ഒരു കാര്‍ വാങ്ങുകയെന്നത് പലരുടെയും സ്വപ്നമാണ്. ആ സ്വപ്നങ്ങള്‍ക്കുമേലെയാണ് പ്രളയത്തില്‍ വെള്ളം കയറിപ്പോയത്. ജീവനായുള്ള ഓട്ടത്തില്‍ ആശിച്ച് വാങ്ങിയ കാറുകള്‍ നഷ്ടപ്പെടുത്തേണ്ടി വന്നു. തിരികെ വീടുകളിലേക്കെത്തുമ്പോള്‍ കാണുന്നത് ചെളിയില്‍ കുളിച്ച് വെള്ളം കയറിയ വാഹനങ്ങളാണ്. വീടും വീട്ടുസാധനങ്ങളും പോയി. കൂടെ കാറും.
ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് നഷ്ടപരിഹാരം എങ്കിലും കിട്ടും. എന്നാല്‍ അതിനും ഉണ്ട് ഒട്ടേറെ കടമ്പകള്‍. ആ കടമ്പ കടന്ന് എന്തെങ്കിലും കിട്ടിയാലായി. പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന എത്രയോ വാഹനങ്ങള്‍ ആലുവയിലും പറവൂരും റോഡരികുകളില്‍ കാണാമായിരുന്നു. ഇന്ന് കാറുകള്‍ വലിച്ചുകൊണ്ടുപോകുന്ന റിക്കവറി വാഹനങ്ങളാണ് കൂടുതലും. വാഹനം ഓണ്‍ ചെയ്യാതെ സര്‍വീസ് സെന്ററില്‍ എത്തിച്ചാലെ ഇന്‍ഷുറന്‍സ് കിട്ടൂ. അതിനു മുമ്പുമുണ്ട് ഒട്ടേറെ കടമ്പകള്‍.
ഒന്നരയാള്‍ പൊക്കത്തില്‍ വരെ വെള്ളം കയറിയ ചേന്ദമംഗലം, വടക്കേക്കര, പുത്തന്‍വേലിക്കര പഞ്ചായത്തുകളില്‍ റോഡുവക്കില്‍ ചെളിപിടിച്ച് കിടക്കുന്ന ഒട്ടേറെ വാഹനങ്ങള്‍ കാണാം. ദിവസങ്ങള്‍ വെള്ളം നിറഞ്ഞുനിന്ന ഈ പ്രദേശങ്ങളില്‍ വീടുകളിലെ കാര്‍പോര്‍ച്ചുകളിലും നിരവധി വാഹനങ്ങളാണ് ചെളിപിടിച്ച് പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്. വെള്ളം കയറുന്ന സന്ദര്‍ഭത്തില്‍ ചിലര്‍ വാഹനങ്ങളില്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടിരുന്നു.
ഇന്‍ഷുറന്‍സ് ലഭിക്കാന്‍ വാഹനം വെള്ളം കയറി നശിച്ചാല്‍ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളു. ഇന്‍ഷൂര്‍ ചെയ്തിരിക്കുന്ന കമ്പനിയില്‍ എത്രയും വേഗം കാര്യം അറിയിക്കണം. ഇന്‍ഷുറന്‍സ് കമ്പനിയില്‍ വിളിച്ചോ ഓണ്‍ലൈനിലോ പരാതി അറിയിക്കാം. പോളിസി നമ്പര്‍ സഹിതം എടുത്തു വച്ച് വേണം ഇത് ചെയ്യാന്‍.
ഇത്തരത്തില്‍ ക്ലെയിം ചെയ്തതിനു ശേഷം ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ സര്‍വ്വേയറെ വിടും. അതുവരെ വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയോ തുറന്ന് പരിശോധിക്കുകയോ ചെയ്യരുത്. ഇത് പരിശോധിക്കാനാണ് സര്‍വ്വേയറെ വിടുക. സര്‍വ്വേയറെത്തി വാഹനത്തിന്റെ നാശനഷ്ടം പരിശോധിക്കും. വാഹനത്തിന്റെ ഫോട്ടോ അടക്കം എടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കും. കെട്ടിവലിച്ച് വാഹനം ഏത് സര്‍വ്വീസ് സെന്ററിലാണ് എത്തിക്കേണ്ടതെന്നും പറയും. ഇത്തരത്തില്‍ വാഹനം വലിച്ചു കൊണ്ടുപോകുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനി 1,500 രൂപ നല്‍കും. കാറിന്റെ പണിക്ക് എത്ര രൂപ വേണമെന്ന് കണക്കാക്കി ഇന്‍ഷുറന്‍സുകാരും സര്‍വീസ് സെന്ററും ചേര്‍ന്ന് ഒത്തുതീര്‍പ്പാകുന്ന തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കും.
റിക്കവറി വാഹനങ്ങള്‍ കിട്ടാനില്ല
കാറുകള്‍ കെട്ടിവലിച്ച് സര്‍വ്വീസ് സെന്ററുകളില്‍ എത്തിക്കാന്‍ റിക്കവറി വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും പരാതി. റിക്കവറി സര്‍വ്വീസുകള്‍ വളരെ കുറച്ച് മാത്രമാണ് ജില്ലയിലുള്ളത്. അതും ഒന്നോ രണ്ടോ വാഹനങ്ങളെ ആളുകളുടെ കൈയില്‍ കാണൂ. ഒരു ദിവസം നാലോ അഞ്ചോ വാഹനങ്ങളാകും ഒരു റിക്കവറി വാഹനം ഉപയോഗിച്ച് നീക്കുക. ആയിരത്തോളം കാറുകള്‍ വെള്ളത്തിലായ നഗരത്തില്‍ പിന്നെങ്ങനെ റിക്കവറി വാഹനം ലഭിക്കാന്‍. ജില്ലയ്ക്ക് പുറത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി റിക്കവറി വാഹനക്കാര്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇത്തരം റിക്കവറി വാഹനം ഏര്‍പ്പാടു ചെയ്ത് തരുന്നതിനു വരെ ഏജന്റുമാരുണ്ട്.
ഇന്‍ഷുറന്‍സ്
പ്രളയത്തില്‍ ദേശം ഹ്യുണ്ടായി ഷോറൂമിലെ കാറുകള്‍ എല്ലാം മുങ്ങിയിരുന്നു. വില്‍പ്പനയ്ക്കായി എത്തിച്ചിരുന്ന പുതിയ കാറുകളായിരുന്നു ഇവ. എന്നാല്‍ ഈ കാറുകള്‍ക്കെല്ലാം തങ്ങളുടെ ഇന്റേണല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്ന് സര്‍വീസ് മാനേജര്‍ എസ്.എന്‍. ശ്രീജിത്ത് പറഞ്ഞു. കാറുകളൊന്നും റിപ്പെയര്‍ ചെയ്ത് വീണ്ടും വിപണിയിലെത്തിക്കാവുന്നതല്ല. ഇവ ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറും. അതിന്റെ തുക കമ്പനിക്കും കിട്ടും. നിലവില്‍ സര്‍വ്വേ ജോലികള്‍ നടക്കുകയാണ്, സെറ്റില്‍മെന്റിലേക്ക് കടക്കുന്നതേയുള്ളു.
'ടോട്ടല്‍ ലോസ്'
ടോട്ടല്‍ ലോസ് എന്ന വാക്കാണ് ഇപ്പോള്‍ കാറുടമകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത്. സ്റ്റിയറിങ്ങിനു മുകളില്‍ വെള്ളം കയറിയാല്‍ ടോട്ടല്‍ ലോസ് ആക്കാമെന്ന് മാനദണ്ഡമുള്ളതിനാല്‍ കമ്പനിക്കാര്‍ ആദ്യം ഉടമകളോട് പറയുന്നത് അത് തന്നെയാണ്. കാര്‍ കമ്പനി ഏറ്റെടുത്ത് ഒരു നിശ്ചിത തുക ഉടമയ്ക്ക് നല്‍കിയാല്‍ മതി. പക്ഷേ ഭൂരിഭാഗം ഉടമകളും അതിന് തയ്യാറല്ല.
കാഞ്ഞൂര്‍ സ്വദേശി ഉദയന് പറയാനുള്ളത് ഇതു സംബന്ധിച്ചുള്ള അനുഭവമാണ്. തന്റെ സാന്‍ട്രോ കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചപ്പോള്‍ മാനദണ്ഡപ്രകാരം ടോട്ടല്‍ ലോസ് ഗണത്തില്‍ പെടുത്താമെന്ന് അറിയിച്ചു. പക്ഷേ, ഒരു ലക്ഷം കിലോമീറ്ററില്‍ താഴെ മാത്രം ഓടിയിട്ടുള്ള കാര്‍ ടോട്ടല്‍ ലോസ് ആക്കാന്‍ ഉദയന്‍ തയ്യാറായില്ല. പകരം വണ്‍ ടൈം സെറ്റില്‍മെന്റ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. 53,000 രൂപയോളം ഇതിലൂടെ ലഭിക്കുകയും ചെയ്യും. വണ്‍ടൈം സെറ്റില്‍മെന്റ് അല്ലെങ്കില്‍ നാലു മാസം കാത്തിരിക്കേണ്ടി വരും. അത് കാറിന് വീണ്ടും ദോഷമേ ചെയ്യൂ - ഉദയന്‍ പറയുന്നു. കാര്‍ വര്‍ക്ഷോപ്പില്‍ കൊടുത്ത് കാത്തിരിക്കുകയാണ് ഉദയനിപ്പോള്‍.
ആലുവ സ്വദേശി സി.സി.ക്ക് വാങ്ങിയ കാര്‍ പ്രളയത്തില്‍ പൂര്‍ണമായി മുങ്ങിപ്പോയിരുന്നു. കാര്‍ മുങ്ങിയ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചപ്പോള്‍ ടോട്ടല്‍ ലോസ് ആക്കണമെന്നാണ് കിട്ടിയ ആദ്യ മറുപടി. പക്ഷേ അദ്ദേഹം വണ്ടി നന്നാക്കാമെന്ന് പറഞ്ഞു. ഒരു ലക്ഷം രൂപയെങ്കിലുമാകും കാര്‍ നന്നാക്കിയെടുക്കാന്‍. അതില്‍ 75,000 തരാമെന്ന് ആദ്യം പറഞ്ഞു, അത് പിന്നീട് 40,000 ആക്കി കുറച്ചു. വേറെ വണ്ടി വാങ്ങാന്‍ വീണ്ടും പണം കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു ഇയാള്‍. ഒടുവില്‍ അദ്ദേഹത്തിന് അര്‍ഹതപ്പെട്ട തുക കമ്പനി നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. കമ്പനിക്ക് തന്റെ അവസ്ഥ മനസ്സിലായെന്നും വളരെ നല്ല രീതിയില്‍ സെറ്റില്‍മെന്റ് ആയെന്നും അയാള്‍ പറഞ്ഞു.
സര്‍വേയര്‍മാര്‍ നെട്ടോട്ടത്തില്‍
കാറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍മാരും ഓട്ടത്തിലാണ്. അത്രയധികം വിളികളാണ് വെള്ളമിറങ്ങിയ ദിവസം മുതല്‍ എത്തുന്നത്. അറ്റന്‍ഡ് ചെയ്യാന്‍ പറ്റാത്ത അത്ര വിളികളെത്തുന്നുണ്ടെന്ന് വിവിധ പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ സര്‍വ്വേയര്‍ കെ.വി. എല്‍ദോ പറഞ്ഞു. കാറുടമകള്‍ എല്ലാവരുംതന്നെ ഭീതിയിലാണ്. അവര്‍ക്ക് തങ്ങളുടെ കാറുകളെക്കുറിച്ച് ഒരുപാട് സംശയങ്ങളുണ്ട്. കാര്‍ പൂര്‍ണമായും നഷ്ടപ്പെടുമോ, പണിതാല്‍ പഴയപോലെ തിരികെ കിട്ടുമോ തുടങ്ങി നിരവധി സംശയങ്ങളാണ്. ഇതെല്ലാം തങ്ങളെ വിളിച്ചാണ് ചോദിക്കുന്നത്. ചിലര്‍ കാറുകള്‍ വീടുകളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്, ചിലര്‍ ഷോറൂമുകളിലേക്കും വര്‍ക്ഷോപ്പുകളിലേക്കും മാറ്റിയിട്ടുണ്ട്. അപ്പോള്‍ ഈ കാറുകളുടെയെല്ലാം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇവിടെയെല്ലാം നേരിട്ടെത്തണം.
അങ്ങനെയാണ് നടപടികളില്‍ കുറച്ച് താമസം വരുന്നത്. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ കാറുകളില്‍ പലരും ടോട്ടല്‍ ലോസ് മതിയെന്ന് തങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, എല്ലാം ടോട്ടല്‍ ലോസ് ഗണത്തില്‍ പെടുന്നതല്ല. ചില കണക്കുകൂട്ടലുകള്‍ക്കു ശേഷമേ ടോട്ടല്‍ ലോസ് ആണോ അല്ലയോ എന്ന് തീരുമാനിക്കാനാകു-എല്‍ദോ പറഞ്ഞു. എ, ബി കാറ്റഗറിയില്‍ പെടുന്ന കാറുകളുടെ പണി തുടങ്ങിക്കോളാന്‍ പറഞ്ഞാണ് പോരാറ്. സി കാറ്റഗറി മാത്രമാണ് നീട്ടിവയ്ക്കാറുള്ളത്.
ചെറിയ വിലയ്ക്ക് തട്ടിയെടുക്കാന്‍ സംഘം
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നടക്കുന്നവര്‍ എല്ലായിടത്തുമുണ്ട്. അത് കാറുകളുടെ കാര്യത്തിലും വ്യത്യസ്തമല്ല. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കാറുകള്‍ ചെറിയ വിലയ്ക്ക് തട്ടിയെടുത്ത് വില്‍പ്പന നടത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ കുറവല്ല. ''വെള്ളമിറങ്ങിത്തുടങ്ങിയ ദിവസം മുതല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇതിനായി സംഘമെത്തിയിട്ടുണ്ട്.
കാറുകളുടെ നഷ്ടം തീരുമാനിക്കുന്നത് അവയില്‍ എത്രത്തോളം വെള്ളം കയറി എന്നതിന്റെ അടിസ്ഥാനത്തിലാണ്. ടയറിന്റെ ഉയരത്തില്‍ വെള്ളം കയറിയ കാറുകളെ എ വിഭാഗത്തിലും ഡാഷ്ബോര്‍ഡിന്റെ പകുതി വരെ വെള്ളം കയറിയവ ബി കാറ്റഗറിയിലും പൂര്‍ണമായി വെള്ളം കയറി മുങ്ങിയ വാഹനങ്ങളെ സി കാറ്റഗറിയിലും പെടുത്തും.
സി കാറ്റഗറിയില്‍ പെടുന്ന വാഹനങ്ങളെയാണ് ടോട്ടല്‍ ലോസായി എടുക്കുന്നത്.
പറവൂര്‍ മേഖലയിലെ യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ മുമ്പ് വണ്ടികളുടെ കച്ചവടം തകൃതിയായി നടന്നിരുന്നു. എന്നാല്‍ വെള്ളപ്പൊക്കം കഴിഞ്ഞതോടെ യൂസ്ഡ് കാര്‍ വില്‍പ്പന പാടെ നിലച്ചിരിക്കുകയാണ്. വെള്ളത്തില്‍ മുങ്ങിയ കാറുകളാണെന്നതാണ് മേഖലയിലെ യൂസ്ഡ് കാറുകള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതെ വന്നതിനു കാരണം. മുമ്പ് ഒരു മാസം അഞ്ചിലേറെ വാഹനങ്ങള്‍ വില്‍ക്കുമായിരുന്നുവെന്നും അതിനനുസരിച്ച് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വരികയും ചെയ്യുമായിരുന്നുവെന്ന് പറവൂരിലെ ക്വാളിറ്റി യൂസ്ഡ് കാര്‍ ഷോപ്പുടമ വിനോദ് പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സികളും വെള്ളത്തില്‍
എറണാകുളം നഗരത്തില്‍ സര്‍വീസ് നടത്തുന്ന നിരവധി ഓണ്‍ലൈന്‍ ടാക്സികളും പ്രളയത്തില്‍ പെട്ടു. ഊബര്‍, ഓല കമ്പനികള്‍ക്കായി സര്‍വീസ് നടത്തുന്ന നൂറോളം ടാക്‌സികളാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചതെന്ന് കേരള ഓണ്‍ലൈന്‍ ഡ്രൈവേഴ്സ് യൂണിയന്‍ (കൊഡു) പ്രസിഡന്റ് ജാക്സണ്‍ വര്‍ഗീസ് പറഞ്ഞു. മറ്റ് ജില്ലകളില്‍നിന്ന് എറണാകുളത്തെത്തി ടാക്സി ഓടിക്കുന്നവരുടെ വാഹനങ്ങളാണ് മുങ്ങിയത്. വരാപ്പുഴ, മുട്ടാര്‍പാലം, ഏലൂര്‍, പാതാളം, ആലുവ, എളമക്കര എന്നീ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നവരാണിവര്‍.
എല്ലാ കാറുകളും പൂര്‍ണമായി മുങ്ങിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം എന്‍ജിന്‍ പണി അത്യാവശ്യമാണ്. കുറഞ്ഞത് 50,000 രൂപ വരെയെങ്കിലും ഒരു കാര്‍ നന്നാക്കിയെടുക്കാന്‍ ചെലവാകും. നിലവില്‍ നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്സികളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വെള്ളം പൊങ്ങിയും കുറച്ച് കാറുകളുടെ സര്‍വീസ് നഷ്ടമാകുന്നത്. രണ്ട് കമ്പനികളുടെയും പ്രതിനിധികളുമായി സംസാരിച്ചിരുന്നു. ഡ്രൈവര്‍മാരെയും വാഹനങ്ങളെക്കുറിച്ചും കമ്പനി ചോദിച്ചറിഞ്ഞെങ്കിലും എന്തെങ്കിലും സഹായം നല്‍കുന്നതിനെക്കുറിച്ച് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജാക്സണ്‍ പറഞ്ഞു.
നിരവധി കാറുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ വര്‍ക്ഷോപ്പുകളില്‍ തിരക്കേറുകയാണ്. കാറുകള്‍ വര്‍ക്ഷോപ്പില്‍ എത്തിക്കുന്ന ഉടമകള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കാര്‍ ടോട്ടല്‍ ലോസ് ഗണത്തില്‍ പെടുത്താന്‍ പറ്റാത്ത, അത് താങ്ങാനാവാത്ത ആളുകളാണ് വണ്ടികളുമായി വര്‍ക്ഷോപ്പുകളിലെത്തുന്നത്. ഉടമകള്‍ ഭീതിയിലാണ്, തങ്ങള്‍ സ്വപ്നം കണ്ട് വാങ്ങിയ കാറുകള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ഭയമാണ് ഭൂരിഭാഗം കാറുടമകളിലും.
വണ്ടികള്‍ ഒരുപാട് വര്‍ക്ഷോപ്പില്‍ എത്തിയിട്ടുണ്ടെങ്കിലും ഒന്നും പണിയാന്‍ തുടങ്ങിയിട്ടില്ലെന്ന് കാഞ്ഞൂരില്‍ വര്‍ക്ഷോപ്പ് നടത്തുന്ന സിബി സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് സര്‍വ്വേ കഴിയാതെ വണ്ടിയില്‍ പണിയാന്‍ പാടില്ല. കടലാസ് ജോലികള്‍ പുരോഗമിക്കുകയാണ്. മിക്കവാറും വണ്ടികള്‍ക്ക് ഇലക്ട്രോണിക് തകരാറുകളാകും ഉണ്ടാകുക. വെള്ളത്തില്‍ മൂന്നു ദിവസമൊക്കെ മുങ്ങിക്കിടന്നതിനാല്‍ ഇത്തരം ജോലികള്‍ എല്ലാ വണ്ടികള്‍ക്കുമുണ്ടാകും. വിശദമായി പണിത് തുടങ്ങിയാലേ കൂടുതല്‍ തകരാറുകള്‍ മനസ്സിലാകൂ.
വര്‍ക്ഷോപ്പുകളില്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന മറ്റൊരു പ്രശ്‌നം ജീവനക്കാരുടെ ക്ഷാമമാണ്. ഒരു വണ്ടിക്ക് രണ്ടു പേരെങ്കിലും വേണം. മൂന്നു ദിവസം തുടര്‍ച്ചായി ജോലി ചെയ്താലേ ഒരു കാര്‍ പഴയ സ്ഥിതിയിലേക്ക് എത്തിക്കാനാകൂ. ജീവനക്കാരുടെ എണ്ണം പല വര്‍ക്ഷോപ്പുകളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനിടയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വര്‍ക്ഷോപ്പുകളുമുണ്ട്. വെള്ളമിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പലയിടത്തും വര്‍ക്ഷോപ്പിന്റെ പ്രവര്‍ത്തനം പഴയ രീതിയില്‍ തുടങ്ങാനായിട്ടില്ല. സുനില്‍കുമാര്‍, ജോണ്‍സണ്‍, ബാള്‍ഡ് കൊറിയ, അശോകന്‍ എന്നിവര്‍ ചേര്‍ന്ന് പറവൂര്‍ പള്ളിത്താഴത്ത് അഞ്ച് വര്‍ഷമായി നടത്തിവരുന്ന കാര്‍ വര്‍ക്ഷോപ്പാണ് അറേബ്യന്‍ ഓട്ടോ മൊബൈല്‍ ന്യൂ ജനറേഷന്‍ വര്‍ക്ഷോപ്പ്. ഇവിടെ നാലടിയിലേറെ വെള്ളം ഉയര്‍ന്നു. 12 കാറുകളും വര്‍ക്ഷോപ്പില്‍ ഉണ്ടായിരുന്നു. ഉപകരണങ്ങളുടെ നഷ്ടം മാത്രം 12 ലക്ഷത്തിലേറെ വരുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. വര്‍ക്ഷോപ്പിലെ വീല്‍ അലൈന്‍മെന്റ്, വീല്‍ ബാലന്‍സിങ്, ടയര്‍, ചെയ്ഞ്ചര്‍, മിഗ് വെല്‍ഡിങ്, ആര്‍ക്ക് വെല്‍ഡിങ്, പെയിന്റിങ് മെറ്റീരിയല്‍സ് എന്നിവ എല്ലാം കേടായി.
content highlights: Flood aftermath, not so handle cars damaged in flood