നമ്മുടെ നാട്ടില്‍ ഇന്ന് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഒന്നാണ് റെന്റ് എ കാര്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ എത്തുന്ന സെല്‍ഫ് ഡ്രൈവ് ഇഷ്ടപ്പെടുന്ന ആളുകളാണ് ഈ സേവനം ഉപയോഗിക്കുന്നത്. ഒരു ദിവസം മുതല്‍ ദീര്‍ഘ നാളത്തേക്കും ഇത്തരം കാറുകളെ ലഭ്യമാക്കുന്നുണ്ട്.
വാടകയ്ക്ക് കാറുകള്‍ എടുക്കുന്നതിന് മുമ്പ് അടിസ്ഥാനമായി ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം.
- അംഗീകൃത സംവിധാനത്തില്‍ നിന്നുള്ള വാഹനത്തെയാണ് നിങ്ങള്‍ ആശ്രയിക്കുന്നതെന്ന ഉറപ്പാക്കണം. അല്ലാത്ത വാഹനങ്ങളെ ആശ്രയിക്കുന്നവര്‍ക്കുള്ള നൂലാമാലകള്‍ ഏറെയാണ്.
- പൊതുവെ ടാക്‌സി സംവിധാനത്തിനെതിരേയുള്ള വെല്ലുവിളിയാണിതെന്നാണ് ആക്ഷേപങ്ങള്‍. എന്നാല്‍, നിയമപരമായിട്ടുള്ളതും അതേസമയം, സെല്‍ഫ് ഡ്രൈവിങ് ഇഷ്ടപ്പെടുന്ന ആളുകളുമാണ് ഈ സംവിധാനത്തെ ആശ്രയിക്കുന്നത് ഈ ആക്ഷേപത്തിന്റെ മുന ഒടിക്കുന്നതാണ്.
- റെന്റ് എ കാറുകളെ തിരിച്ചറിയാനുള്ള ഏറ്റവും പ്രധാനമാര്‍ഗം നമ്പര്‍ പ്ലേറ്റുകളാണ്. ടാക്‌സികളില്‍ സാധാരണ മഞ്ഞ ബോര്‍ഡില്‍ കറുത്ത അക്ഷരത്തിലാണ് നമ്പര്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍, റെന്റ്-എ-കാറുകളില്‍ ഇത് കറുപ്പ് ബോര്‍ഡില്‍ മഞ്ഞ അക്ഷരത്തിലായിരിക്കും. ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ ആളുകള്‍ വാടകയ്ക്ക് ലഭ്യമാണ്. ഇത് കള്ള ടാക്‌സിക്ക് സമമാണ്.
- വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേകം ഇന്‍ഷുറന്‍സ് സംവിധാനമാണ് ഒരുക്കുന്നത്. ഇത് വാഹനങ്ങള്‍ക്ക് അപകടമുണ്ടായാല്‍ വാഹനത്തിലെ യാത്രക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുണ്ട്. എന്നാല്‍, ഓരോ കമ്പനിയുടെ പോളിസിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വാഹനത്തിന്റെ നോ ക്ലെയിം ബോണസ് ഇടാക്കാറുണ്ട്.
- റെന്റ് എ കാര്‍ വാഹനങ്ങള്‍ ടാക്‌സി വിഭാഗത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇത്തരം വാഹനങ്ങള്‍ എടുക്കുന്നവര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന ബാഡ്ജ് ആവശ്യമില്ലെന്നതാണ് പ്രത്യേകത. അംഗീകൃത ലൈസന്‍സ് ഉള്ളവര്‍ക്ക് വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ നിരത്തിലിറക്കാം.
- കേരളത്തില്‍ നിന്ന് വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളുമായി മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ അവിടെ ഓടിക്കുന്നതിനുള്ള പെര്‍മിറ്റ് എടുക്കണം. ഇത് വാഹനം എടുക്കുന്നവരുടെ ഉത്തരവാദിത്വമാണ്. വാടക കാറുകള്‍ ടാക്‌സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാണ് മറ്റ് സംസ്ഥാനങ്ങളുടെ പെര്‍മിറ്റ് എടുക്കേണ്ടി വരുന്നത്.
- കിലോമീറ്റര്‍ വാടകയിലും ദിവസ വാടകയ്ക്കും റെന്റ്-എ-കാറുകള്‍ നല്‍കുന്നുണ്ട്. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം സേവന ദാതാക്കളാണ് നല്‍കുന്നത്. എന്നാല്‍, കൂടുതല്‍ ദിവസത്തേക്ക് എടുക്കുന്ന വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് വാഹനം എടുക്കുന്നവരുടെ ഉത്തരവാദിത്വമാണ്.
- മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം മാത്രമേ ഒരു വാഹനം വാടകയ്ക്ക് നല്‍കാന്‍ കഴിയൂ. അഞ്ച് വര്‍ഷത്തിന് ശേഷം റെന്റ്-എ-കാര്‍ പെര്‍മിറ്റില്‍ വാഹനം ഓടിക്കാന്‍ സാധികില്ല. അതുകൊണ്ട് തന്നെ വാഹനത്തിന്റെ കാര്യക്ഷമത നിലനിര്‍ത്താന്‍ സാധിക്കും.