കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും സാങ്കേതികവിദ്യയില്‍ വമ്പനായി ഹ്യുണ്ടായി വെന്യു


3 min read
Read later
Print
Share

സര്‍വീസ് സെന്ററില്‍ കൊണ്ടുപോകുന്നതിനു മുമ്പുതന്നെ വണ്ടിയുടെ തകരാര്‍ നമുക്ക് തിരിച്ചറിയാനും കഴിയും. തത്സമയ ട്രാഫിക് വിവരങ്ങള്‍ ലഭിക്കും വാഹനം എവിടെയെന്ന് തിരിച്ചറിയാം.

രുന്നത് ഇ-യുഗമാണ്... കാറുകളായാലും അതിന് മാറ്റമുണ്ടാകല്ല... ആ യുഗത്തിന് അടിത്തറയിടുകയാണ് കമ്പനികള്‍. ഇന്ത്യയില്‍ പയറ്റിത്തെളിഞ്ഞ 'ഹ്യുണ്ടായ്' തന്നെയാണ് പുതിയ വിപ്ലവത്തിന് തുടക്കമിടുന്നത്. ഒരു സ്മാര്‍ട്ട്ഫോണിനെപ്പോലെ നിയന്ത്രിക്കാവുന്ന എസ്. യു.വി.യുമായാണ് ഹ്യുണ്ടായ് വരുന്നത്. 'വെന്യു' എന്ന ചെറു എസ്.യു.വി.യുടെ പ്രഖ്യാപനംതന്നെ ഇതുമായി ആയിരുന്നു. 'രാജ്യത്ത ആദ്യ കണക്ടഡ് എസ്.യു.വി.' എന്ന പേരിലായിരുന്നു അവതരണം.

ന്യൂയോര്‍ക്ക് ഓട്ടോഷോയിലും ഇന്ത്യയിലും ഒരുമിച്ചായിരുന്നു ഹ്യുണ്ടായ് തങ്ങളുടെ പുതിയ എസ്. യു.വി.യെ അവതരിപ്പിച്ചത്. 'ക്രെറ്റ'യുടെ തൊട്ടു താഴെയായാണ് വെന്യു വരുന്നത്. പ്രധാന എതിരാളികള്‍ മാരുതി 'ബ്രെസ', ടാറ്റാ 'നെക്‌സണ്‍', ഫോര്‍ഡ് 'ഇക്കോ സ്‌പോര്‍ട്ട്', മഹീന്ദ്ര 'എക്‌സ്.യു. വി. ഡബിള്‍ ഒ' തുടങ്ങിയ മല്ലന്‍മാരും.

എന്നാല്‍, ഇവയിലൊന്നും കാണാത്ത ഒരുപിടി പുതിയ സാങ്കേതികഘവിദ്യകള്‍ വെന്യുവിനെ വേറിട്ടുനിര്‍ത്തും. ക്രെറ്റയുടെ വിജയം തന്നെയാണ് വെന്യുവിലൂടെയും ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.

'ബ്ലൂലിങ്ക്' ടെക്നോളജി

കാറിലെ കണക്ടിവിറ്റി ഫീച്ചറുകള്‍ക്ക് കമ്പനി നല്‍കിയ പേരാണിത്. യാത്രക്കാരുടെയും വാഹനത്തിന്റേയും സുരക്ഷ, വാഹനത്തിന്റെ സര്‍വീസ് മുന്നറിയിപ്പുകള്‍ തുടങ്ങി 33 ഫീച്ചറുകളാണ് ഇതിലൂടെ ലഭ്യമാകുക. ഇതില്‍ പത്തെണ്ണം ഇന്ത്യയ്ക്ക് മാത്രമായി തയ്യാറാക്കിയതാണ്. ഇന്ത്യന്‍ ഇംഗ്ലീഷ് മനസ്സിലാകുംവിധം തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്.

ഓട്ടോക്രാഷ് നോട്ടിഫിക്കേഷന്‍, എസ്.ഒ.എസ്, പാനിക് നോട്ടിഫിക്കേഷന്‍, റോഡ്സൈഡ് അസിസ്റ്റന്‍സ്, തുടങ്ങിയവയാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന ഫീച്ചറുകള്‍. എന്തെങ്കിലും അപകടമുണ്ടായിട്ടുണ്ടെങ്കില്‍ ഇതിലെ 'ബ്ലൂലിങ്ക് കോള്‍സെന്റര്‍' എമര്‍ജന്‍സി സര്‍വീസുകളുമായി ബന്ധപ്പെടും. റോഡ്‌സൈഡ് അസിസ്റ്റന്‍സ്, സര്‍വീസ് സെന്റര്‍ എന്നിവയുമായും ഇത് ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറും. ബ്ലൂലിങ്ക് ആപ്പ് വഴി എമര്‍ജന്‍സി നമ്പറിലേക്ക് എസ്.എം.എസ്. അയയ്ക്കുകയും ചെയ്യും.

'ജിയോ ഫെന്‍സിങ്' എന്ന ഫീച്ചറിലൂടെ നിശ്ചയിക്കുന്ന പരിധിക്കപ്പുറം വാഹനം അനുവാദമില്ലാതെ കൊണ്ടുപോയാല്‍ എന്‍ജിന്‍ നിശ്ചലമാകും. അതുകൂടാതെ, വാഹനത്തെപ്പറ്റിയുള്ള പൂര്‍ണവിവരങ്ങള്‍ മൊബൈല്‍ഫോണില്‍ ലഭ്യമാകും... വേഗം, വാഹനമുള്ള സ്ഥലം എന്നിങ്ങനെ. ഇതെല്ലാം സാധ്യമാക്കുന്നത് കാറിലുള്ള ഇന്‍ബില്‍ട്ട് സിം ആണ്.

വൊഡാഫോണുമായി സഹകരിച്ചാണ് സിം സംവിധാനം. മൊബൈല്‍ ഫോണുപയോഗിച്ച് തന്നെ വാഹനം തുറക്കാനും ഹെഡ്ലാമ്പ് ഓണ്‍ ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും കഴിയും. നട്ടുച്ചയ്ക്ക് വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ എ.സി. ഓണാക്കാനും മൊബൈല്‍ ഫോണ്‍കൊണ്ട് കഴിയും. വന്ന് കയറുമ്പോഴേക്കും വണ്ടി തണുത്തിരിക്കും. വാഹനത്തിന്റെ എന്‍ജിന്‍ ഓയില്‍, ഗിയര്‍ബോക്‌സ്, എന്‍ജിന്റെ പ്രവര്‍ത്തനം എന്നിവയും മൊബൈല്‍ ഫോണില്‍ അറിയാം.

സര്‍വീസ് സെന്ററില്‍ കൊണ്ടുപോകുന്നതിനു മുമ്പുതന്നെ വണ്ടിയുടെ തകരാര്‍ നമുക്ക് തിരിച്ചറിയാനും കഴിയും. തത്സമയ ട്രാഫിക് വിവരങ്ങള്‍ ലഭിക്കും വാഹനം എവിടെയെന്ന് തിരിച്ചറിയാം. പോകേണ്ട സ്ഥലം സെറ്റ് ചെയ്ത് വെയ്ക്കാനും സാധിക്കും. വേഗപരിധി കൂടിയാല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

ആകാരം

ഏറെ ജനപ്രീതി നേടിയ ക്രെറ്റയെ ഓര്‍മിപ്പിക്കുന്ന വിധം തന്നെയാണ് വെന്യുവും ഒരുങ്ങുന്നത്. പ്രധാനമായും മുന്നിലെ വലിയ ഗ്രില്‍ തന്നെ. വലിയ ഹെഡ്ലാമ്പുകളും എല്‍.ഇ.ഡി. ടെയ്ല്‍ ലാമ്പുകളും മുന്നിലും പിന്നിലും ക്ലാഡിങ്ങുമൊക്കെ നല്‍കി ഒരു കട്ട എസ്.യു.വി. ഫീല്‍ നല്‍കുന്നുണ്ട്.

സുരക്ഷ ഇപ്പോള്‍ വലിയ കാര്യമായതിനാല്‍ കൂടുതല്‍ കരുത്തേറിയ സ്റ്റീലിലാണ് നിര്‍മാണം. 3995, 1770, 1590, 2500 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് വെന്യുവിന്റെ നീളം, വീതി, ഉയരം, വീല്‍ബേസ് എന്നിവ. സുരക്ഷാ സൗകര്യങ്ങളായ ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ആറ് എയര്‍ബാഗുകള്‍ എന്നിവയും ഇതിലുണ്ട്.

എന്‍ജിന്‍

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് ഹ്യുണ്ടായ് വെന്യുവിന് നല്‍കിയിട്ടുള്ളത്. 1.2 ലിറ്റര്‍ നാല് സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ 83 ബി.എച്ച്.പി. കരുത്തും 115 എന്‍.എം. ടോര്‍ക്കും നല്‍കും. ഒരു ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 120 ബി. എച്ച്.പി. കരുത്തും 172 എന്‍.എം. ടോര്‍ക്കും നല്‍കും. 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 90 ബി.എച്ച്.പി. കരുത്തും 220 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുക.

തത്കാലം മാന്വല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് വെന്യു വരുന്നത്. 1.2 ലിറ്റര്‍ പെട്രോളില്‍ ഫൈവ് സ്പീഡും ഒരു ലിറ്റര്‍ പെട്രോളില്‍ ആറ് സ്പീഡും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സും നല്‍കിയിട്ടുണ്ട്. ഡീസലില്‍ സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സും നല്‍കിയിട്ടുണ്ട്.

ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ്

ചെറു എസ്.യു.വി.കളില്‍ ആദ്യമായാണ് ഇത് വരുന്നത്. ഗിയര്‍ഷിഫ്റ്റിങ് വളരെ സ്മൂത്തായിരിക്കും. വലിയ വിലയുള്ള വാഹനങ്ങളില്‍ മാത്രമാണ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സുകള്‍ കാണുന്നത്.

നവീനത

വയര്‍ലെസ് ചാര്‍ജിങ്ങാണ് ഇതിലെ മറ്റൊരു പ്രത്യേകത. സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കോഡും വയറും സോക്കറ്റുമൊന്നും വേണ്ട. വമ്പന്‍ കാറുകളില്‍ കാണുന്ന ഈ സാങ്കേതികവിദ്യ ഹ്യുണ്ടായ് ഈ ചെറു എസ്.യു.വി.യിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ഈ ഗണത്തില്‍ പെട്ടവര്‍ക്കൊന്നും ഈ സൗകര്യമില്ല. മറ്റൊന്ന് പ്രൊജക്ടര്‍ ഫോഗ്ലാമ്പുകളാണ്. ഇവയ്ക്ക് തെളിച്ചവും പ്രകാശവും കൂടുതലായിരിക്കും. എട്ട് ഇഞ്ചിന്റെ എച്ച്.ഡി. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് മറ്റൊന്ന്. എ.സി. പ്യൂരിഫയറാണ് മറ്റൊരു പുതിയ സാങ്കേതികത. വാഹനത്തിന്റെ ഉള്ളിലെ വായു ശുദ്ധീകരിക്കുന്നതാണിത്. ഇതും ലക്ഷ്വറി കാറുകളില്‍ നിന്ന് ഇറങ്ങി വന്നിരിക്കുകയാണ്.

മേയില്‍ വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 'സാന്‍ട്രോ'യെ അവതരിപ്പിച്ചതുപോലെ തന്നെയാണ് 'വെന്യു'വിനേയും കമ്പനി കൊണ്ടുവരുന്നത്. മേയ് 21-ന് വെന്യു വില്‍പ്പനയ്‌ക്കെത്തുമെന്നാണ് കരുതുന്നത്.

Content Highlights: Hyundai Small Compact SUV Venue

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram