ഹൈബ്രിഡ് വാഹനങ്ങള്‍ എന്നു നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഒരു പുതിയ കാര്‍ വാങ്ങാനുദ്ദേശിക്കുന്ന സാധാരണക്കാരനും ഹൈബ്രിഡ് കാറുകള്‍ക്ക് വലിയ പരിഗണന കൊടുക്കാറില്ല. ടെക്നോളജിയെക്കുറിച്ചുള്ള അജ്ഞത തന്നെയാണു ഇതിന്റെ പ്രധാന കാരണം. ബജറ്റില്‍ ഒതുങ്ങാത്ത ഉയര്‍ന്ന വിലയും ഹൈബ്രിഡ് കാറുകളെ ഉപഭോക്താക്കളില്‍ നിന്നുമകറ്റുന്നു.
പെട്രോല്‍ എഞ്ചിനുകളെക്കുറിച്ചും ഇലക്ട്രിക് എഞ്ചിനുകളെക്കുറിച്ചും നാം കേട്ടിട്ടുണ്ട് ചുരുക്കിപറഞ്ഞാല്‍ ഇതിന്റെ രണ്ടിന്റെയും ഒരു സമ്മിശ്രരൂപമാണു ഹൈബ്രിഡ് എഞ്ചിനുകള്‍. ഇലക്ട്രിക് മോട്ടോറുകള്‍ തന്നെയാണു ഇതിന്റെ മര്‍മ്മ പ്രധാന ഘടകം. റീച്ചാര്‍ജ്ജ് ചെയ്യപ്പെടുന്ന ബാട്ടറികളും ജനറേറ്ററുമാണ് മറ്റു പ്രധാന ഘടകങ്ങള്‍
# ഹൈബ്രിഡ് എഞ്ചിനുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാം...
ഹൈബ്രിഡ് എഞ്ചിനുകളെ പ്രധാനമായും രണ്ടു രീതിയില്‍ തരം തിരിക്കാം. മൈല്‍ഡ് ഹൈബ്രിഡ് എന്നും ഫുള്‍ ഹൈബ്രിഡ് എന്നും. മൈല്‍ഡ് ഹൈബ്രിഡില്‍ ഇലക്ട്രിക് മോട്ടോര്‍ ആണു അധിക പവര്‍ നല്‍കാനായി ഉപയോഗിക്കുന്നത്. കൂടുതല്‍ കരുത്ത് ആവശ്യം വരുമ്പോഴൊക്കെ ഇലക്ട്രിക്ക് മോട്ടോര്‍ എഞ്ചിനില്‍ ഒരു സൈഡ് കിക്ക് പോലെ പ്രവര്‍ത്തിക്കുന്നു. (ഉദാ-ഹോണ്ട സിവിക് ഹൈബ്രിഡ്)
ഹൈബ്രിഡ് കാറുകള്‍ ഓടിച്ചവര്‍ക്ക് മനസ്സിലാവും അതിലെ യാത്രാസുഖം. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ കാംമ്രി ഹൈബ്രിഡ് മോഡല്‍ 0 -100 കിലോമീറ്റര്‍ വേഗത കൈവരിക്കനെടുക്കുന്ന സമയം 9.2 സെക്കന്റുകള്‍ മാത്രമാണു. ഹൈബ്രിഡ് കാര്‍ ഓടിച്ച് പഴകിയ ഒരാള്‍ക്ക് സാധാരണ പെട്രോള്‍-ഡീസല്‍ ഓടിക്കുമ്പോള്‍ 'കുതിരപ്പുറത്തുനിന്നും കഴുതപ്പുറത്തെതിയ 'പ്രതീതി ഉണ്ടാവുമെന്നു സാരം.
നിലവില്‍ ഇവയുടെ ഉയര്‍ന്ന വില തന്നെയാണു വിപണന രംഗത്ത് പിന്നോട്ട് നയിക്കുന്ന ഒരു ഘടകം. ഇന്ത്യയിലെ വാഹനവിപണിയുടെ 60 ശതമാനം കയ്യടക്കിവെച്ചിരിക്കുന്ന മാരുതി സുസുക്കിയും മറ്റും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണെങ്കില്‍ അത് ഹൈബ്രിഡ് വാഹനവില്പനയില് ഒരു മല്‍സരത്തിനു കളമൊരുക്കുകയും വില കുറയാനിടയാക്കുമെന്നതില് സംശയമില്ല. സര്‍ക്കാരുകളും പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് നികുതി ഇളവുകള്‍ നല്കുകയാണെങ്കില് ഒരു വിപ്ലവം തന്നെ ഈ രംഗത്ത് പ്രതീക്ഷിക്കാം.
ഏതാണ്ട് മുഴുവന്‍ ഉപഭോഗത്തിന്റെ ഏറിയ പങ്കും പെട്രോള്‍ ഇറക്കുമതി ഉള്ള ഇന്ത്യാ മഹാരാജ്യത്ത് ഹൈബ്രിഡ് കാറുകള്‍ പ്രചാരത്തിലില്ലാത്തതിന്റെ ഗുണം ഇന്ത്യക്കാര്ക്കണോ അതോ 10 ഡോളറിനു ക്രൂഡ് ഓയില്‍ കുഴിച്ചെടുത്തു 50 ഡോളറിനു വില്‍ക്കുന്ന അറബ് രാഷ്ട്രങ്ങള്ക്കാണോ എന്നു നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതായാലും കേന്ദ്ര ഊര്‍ജ്ജ പരിസ്ഥിതി ഗതാഗത മന്ത്രാലയങ്ങള്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്ക്കയി കൂടുതല്‍ ഊന്നല്‍ നല്കട്ടേയെന്ന; നമുക്ക് പ്രത്യാശിക്കാം.
(ലേഖകന്‍ ദുബായ് അല്‍ മയ്ദൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രിസില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറാണ്.)