സൈക്കിള്‍യാത്രയ്ക്കിടെ. ഫോട്ടോ - കെ.കെ. പ്രവീണ്‍
കോഴിക്കോട് നഗരത്തിരക്കില്‍ ഈ എണ്‍പത്തൊന്നുകാരനെ നാം പലവട്ടം കണ്ടിട്ടുണ്ട്. സൈക്കിളില്‍, കുപ്പായംപോലുമിടാതെ. എല്ലാവരും സ്നേഹത്തോടെ സൈക്കിള്‍ സ്വാമിയെന്നു വിളിക്കുന്ന ടി.പി. രാമചന്ദ്രന്‍ നായരുടെ ആരോഗ്യരഹസ്യവും ഈ സൈക്കിള്‍ തന്നെയാണ്. രാമചന്ദ്രന്‍ നായര്‍ ഇപ്പോഴുപയോഗിക്കുന്നത് നാലാമത്തെ സൈക്കിളാണ്. എത്ര തിരക്കുള്ള റോഡിലും തന്റെ വാഹനം സുഖയാത്ര നല്കുന്നുവെന്ന് സ്വാമി. ഇന്ധനച്ചെലവില്ല, മലിനീകരണമില്ല, വണ്ടിക്കൂലി നല്‍കുകയും വേണ്ട. ഒപ്പം നല്ല വ്യായാമവുമാവും. മെഡിക്കല്‍ കോളേജിലോ സിവില്‍ സ്റ്റേഷനിലോ ഒക്കെ പോകേണ്ടിവരുമ്പോഴും സൈക്കിളില്‍ തന്നെയാണ് സവാരി.
തിരുവനന്തപുരത്തോ എറണാകുളത്തോ പോകുമ്പോള്‍ അദ്ദേഹം സൈക്കിള്‍ നേരത്തേതന്നെ ട്രെയിനില്‍ അയയ്ക്കും. രാമചന്ദ്രന്‍ നായര്‍ സ്റ്റേഷനില്‍ ഇറങ്ങും മുമ്പേ സൈക്കിള്‍ അവിടെയെത്തിയിരിക്കും. പിന്നെ സന്തതസഹചാരിയായ സൈക്കിളില്‍ ലക്ഷ്യസ്ഥാനത്തേക്ക്. മറ്റുവാഹനങ്ങള്‍ ഇഷ്ടമല്ല. സൈക്കിള്‍ പ്രേമം തുടങ്ങിയ ശേഷം ഒരിക്കലും ബസില്‍ യാത്രചെയ്തിട്ടില്ല.
ചെറുബാലനെപ്പോലെ ഇപ്പോഴും ചുറുചുറുക്കോടെ സൈക്കിള്‍ ചവിട്ടാന്‍ കഴിയും. ചിലപ്പോള്‍ സവാരി ഉച്ചവെയില്‍ കനക്കുംവരെ നീളും. അല്പം യോഗ, മുടങ്ങാത്ത പ്രാണായാമം എന്നിവയും ശീലമാണ്. മെലിഞ്ഞ ശരീരത്തിന് നല്ല ആത്മബലമുണ്ട്. മരിച്ചുപോയ അമ്മ മാലതിയമ്മ അദൃശ്യസാന്നിധ്യമായി മനസ്സില്‍ എപ്പോഴും ഉള്ളിലുള്ളതിനാലാണ് ഇത്രമനക്കരുത്തെന്ന് സ്വാമി പറയുന്നു.
നാലുവര്‍ഷംമുമ്പ് മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് വലതുകാല്‍ ഒടിഞ്ഞു. കമ്പിയിട്ട കാലുമായാണ് ഇപ്പോള്‍ സൈക്കിള്‍ ചവിട്ടുന്നത്. അന്നുമുതല്‍ സൈക്കിളും യാത്രികനും ഇന്‍ഷുറന്‍സ് പരിരക്ഷയെടുത്തു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് സൈക്കിള്‍ ഇന്‍ഷുറന്‍സ് നടത്തിയിട്ടുള്ളത്. 458 രൂപ പ്രതിവര്‍ഷം പ്രീമിയം തുക. അക്കാര്യമൊക്കെ സൈക്കിളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഏതാനും വര്‍ഷംമുമ്പ് ഒരു സങ്കീര്‍ണ ശസ്ത്രക്രിയ വേണ്ടിവന്നു. അതിനുശേഷം ഭക്ഷണംപോലും കാര്യമായി കഴിക്കാനാവില്ല. വെള്ളവും ദ്രവരൂപത്തിലുള്ള ഭക്ഷണവും കഴിക്കും. ഒ.ആര്‍.എസ്. ലായനിയും സായ്ബാബ മന്ദിരത്തില്‍നിന്നും പന്നിയങ്കരയിലെ ഒരു ഹോട്ടലില്‍നിന്നും സ്നേഹപൂര്‍വം നല്കുന്ന ഭക്ഷണവും വല്ലപ്പോഴും കഴിക്കും. ചെറുവണ്ണൂര്‍ കൊളത്തറ കരുവന്‍വയല്‍ സെയ്ന്റ് ആന്റണീസ് പള്ളിക്കുസമീപമാണ് ഇപ്പോള്‍ താമസിക്കുന്നത്. ഏതാനും വര്‍ഷംമുമ്പ് സൈക്കിള്‍ മോഷണംപോയത് സൈക്കിള്‍പ്രേമിക്ക് ഇന്നും വലിയ ദുഃഖമാണ്. നല്ലളം പോലീസില്‍ പരാതി നല്കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. 20-ാം വയസ്സില്‍ തുടങ്ങിയ സൈക്കിള്‍ യാത്രയിലെ ഏക ദുരനുഭവം. സൈക്കിള്‍ റിപ്പയര്‍ ചെയ്യാനറിയില്ലെങ്കിലും എപ്പോഴും സൈക്കിള്‍ നല്ല കണ്ടീഷനിലേ വെയ്ക്കൂ. അത്രയ്ക്ക് 'ചങ്കാ'ണ് സൈക്കിള്‍.
നടക്കാവ് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. രാഘവന്‍ നമ്പ്യാര്‍ക്കൊപ്പം കമ്പൗണ്ടറായും കോഴിക്കോട് നഗരത്തിലെ ലാംബട്ര ഡ്രൈവറായും വയനാട് സ്വകാര്യ എസ്റ്റേറ്റിലെ ട്രാക്ടര്‍ ഡ്രൈവറായുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറാം ക്ലാസുവരെയാണ് പഠിച്ചത്. കുറച്ചുകാലം കോഴിക്കോട് സെന്‍ട്രല്‍ വേര്‍ഹൗസില്‍ ജോലിചെയ്തു. ചെറിയ തോര്‍ത്തുമുണ്ടുടുത്ത്, കഴുത്തിലെ ചരടില്‍ മൊബൈല്‍ ഫോണ്‍ പൗച്ചുമായി നല്ലവേഗത്തില്‍ സൈക്കിളോടിക്കുന്ന രാമചന്ദ്രന്‍ നായരെ ന്യൂജെന്‍ കുട്ടികള്‍പോലും ആശ്ചര്യത്തോടെയാണ് കാണുന്നത്. വട്ടത്തില്‍ ചവിട്ടി നീളത്തില്‍ ഓടുന്ന ഇരുചക്രവാഹനത്തിലെ, വെണ്മയാര്‍ന്ന മുടിയും നീളന്‍ താടിയുമുള്ള സഞ്ചാരി അവര്‍ക്ക് കൗതുക്കാഴ്ചയാണ്. വനജമ്മയാണ് ഭാര്യ. രണ്ടുമക്കളും ഏഴ് പേരക്കുട്ടികളുമുണ്ട്.
Content Highlights; bicycle swami, tp ramachandran nair, bicycles lovers