടത്തെ നിരക്ക് വേണം ഈടാക്കേണ്ടത്. കുറഞ്ഞനിരക്കാണിത്. ഇത് കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടമാണ്. അതേസമയം, കേരളത്തിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തമിഴ്നാട് കോര്‍പ്പറേഷന് നേട്ടമാകും.
തയ്യാറാക്കിയത്: വി.ബി. ഉണ്ണിത്താന്‍, ബി. അജിത്ത് രാജ്, കെ.കെ. ശ്രീരാജ്, കെ.ആര്‍. അമല്‍, എബിന്‍ മാത്യു- ഏകോപനം: ജോസഫ് മാത്യു
Content Highlights: Investigation Series About Interstate Private Bus Service