വേഗരാജാവായി ബുഗാട്ടി, ഷിറോണ്‍ ലോകത്തെ ഏറ്റവും വേഗതയേറിയ കാര്‍...


അരുണ്‍ ആര്‍ ചന്ദ്രന്‍

ജര്‍മനിയിലെ എറ ലെഷന്‍ റേസ് ട്രാക്കില്‍ 304.773 mph വേഗത കൈവരിച്ചാണ് ബുഗാട്ടി ഷിറോണ്‍ പ്രീ പ്രൊഡക്ഷന്‍ മോഡല്‍ ലോകത്തെ വേഗരാജാവായത്.

ടുവില്‍ ബുഗാട്ടി ആ നേട്ടം കരസ്ഥമാക്കി, 300 mph (482.803 kmp) വേഗപരിധി മറികടന്ന ലോകത്തെ ആദ്യ കാര്‍ എന്ന ബഹുമതി ബുഗാട്ടി ഷിറോണിന് സ്വന്തം. ജര്‍മനിയിലെ എറ ലെഷന്‍ റേസ് ട്രാക്കില്‍ 304.773 mph (490.484 km/h) വേഗത കൈവരിച്ചാണ് ബുഗാട്ടി ഷിറോണ്‍ പ്രീ പ്രൊഡക്ഷന്‍ മോഡല്‍ ലോകത്തെ വേഗരാജാവായത്. ജര്‍മനിയിലെ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ അസോസിയേഷനാണ് ഈ റെക്കോര്‍ഡ് നേട്ടം നിര്‍ണയിച്ചത്.

ഷിറോണിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന ബ്രിട്ടീഷുകാരനായ ആന്‍ഡി വാലെസും റെക്കോര്‍ഡ് പുസ്തകത്തില്‍ സ്ഥാനം പിടിച്ചു. ഇതാദ്യമായല്ല ആന്‍ഡി വാലെസ് ഇത്തരമൊരു ഉദ്യമത്തിന് വളയം പിടിക്കുന്നത്. 1998-ല്‍ മക്ലാരന്‍ എഫ്1 കാറിനെ ഇതേ ട്രാക്കില്‍ 391 km/h (243 mph) വേഗത്തില്‍ ഓടിച്ച കക്ഷിയാണിദ്ദേഹം.

കഴിഞ്ഞ കുറേ നാളുകളായി ബുഗാട്ടിയോടൊപ്പം കൊയെനിഗ്സെഗ്, ഹെന്നെസി, എസ്.എസ്.സി തുടങ്ങിയ ഹൈപ്പര്‍ കാര്‍ നിര്‍മാതാക്കള്‍ ലക്ഷ്യമിട്ട ഈ മാജിക്കല്‍ വേഗപരിധി ആദ്യം കൈവരിച്ചതിലൂടെ ഈ രംഗത്തെ തങ്ങളുടെ അപ്രമാദിത്വം തെളിയിച്ചിരിക്കുകയാണ് ബുഗാട്ടി. ആറു മാസമായി ഈ ലക്ഷ്യം മാത്രം മുന്‍പില്‍കണ്ടുകൊണ്ട് അഹോരാത്രം പണിയെടുത്ത ബുഗാട്ടി, മിഷെലിന്‍ (ടയര്‍ നിര്‍മാതാക്കള്‍), ഡല്ലാറ (ഇറ്റാലിയന്‍ റേസിങ്ങ് എക്സ്സ്പെര്‍ട് കമ്പനി) എന്നിവയിലെ എഞ്ചിനീയര്‍മാരുടെ അധ്വാനത്തിന്റെ ഫലമാണിത്.

മണിക്കൂറില്‍ 490.484 കിലോമീറ്റര്‍ എന്ന വേഗം 'ശരിക്കും' മനസ്സിലാക്കാന്‍ ഒരു എളുപ്പവഴിയുണ്ട്: വെറും 10 സെക്കന്റ് കൊണ്ട് 1.36 കിലോമീറ്റര്‍ പിന്നിടാന്‍ സാധിക്കുന്ന വേഗം എന്നാലോചിച്ചാല്‍ മതി. ഇത്രയും വേഗത്തിലോടുമ്പോള്‍ ഡ്രാഗ് റിഡക്ഷനും, സ്റ്റെബിലിറ്റികും, സേഫ്റ്റിയ്ക്കും വേണ്ടി മുന്‍ ഷീറോണ്‍ മോഡലില്‍ നിന്നും ചില മാറ്റങ്ങള്‍ ഈ കാറില്‍ കൊണ്ടുവന്നിട്ടുണ്ട്. ലേസര്‍ നിയന്ത്രിതമായ റൈഡ് ഹൈറ്റ് കണ്‍ട്രോള്‍, 25 സെന്റീമീറ്റര്‍ അധിക നീളമുള്ള ചേസിസ്, ബുഗാട്ടി ചെന്റോഡിയേച്ചിയില്‍ കണ്ടതരം എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തോട് കൂടിയ റിയര്‍ സെക്ഷന്‍, ഒറിജിനല്‍ ഡൈനാമിക് റിയര്‍ വിങ്ങിനു പകരമായി ബോഡിയില്‍ ഇണക്കിച്ചേര്‍ത്ത സ്റ്റാറ്റിക് റിയര്‍ വിങ്, എടുത്തുമാറ്റിയ പാസഞ്ചര്‍ സീറ്റ്, സേഫ്റ്റി റോള്‍ കേജ്, സിക്‌സ് പോയന്റ് സീറ്റ് ബെല്‍റ്റ് എന്നിവ അതിലെ പ്രധാനപ്പെട്ടവയാണ്.

ഒറിജിനല്‍ ഷിറോണിലെ 8.0 ലിറ്റര്‍ ക്വാഡ് ടര്‍ബോ W16 എഞ്ചിനെ ട്യൂണ്‍ ചെയ്ത് 1578 bhp പവര്‍ ഔട്ട്പുട്ടോടെ 'തോര്‍' എന്ന ഓമനപ്പേരും നല്‍കിയാണ് റെക്കോര്‍ഡ് നേട്ടത്തിനുവേണ്ടി ബുഗാട്ടി ഒരുക്കിയത്. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ഗിയര്‍ ബോക്‌സും പ്രൊഡക്ഷന്‍ കാറിലേതിന് സമാനം. പ്രത്യേകം ഡിസൈന്‍ ചെയ്ത മിഷലിന്‍ പൈലറ്റ് സ്പോര്‍ട് കപ്പ്2 ടയറുകള്‍ 5300-G ഫോഴ്‌സ് വരെ സമ്മര്‍ദ്ദം താങ്ങാന്‍ ശേഷിയുള്ളവയാണ്. ഷിറോണ്‍ പരമാവധി വേഗതയില്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ മിനിറ്റില്‍ 4100 തവണ എന്ന നിരക്കിലായിരുന്നു വീലുകള്‍ കറങ്ങിക്കൊണ്ടിരുന്നത്. നിര്‍മാണത്തിന് ശേഷവും ഒട്ടേറെ ടെസ്റ്റുകളും x-ray ഇന്‍സ്‌പെക്ഷനും കഴിഞ്ഞു ഓട്ടത്തിനു തൊട്ടു മുന്‍പാണ് ഈ ടയറുകള്‍ കാറില്‍ ഘടിപ്പിച്ചത്. വേഗറെക്കോര്‍ഡ് തകര്‍ക്കുവാന്‍ ഇറങ്ങിത്തിരിച്ച ഈ ഷിറോണിന് യോജിച്ച തരത്തില്‍ ഓറഞ്ച് സ്ട്രൈപ്പോട് കൂടിയ ബ്ലാക്ക് കളര്‍ ലിവറിയാണ് ബുഗാട്ടി നല്‍കിയത്.

ഉയര്‍ന്ന വേഗത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റെക്കോര്‍ഡ് ഓട്ടത്തിനു മുന്‍പ് 21 കിലോമീറ്റര്‍ നീളമുള്ള എറ ലെഷന്‍ ട്രാക്കിലെ 3 ലേന്‍ ട്രാക്ക് മുഴുവന്‍ പ്രത്യേകതരം മാറ്റുകൊണ്ട് തുടച്ചു പൊടിയും കല്ലും നീക്കിയാണ് ഈ ഉദ്യമത്തിനു വേണ്ടി സജ്ജമാക്കിയത്.

ബുഗാട്ടി പ്രസിഡന്റായ സ്റ്റെഫാന്‍ വിന്‍കേള്‍മാന്റെ പ്രസ്താവന അനുസരിച്ച് ഈ നേട്ടത്തോടെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ കാര്‍ നിര്‍മ്മിക്കുന്നതിനുള്ള 'മത്സരത്തില്‍' നിന്നും ബുഗാട്ടി പിന്‍വാങ്ങുകയാണ്. ഏറ്റവും വേഗമേറിയ കാറുകള്‍ നിര്‍മിക്കുന്നത് ബുഗാട്ടിയാണെന്ന കാര്യം ഒട്ടനവധി തവണ ലോകത്തിനു മുന്‍പില്‍ തെളിയിച്ചതിനാല്‍ ഇനി ഞങ്ങളുടെ ശ്രദ്ധ മറ്റു രംഗങ്ങളിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും മറ്റു കാര്‍ കമ്പനികള്‍ എന്നെങ്കിലും ഈ റെക്കോര്‍ഡിനൊപ്പമെത്തിയാല്‍ത്തന്നെ ബുഗാട്ടിക്ക് വേണമെങ്കില്‍ 'ബിഗ്ബി' സിനിമയില്‍ മമ്മൂക്ക പറഞ്ഞ പോലെ 'നീയൊക്കെ അര ട്രൗസറും ഇട്ടോണ്ട് അജന്തേലു ആദിപാപം കണ്ടോണ്ടു നടക്കണ ടൈമില് നമ്മളീ സീന്‍ വിട്ടതാ..' എന്ന പോലെ ഒരു മാസ്സ് ഡയലോഗ് കാച്ചാം എന്ന് സാരം.

കമ്പനിയുടെ നൂറ്റിപ്പത്താം സ്ഥാപകവാര്‍ഷികമാഘോഷിക്കുന്ന ഈ വേളയില്‍ തങ്ങളുടെ നേട്ടങ്ങളുടെ നിരയിലേക്ക് ഒരു പൊന്‍കിരീടം കൂടി ചേര്‍ക്കാനായത്തില്‍ ബുഗാട്ടിക്ക് അഭിമാനിക്കാം.

Content Highlights; bugatti chiron breaks the 300 mph barrier, fastest car in the world

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram