ഡീസല്‍വിലയില്‍ കിതച്ച് ഓട്ടോ റിക്ഷകള്‍; നിരക്കുവര്‍ധന ആവശ്യം


4 min read
Read later
Print
Share

ഒടുവില്‍ ഓട്ടോറിക്ഷ നിരക്ക് വര്‍ധിപ്പിച്ചത് നാലുവര്‍ഷം മുന്‍പാണ്. ഡീസലിന് 58 രൂപയായിരുന്നപ്പോഴാണ് ഓട്ടോറിക്ഷാ നിരക്ക് 20 ആക്കി ഉയര്‍ത്തിയത്. അന്നത്തെ സാഹചര്യത്തില്‍ ജീവിക്കാന്‍ അതു മതിയായിരുന്നു.

ക്ഷയില്ല, വരുമാനം തീരെ കുറവാണ്, ഇങ്ങനെയാണെങ്കില്‍ ജീവിക്കാന്‍ ഒരു വഴിയുമില്ല...തമ്മനത്ത് ഓട്ടോറിക്ഷയോടിക്കുന്ന പീറ്റര്‍ പറയുന്നു. ഇത് പീറ്ററുടെ മാത്രം വാക്കുകളോ അവസ്ഥയോ അല്ല, ഓട്ടോറിക്ഷയോടിച്ച് കുടുംബം പുലര്‍ത്തുന്ന നിരവധി പേരുടേതു കൂടിയാണ്.

ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പ്രതിദിന ചെലവുകള്‍ പോലും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത നിലയിലാണിവര്‍. ഒടുവില്‍ ഓട്ടോറിക്ഷ നിരക്ക് വര്‍ധിപ്പിച്ചത് നാലുവര്‍ഷം മുന്‍പാണ്. ഡീസലിന് 58 രൂപയായിരുന്നപ്പോഴാണ് ഓട്ടോറിക്ഷാ നിരക്ക് 20 ആക്കി ഉയര്‍ത്തിയത്. അന്നത്തെ സാഹചര്യത്തില്‍ ജീവിക്കാന്‍ അതു മതിയായിരുന്നു. പക്ഷേ, അതിനുശേഷം ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട മറ്റെല്ലാത്തിനും വില കൂടി. ചാര്‍ജ് മാത്രം വര്‍ധിപ്പിച്ചില്ല.

സ്പെയര്‍ പാര്‍ട്സുകളില്‍ ഭൂരിഭാഗത്തിനും നാലുവര്‍ഷം മുന്‍പുണ്ടായിരുന്നതിലും ഇരട്ടിയാണ് ഇപ്പോള്‍ വില. ഇന്‍ഷുറന്‍സ് തുടങ്ങി വര്‍ക്ഷോപ്പില്‍ കൊടുക്കേണ്ട പണിക്കാശു വരെ കൂടിയിട്ടുണ്ട്. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്ര വണ്ടിക്ക് എപ്പോഴും 'പണി' കൊടുക്കുന്നുണ്ട്.

നഗരത്തില്‍ ഇടറോഡുകളുള്‍പ്പെടെ പല വഴികളും മോശം അവസ്ഥയിലാണുള്ളത്. ഈ വഴികളിലൂടെ പോകുമ്പോള്‍ അറ്റകുറ്റപ്പണികളും കൂടും. പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ ഇന്ധനവും ചെലവാകും. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധനയല്ലാതെ മറ്റ് വഴികളൊന്നുമില്ലെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷന്‍ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.ബി. സ്യമന്തഭദ്രന്‍ പറഞ്ഞു.

വരുമാനം പമ്പില്‍ കൊടുക്കാനേ തികയൂ

വേനലിലും മഴയത്തും അവധിയില്ലാതെ പണിയെടുക്കുന്നവരാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍. പക്ഷേ, വിലക്കയറ്റം കാരണം കിട്ടുന്ന തുച്ഛമായ വരുമാനം പമ്പില്‍ നല്‍കാനേ തികയുന്നുള്ളൂ - കാക്കനാട് സ്റ്റാന്‍ഡിലെ സാബു പറഞ്ഞു. ഡീസല്‍വില മുപ്പതും നാല്‍പ്പതും പൈസ നിരക്കില്‍ ആഴ്ചതോറും വര്‍ധിക്കുമ്പോള്‍ ശ്രദ്ധിക്കാറില്ല.

ഒരു മാസമാകുമ്പോള്‍ മൂന്നും നാലും രൂപയുടെ വര്‍ധനയുണ്ടാകുമ്പോഴാണ് ബുദ്ധിമുട്ടറിയുന്നത്. ഓട്ടോറിക്ഷ തൊഴിലാളി (ഐ.എന്‍.ടി.യു.സി.) തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് കൂടിയായ സാബു പറഞ്ഞു.

നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത

നിരക്ക് വര്‍ധന വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 30 രൂപയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്താന്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഉടനെ തന്നെ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. -എം.ബി. സ്യമന്തഭദ്രന്‍, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷന്‍-സി.ഐ.ടി.യു.

പ്രതീക്ഷകള്‍ തെറ്റുന്നു

ഓട്ടം വളരെ കുറവാണ്, മറുനാട്ടുകാരുടെ ഓട്ടമാണ് പിടിച്ചുനിര്‍ത്തിയിരുന്നത്. പ്രളയം വന്നപ്പോള്‍ പേടിച്ചും പണി നഷ്ടപ്പെട്ടും ഇക്കൂട്ടര്‍ കൂട്ടത്തോടെ തിരിച്ചുപോയത് വലിയ തിരിച്ചടിയായി- കാലടിയിലെ ഓട്ടോ ഡ്രൈവര്‍മാരായ കെ.വി. വില്‍സനും അബ്ദുള്‍ റഹ്മാനും പറഞ്ഞു.

ഓട്ടോ ഓടിച്ചു മാത്രം ഉപജീവനം കഴിക്കാം എന്ന പ്രതീക്ഷകള്‍ തെറ്റുകയാണ്. ഇന്ധനമടിക്കാന്‍ പമ്പിലും അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ഷോപ്പിലും നല്‍കുന്ന തുക കിഴിച്ചാല്‍ പോക്കറ്റിലിടാന്‍ ബാക്കിയൊന്നുമുണ്ടാകില്ല. 700 രൂപ വരെ ഓടിക്കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ 350 രൂപയൊക്കെ കിട്ടിയാലായി, അവര്‍ പറഞ്ഞു.

ഊബര്‍ എത്തിയത് തിരിച്ചടി

ഇന്ധന വിലവര്‍ധനയ്‌ക്കൊപ്പം ഊബര്‍ ടാക്‌സികളുടെ വരവും കളമശ്ശേരിയില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്നവര്‍ക്ക് തിരിച്ചടിയായെന്ന് ഡ്രൈവേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു.) കളമശ്ശേരി മേഖലാ സെക്രട്ടറി കെ. സദാശിവന്‍ പറഞ്ഞു. ഊബര്‍ വന്നതോടെ ഇടത്തരക്കാരും വിദ്യാസമ്പന്നരും ഓട്ടോറിക്ഷകളെ ഉപേക്ഷിച്ചു.

നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും ആലുവ, എറണാകുളം റെയില്‍വേ സ്റ്റേഷനിലേക്കും ഒക്കെ ഓട്ടം പോയിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. സ്‌കൂള്‍ ഓട്ടം കൊണ്ടാണ് പലരും പിടിച്ചുനില്‍ക്കുന്നത്. കളമശ്ശേരി നഗരസഭാ പ്രദേശത്തെ വിവിധ ഇടങ്ങളിലായി 750-ലേറെ ഓട്ടോറിക്ഷകളാണുള്ളത്.

എത്ര ഓടിച്ചാലും കീശ കാലി

ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്താമെന്ന ധൈര്യം ഇപ്പോഴില്ല. എത്ര ഓടിച്ചാലും വൈകുന്നേരം ആകുമ്പോള്‍ പോക്കറ്റ് കാലിയാകുന്ന സ്ഥിതിയാണ്. നേരത്തെ നിത്യവും 200 രൂപയ്ക്ക് ഇന്ധനം അടിച്ചാണ് ഓടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതേ ഓട്ടത്തിന് 300-350 രൂപയുടെ ഇന്ധനം വേണം. ഓട്ടോയുടെ അറ്റകുറ്റപ്പണി കൂടിയാകുമ്പോള്‍ വലിയ നഷ്ടമാണ്. ആലുവയില്‍ ഓട്ടോ ഓടിക്കുന്ന അജീഷ് കുമാര്‍ പറഞ്ഞു.

ഇരട്ട പ്രഹരമായി ഇന്ധനവിലയും പ്രളയവും

ഇന്ധനവില വര്‍ധനയില്‍ പിടിച്ചുനില്‍ക്കാനാകാതെ തളര്‍ന്ന കിഴക്കന്‍ മേഖലയിലെ ഓട്ടോ തൊഴിലാളികള്‍ക്ക് വെള്ളപ്പൊക്കം നല്‍കിയത് ഇരട്ട പ്രഹരമാണ്. പല ഡ്രൈവര്‍മാരും വണ്ടി ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ചു കഴിഞ്ഞു. മേഖലയില്‍ ടാറിങ്, പെയിന്റിങ് മേഖലയിലേക്ക് ഓട്ടോ തൊഴിലാളികള്‍ തിരിയുകയാണ്.

ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ 35 ശതമാനം കുറവു വന്നുവെന്നാണ് മൂവാറ്റുപുഴയിലെ ഓട്ടോ തൊഴിലാളിയായ എം.ജെ. ഷാജി പറയുന്നത്. പോസ്റ്റോഫീസ് കവലയില്‍ ശരാശരി 1,000 രൂപയ്ക്ക് ഓടിയിരുന്ന ഓട്ടോറിക്ഷയ്ക്ക് ഇപ്പോള്‍ കിട്ടുന്നത് ശരാശരി 500-750 രൂപ മാത്രമാണ്.

ഓടിയാല്‍ മുതലാവില്ല

അടിക്കടിയുള്ള ഇന്ധനവില വര്‍ധനയും തകര്‍ന്ന റോഡുകളും കാരണം പിടിച്ചുനില്‍ക്കാനാവുന്നില്ല, ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതുകൊണ്ട് ഓടിക്കുന്നു, അല്ലെങ്കില്‍ വീട് പട്ടിണിയിലാവും - നേര്യമംഗലത്തെ ഓട്ടോഡ്രൈവര്‍ കെ.എം. മുസ്തഫ പറഞ്ഞു. തകര്‍ന്നുകിടക്കുന്ന റോഡിലൂടെ ഓട്ടം പോകാന്‍ ഇരട്ടി ചാര്‍ജ് വാങ്ങും. ടാറിങ് പൊളിഞ്ഞതാണ് മിക്ക റോഡുകളും. ഇതുവഴി ഓടിച്ചാല്‍ മൈലേജ് കിട്ടില്ല. ടയര്‍ പൊട്ടലും തേയ്മാനവും കൂടുതല്‍.

ഗ്രാമീണ മേഖലയില്‍ ഒരു മാസമായി ഓട്ടം തീരെ കുറവാണെന്ന് മുസ്തഫ ചൂണ്ടിക്കാട്ടി. ഇന്ധന വിലയിലും സ്പെയര്‍പാര്‍ട്സിലുമുണ്ടായ വര്‍ധനയും ഇന്‍ഷുറന്‍സ്, ടാക്‌സ് നിരക്കിലുണ്ടായ ഭീമമായ വര്‍ധനയും താങ്ങാവുന്നതിലേറെയാണെന്ന് വാരപ്പെട്ടിയിലെ ഓട്ടോ ഡ്രൈവര്‍ എം.ആര്‍. അനില്‍കുമാര്‍ പറഞ്ഞു.

ഇട്ടിട്ടുപോകുന്നില്ലെന്നു മാത്രം

പഠിച്ച തൊഴില്‍ ഇതായതുകൊണ്ടുമാത്രമാണ് ഈ രംഗത്ത് തുടരുന്നതെന്ന് ഞാറയ്ക്കല്‍ ആശുപത്രി കവലയിലെ ഓട്ടോ ഡ്രൈവര്‍മാരായ കെ.എ. അഭിലാഷും എം.എ. രഞ്ജിത്തും പറഞ്ഞു. ഒരു ദിവസം ശരാശരി നാല് ലിറ്റര്‍ ഡീസല്‍ അടിക്കേണ്ടി വരുന്നുണ്ട്. താങ്ങാവുന്നതിനപ്പുറമാണ് വിലവര്‍ധന.

വരുമാനം മൂന്നിലൊന്ന് കുറഞ്ഞു

ഇന്ധന വിലവര്‍ധന ഓട്ടോക്കാരെ വല്ലാതെ വലയ്ക്കുന്നുവെന്ന് അല്ലപ്ര കുരിശ് ജങ്ഷനില്‍ ഓട്ടോ ഓടിക്കുന്ന നിഷ പറയുന്നു. മുന്‍പ് 200 രൂപയ്ക്ക് ഡീസലടിച്ചാല്‍ വൈകീട്ടാകുമ്പോഴേയ്ക്കും 800 രൂപയെങ്കിലും ലഭിക്കുമായിരുന്നു. ഇപ്പോള്‍ അത് 600 ആയി കുറഞ്ഞു. സാമ്പത്തിക മാന്ദ്യം മൂലം ആളുകള്‍ ഓട്ടോ വിളിക്കുന്നതും കുറവായി.

ഓട്ടോ വിളിക്കാനാളില്ല

പെട്ടെന്നൊരു മഴ വന്നാല്‍ പോലും പറവൂരിലിപ്പോള്‍ ഓട്ടോ വിളിക്കുന്നവര്‍ കുറഞ്ഞു. മേഖലയില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ഓടിയാല്‍ കിട്ടുന്നത് ആയിരം രൂപ. 300 രൂപ ഡീസല്‍ ചാര്‍ജും 300 രൂപ ഓട്ടോ മുതലാളിക്കും കൊടുത്താല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കിട്ടുന്നത് 400 രൂപയാണ്.

ഈ രംഗത്ത് പിടിച്ചുനിന്ന് കുടുംബം പുലര്‍ത്തുക ബുദ്ധിമുട്ടാണെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റിയംഗം കൂടിയായ ഓട്ടോ ഡ്രൈവര്‍ എം.യു. അഷറഫ് പറഞ്ഞു. ഇന്ധനവില മാത്രമല്ല ഇന്‍ഷുറന്‍സ് പ്രീമിയവും നാലു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം പി. ആര്‍. പ്രസാദ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

ഫാസ്റ്റാകാന്‍, ഫാസ്ടാഗ് എടുക്കാം; എവിടെ കിട്ടും, എങ്ങനെ എടുക്കാം

Dec 2, 2019


mathrubhumi

2 min

ഇന്ധനച്ചെലവ് വളരെ കുറവ്, രാജ്യത്ത് ഇ-സ്‌കൂട്ടറുകളുടെ കാലം വരുന്നു...

Oct 7, 2019