പുതുപുത്തന്‍ ചേതക് വന്നു; മറഞ്ഞത് പതിറ്റാണ്ടുകള്‍ നിരത്ത് കീഴടക്കിയ സ്‌കൂട്ടര്‍


സി.ജെ

അരനൂറ്റാണ്ടോളം ഇന്ത്യക്കാരുടെ മനസിലുണ്ടായിരുന്ന ചേതക്കിനെയാണ് വാഹന പ്രേമികള്‍ക്ക് പുതിയ രൂപത്തില്‍ കാണേണ്ടിവരുന്നത്.

ചേതക്കിന്റെ രണ്ടാം വരവ് കാത്തിരുന്നവരെ ബജാജ് ഞെട്ടിച്ചുകളഞ്ഞു. വരും തലമുറയ്ക്കുവേണ്ടി ഇലക്ട്രിക് ചേതക്കിനെയാണ് അവര്‍ വിപണിയിലെത്തിച്ചത്. വിദേശ നിര്‍മാതാക്കള്‍പോലും ഐക്കോണിക് മോഡലുകളുടെ ഇലക്ട്രിക് വകഭേദങ്ങള്‍ അണിയറയില്‍ ഒരുക്കുന്നതിനിടെയാണ് ബജാജിന്റെ ഞെട്ടിക്കല്‍. എന്നാല്‍, തനത് രൂപഭാവങ്ങള്‍ നിലനിര്‍ത്തി ജാവ തിരിച്ചുവന്നതുപോലെ ചേതക്കും തിരിച്ചെത്തുമെന്ന് ഇന്നലെകളില്‍ അതിനെ ആരാധിച്ചിരുന്ന ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നിരിക്കാം. എന്നാല്‍ തലമുറകളുടെ മനസില്‍ ഇടംനേടിയ ആ പഴയ ചേതക്കിന്റെ രൂപഭാവങ്ങളൊന്നും ആവര്‍ത്തിക്കാത്ത ആധുനിക സ്‌കൂട്ടറിനെയാണ് അവര്‍ വിപണിയിലെത്തിച്ചത്.

അരനൂറ്റാണ്ടോളം ഇന്ത്യക്കാരുടെ മനസിലുണ്ടായിരുന്ന ചേതക്കിനെയാണ് വാഹന പ്രേമികള്‍ക്ക് പുതിയ രൂപത്തില്‍ കാണേണ്ടിവരുന്നത്. വെസ്പ നിര്‍മാതാക്കളായ പിയാജിയോയില്‍നിന്ന് ലൈസന്‍സ് സ്വന്തമാക്കിയാണ് 1972ല്‍ ബജാജ് ആദ്യ സ്‌കൂട്ടര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. അന്നത്തെ വെസ്പ സ്‌കൂട്ടറുകളുടെ രൂപമായിരുന്നു ആദ്യ ചേതക്കിന്. പിന്നീട് ചെറിയ ചെറിയ മാറ്റങ്ങളോടെ ബജാജിന്റെ ചേതക് പതിറ്റാണ്ടുകളോളം ഇന്ത്യന്‍ മനസുകളില്‍ നിറഞ്ഞുനിന്നു. വെസ്പയുടെ സ്‌കൂട്ടറുകള്‍ പിന്നീട് ഇന്ത്യയിലെത്തിയിട്ടും ചേതക് തലയുയര്‍ത്തി നിന്നു. പിന്നീട് ചേതക്കും വെസ്പ മോഡലുകളുമായി ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട സ്‌കൂട്ടറുകള്‍.

അക്കാലത്തെ മോട്ടോര്‍ സൈക്കിളുകളെക്കാള്‍ വിലക്കുറവും പ്രായോഗികതയും അറ്റകുറ്റപ്പണികള്‍ക്കുള്ള കുറഞ്ഞ ചിലവും അടക്കമുള്ളവയാണ് ചേതക്കിനെ ഇന്ത്യക്കാരുടെ പ്രിയ സ്‌കൂട്ടറാക്കി മാറ്റിയത്. കുടുംബത്തിന് മുഴുവന്‍ സഞ്ചരിക്കാന്‍ ചേതക് ധാരാളമായിരുന്നു. ചാക്കുകെട്ടുകളും ഗ്യാസ് സിലിണ്ടറും അടക്കമുള്ളവ ഇന്ത്യക്കാര്‍ അതില്‍ കൊണ്ടുപോയി. ഗുണനിലവാരവും വിശ്വാസ്യതയുമാണ് ചേതക്കിനെ ജനപ്രിയമാക്കിയത്. അന്നത്തെ പരുക്കന്‍ റോഡുകള്‍ക്ക് ഏറ്റവും ഇണങ്ങിയത് ചേതക് ആണെന്ന് കരുതപ്പെട്ടിരുന്നു. ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റാര്‍ട്ടാകുന്ന സ്‌കൂട്ടറുകളുടെ കാലമായിരുന്നില്ല അത്. വ്യവസായികളും ഉന്നത ഉദ്യോഗസ്ഥരും മുതല്‍ കര്‍ഷകര്‍വരെ ചേതക്കില്‍ പറന്നു.

എണ്‍പതുകളോടെയാണ് വെസ്പ സ്പിരിറ്റ് അധിഷ്ഠിത രൂപത്തിന് ബജാജ് മാറ്റംവരുത്താന്‍ തയ്യാറായത്. 1980കളില്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ചേതക് തനത് രൂപഭംഗി നിലനിര്‍ത്തിക്കൊണ്ടുതന്നെ ബജാജ് വിപണിയിലെത്തിച്ചു. അവിശ്വസനീയമായ ഡിമാന്‍ഡായിരുന്നു ചേതക്കിന്. വര്‍ഷങ്ങള്‍ കാത്തിരുന്നാല്‍ മാത്രം ചേതക് സ്വന്തമാക്കാന്‍ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു. ബുക്കുചെയ്ത ചേതക് കിട്ടാന്‍ വൈകിയതിനാല്‍ വിവാഹങ്ങള്‍പോലും മാറ്റിവെക്കപ്പെട്ടു. ദൂരദര്‍ശനിലൂടെ ജനങ്ങളിലെത്തിയ ഹമാര ബജാജ് പരസ്യവും ചേതക് അടക്കമുള്ളവയ്ക്കൊപ്പം വമ്പന്‍ ഹിറ്റായി.

90കളില്‍ ജാപ്പനീസ് നിര്‍മാതാക്കളുടെ മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുകയറും വരെ ചേതക് ആധിപത്യം തുടര്‍ന്നു. കൈനറ്റിക് ഹോണ്ടയുടെ സ്‌കൂട്ടറിന് പിന്നാലെ ഗിയറില്ലാത്ത സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിയതോടെയാണ് ഇന്ത്യക്കാരുടെ അഭിരുചികള്‍ക്ക് നേരിയ മാറ്റംവന്നു തുടങ്ങിയത്. 2005 ഡിസംബറില്‍ ചേതക് നിര്‍മാണം ബജാജ് അവസാനിപ്പിച്ചു. എന്നാല്‍, ചേതക്കുകള്‍ ഇന്നും ഓട്ടം തുടരുന്നു. വൈദ്യുത വാഹനങ്ങളിലേക്ക് രാജ്യം ചുവടുമാറി തുടങ്ങുമ്പോഴാണ് ഇലക്ട്രിക് സ്‌കൂട്ടറായി ചേതക്കിന്റെ രണ്ടാം വരവ്. ജാവയും റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററും അടക്കമുള്ളവ മുന്‍കാല മോഡലുകള്‍ വീണ്ടും വിപണിയിലെത്തിക്കുന്ന കാലത്ത് ചേതക്ക് ആദ്യകാല രൂപഭംഗിയോടെ വീണ്ടും വരുമോ ? കാത്തിരുന്ന് കാണാം.

Content Highlights; iconic bajaj chetak scooter history, chetak returns in electric avatar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram