ഈ സീസണിലെ F1 വേഗപോരാട്ടത്തില്‍ തീപാറിക്കുന്ന കാറുകള്‍ ഇവയാണ്...


By അരുണ്‍ ആര്‍. ചന്ദ്രന്‍

6 min read
Read later
Print
Share

ഏറ്റവും ആകര്‍ഷകമായ 2019 ലെ F1 കാറേതെന്നറിയാന്‍ ബിബിസി നടത്തിയ സര്‍വേയില്‍ F1 ആരാധകര്‍ ഒന്നാം സ്ഥാനം നല്‍കിയത് മക്ലാരന്‍ MCL 34 മോഡലിനാണ്.

സ്‌പെയിനിലെ 'ബാഴ്സലോണ-കാറ്റലൂണ്യ' റേസ് ട്രാക്കില്‍ ഫെബ്രുവരി 21ന് അവസാനിച്ച ഒന്നാം പ്രീ-സീസണ്‍ ടെസ്റ്റോടുകൂടി F1 - 2019 ന് കൊടിയേറിയിരിക്കുകയാണ്. മാര്‍ച്ച് 17ന് ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന ഗ്രാന്‍പ്രീയോടുകൂടി ഈ വേഗപ്പോരാട്ടത്തിന് തുടക്കം കുറിക്കും. 21 റേസുകളടങ്ങുന്നതാണ് 2019 ലെ F1 കലണ്ടര്‍. ഈ വര്‍ഷത്തെ റെഗുലേഷന്‍ മാറ്റങ്ങളും കാറുകളും ഒറ്റനോട്ടത്തില്‍...

പുതിയ മാറ്റങ്ങള്‍

2021 ല്‍ വലിയ റെഗുലേഷന്‍ മാറ്റം കൊണ്ടുവരുന്നതുകൊണ്ടായിരിക്കണം 2018നെ അപേക്ഷിച്ച് അത്ര വലിയ മാറ്റങ്ങള്‍ 2019 സീസണില്‍ ഇല്ല. എന്നാല്‍ ഉള്ളവ F1 ലെ ടീമുകളുടെ മത്സരക്ഷമത കൂട്ടുന്നതിന് പര്യാപ്തമായിട്ടുള്ളവയാണ്. സിംപിളായ, എന്നാല്‍ വീതിയും ഉയരവും കൂടിയ ഫ്രണ്ട് വിങ്ങുകളാണ് 2019 ലെ ഹൈലൈറ്റ്. ഒരു കാറിനെ പിന്തുടരുന്ന മറ്റൊരു കാറിന് ഉണ്ടാകുന്ന 'എയ്റോ ഡൈനാമിക് ഡിസ്റ്റര്‍ബന്‍സ്' കുറയ്ക്കുക. അതുവഴി ഓവര്‍ടേക്കിങ്ങിനുള്ള സാധ്യത വര്‍ധിപ്പിക്കുക. എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ മാറ്റം കൊണ്ടു വന്നിട്ടുള്ളത്. വലിപ്പം കുറഞ്ഞ പുതിയ ബാര്‍ജ് ബോര്‍ഡ്സ്, വലിപ്പമേറിയ പുതിയ റിയര്‍ വിങ്ങ്, കൂടിയ DRS ഓപണിങ്ങ് (+20mm), സിംപിള്‍ ഡിസൈനായ ബ്രേക്ക് ഡക്റ്റ് എന്നിവയാണ് ഇതിന് സഹായകമാകാന്‍ കൊണ്ടുവന്നിട്ടുള്ള മറ്റു മാറ്റങ്ങള്‍.

F1 റേസിങ്ങില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്കായി ബയോമെട്രിക് ഗ്ലൗവ്സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടുതല്‍ ദൃഢമായ സ്റ്റാന്‍ഡേര്‍ഡ് അനുസരിക്കുന്ന പുതിയ ഹെല്‍മറ്റും ഇതിന്റെ ഭാഗമാണ്. അതുപോലെ മോശം കാലാവസ്ഥയിലും വിസിബിലിറ്റി വര്‍ധിപ്പിക്കാന്‍ വേണ്ടി റിയര്‍ വിങ്ങ് എഡ്ജുകളില്‍ എല്‍.ഇ.ഡി.ലൈറ്റുകളും സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായുള്ളതാണ്. ഡ്രൈവറുടെയും കാറിന്റെയും ഭാരത്തിലെ വര്‍ധന, ഫ്യൂവല്‍ അലവന്‍സിലെ വര്‍ധനവ് (110 കിലോ -മുന്‍പ് 105 കിലോ) എന്നിവയും നേരത്തെ സൂചിപ്പിച്ച പോലെ മത്സരക്ഷമത കൂട്ടാന്‍ വേണ്ടിയുള്ള മാറ്റങ്ങളാണ്.

ടയറുകളുടെ വ്യത്യാസമാണ് എടുത്തുപറയേണ്ട മാറ്റം. കഴിഞ്ഞ വര്‍ഷങ്ങളിലുപയോഗിച്ച റെയിന്‍ബോ കളര്‍ സ്‌കീമിന് പകരം ചുവപ്പ് (സോഫ്റ്റ് ടയര്‍), മഞ്ഞ (മീഡിയം ടയര്‍), വെള്ള (ഹാര്‍ഡ് ടയര്‍) എന്നീ മൂന്നു നിറങ്ങള്‍ മാത്രമാണ് 2019 ല്‍ പിറെല്ലി ടയറുകളിലുണ്ടാവുക. അതേസമയം ഹൈപ്പര്‍ സോഫ്റ്റ്, അള്‍ട്രാ സോഫ്റ്റ്, സൂപ്പര്‍ സോഫ്റ്റ് എന്നീ പേരുകളും അപ്രത്യക്ഷമായി. C1, C2 എന്നിങ്ങനെ C5 വരെയുള്ള സൂചികയായിരിക്കും ടയര്‍ കോംപൗണ്ട് സൂചിപ്പിക്കാന്‍ ഉപയോഗിക്കുക. ഇതില്‍ C1 ഏറ്റവും കൂടിയ മെറ്റീരിയലും C5 ഏറ്റവും മൃദുവാര്‍ന്ന മെറ്റീരിയലുമാണ്.

റേസിങ്ങിനു മുമ്പ് ഗ്രിഡില്‍ വെച്ചുള്ള കാര്‍ പരിശോധനയ്ക്ക് പകരം 'സര്‍പ്രൈസ്' പരിശോധനകളാണ് ഈ സീസണിലുണ്ടാവുക. റേസ് സ്റ്റ്യുവാര്‍ഡ്സിന് എപ്പോള്‍ വേണമെങ്കിലും പരിശോധന നടത്താന്‍ അധികാരം നല്‍കുന്നതാണ് ഈ മാറ്റം. റേസ് റീസ്റ്റാര്‍ട്ടിലെ ഓവര്‍ടേക്കിങ്ങിനു പുതുതായി വന്ന മാനദണ്ഡം, റിയര്‍വ്യൂ മിററുകളിലെ ചെറു ഡിസൈന്‍ വ്യത്യാസം, ഓണ്‍ ബോര്‍ഡ് ക്യാമറ റെഗുലേഷന്‍ മാറ്റം എന്നിവയോടൊപ്പം റേസ് അവസാനം സൂചിപ്പിക്കാന്‍ ചെക്വേര്‍ഡ് ഫ്ളാഗിന്റെ കൂടെ ഒഫീഷ്യല്‍ ചെക്വേര്‍ഡ് ലൈറ്റ് പാനല്‍ എന്നതും കൂടിയാകുമ്പോള്‍ F1 - 2019 റൂള്‍സ് ആന്റ് റെഗുലേഷന്‍ മാറ്റങ്ങള്‍ പൂര്‍ണമായി.

2019 F1 കാറുകള്‍

അല്‍ഫ റൊമെയോ C 38

പുതിയ പേരുമാറ്റ ഡീലിനു ശേഷം സൗമ്പര്‍ മോട്ടോര്‍സ്പോര്‍ട്സ് എഞ്ചിനീയറിങ്ങ് നിര്‍വഹിച്ച അല്‍ഫ റൊമെയോ കാറാണിത്. 'ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരുവേന്‍' എന്ന മട്ടില്‍ 2019 ല്‍ ഏറ്റവും അവസാനം അനാവരണം ചെയ്യപ്പെട്ട കാറാണിത്. മനോഹരമായ ലിവറിയോടുകൂടിയ ഈ C 38 ല്‍ ഫെരാരിയുടെ ടിപോ-064-1.6L V6 ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണുള്ളത്. ഡയറക്ട് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടു കൂടിയ ഈ എഞ്ചിനോടൊപ്പം ഫെരാരിയുടെ തന്നെ കൈനറ്റിക് ആന്റ് തെര്‍മല്‍ എനര്‍ജി റിക്കവറി സിസ്റ്റവും ഉപയോഗിച്ചിരിക്കുന്നു. തന്റെ ആദ്യ F1 ടീമിലേക്കുള്ള കിമി റൈക്കോണിന്റെ തിരിച്ചുവരവാണ് 2019 ലെ ആല്‍ഫ റൊമെയോയുടെ ഒരു ഹൈലൈറ്റ്. തീര്‍ത്തും പരന്ന ഡിസൈനുള്ള ഫ്രണ്ട് വിങ്ങുകളാണ് C 38 ന്റെ മറ്റൊരു പ്രത്യേകത.

ഫെരാരി SF 90

മറ്റിയ ബിനോട്ടോ എന്ന പുതിയ ഫെരാരി ടീ പ്രീന്‍സിപള്‍ ഡിസൈന്‍ ചെയ്ത കാറാണ് SF 90. SF 71H ന്റെ പിന്‍ഗാമിയായി എത്തുന്ന ഇതില്‍ ഭാരം കുറയ്ക്കുന്നതിനുവേണ്ടി 'ഗ്ലോസ്' ടൈപ്പ് പെയിന്റിനു പകരം 'മാറ്റ്' ടൈപ്പ് ഫിനിഷ് ആണ് നല്‍കിയിട്ടുള്ളത്. ഫെരാരി ടിപോ 064-1.6 L V6 ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍, ഫെരാരി കൈനറ്റിക് ആന്റ് തെര്‍മല്‍ എനര്‍ജി റിക്കവറി സിസ്റ്റം എന്നിവയാണിതിലുള്ളത്. ഷെല്‍ കമ്പനിയുടെ ഫ്യൂവല്‍ ആന്റ് ലൂബ്രിക്കന്റ്സ് ഉപയോഗിക്കുന്ന SF 90 -യില്‍ OZ ന്റെ 13 ഇഞ്ച് ഫോര്‍ജ്ഡ് മഗ്‌നീഷ്യം വീലുകളാണുള്ളത്. ഒപ്പം വെന്റിലേറ്റഡ് ബ്രെംമ്പോ ബ്രേക്കുകളും. മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഫ്രണ്ട് വിങ്ങ് ഡിസൈനാണ് ഇതിനുള്ളത്. അതോടൊപ്പം മുന്‍പത്തേക്കാള്‍ ചെറിയ എഞ്ചിന്‍ കവര്‍ ഇതിന്റെ സവിശേഷതയാണ്. പുത്തന്‍ താരോദയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചാള്‍സ് ലെക്ലാക്, 4 തവണ വേള്‍ഡ് ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നിവരാണ് 2019-ല്‍ SF 90 യുടെ സാരഥികള്‍.

ഹാസ് VF 19

ഫെരാരിയിലെ അതേ എന്‍ജിനും, ഇലക്ട്രിക് മോട്ടോറുകളും വീലുകളും ഉപയോഗിക്കുന്ന കാറാണ് VF 19. അതുപോലെ തന്നെ 'കപ്പല്‍'ന്റെ ഫ്യൂവലും. എ.പി. റേസിങ്ങിന്റെ കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിത ബ്രേക്ക് സിസ്റ്റമാണിതിനുള്ളത്. അല്‍ഫ റൊമെയോയ്ക്ക് സമാനമായ ഫ്രണ്ട് വിങ്ങ് ഡിസൈനാണ് VF 19 ല്‍ അവലംബിച്ചിട്ടുള്ളത്. 2019 ല്‍ ഏറ്റവും ആദ്യം അനാവരണം ചെയ്യപ്പെട്ട F1 കാറാണിത്. 2016 ല്‍ മാത്രമാണ് തുടക്കം കുറിച്ചതെങ്കിലും ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 2018 ല്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ഹാസിന് സാധിച്ചിരുന്നു.

മക്ലാരന്‍ MCL 34

ഏറ്റവും ആകര്‍ഷകമായ 2019 ലെ F1 കാറേതെന്നറിയാന്‍ ബിബിസി നടത്തിയ സര്‍വേയില്‍ F1 ആരാധകര്‍ ഒന്നാം സ്ഥാനം നല്‍കിയത് MCL 34 മോഡലിനാണ്. 'പപ്പായ ഓറഞ്ച് ആന്റ് ബ്ലൂ' കളറിലുള്ള ലിവറിയാണിതിന്. കഴിഞ്ഞ വര്‍ഷത്തേതുപോലെ റെസേയുടെ കൂട്ടുകെട്ടിലാണ് ഈ കാര്‍ വികസിപ്പിച്ചെടുത്തത്. റെനോ E-Tech 19- 1.6 L V6 ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനും റെനോ ഇലക്ട്രിക് മോട്ടോര്‍ സിസ്റ്റവുമാണിതിലുള്ളത്. പെട്രോബ്രാസിന്റെ ഫ്യൂവല്‍ ആന്റ് ലൂബ്രിക്കേഷന്‍ ഉപയോഗിക്കുന്ന MCL 34 ല്‍ 'എന്‍കെ'യുടെ 13 ഇഞ്ച് വീലുകളും അകെബേനോയുടെ ബ്രേക്കിങ്ങ് സിസ്റ്റവുമാണുള്ളത്.

മെഴ്സിഡസ് ബെന്‍സ് W10 EQ Power +

തുടര്‍ച്ചയായി അഞ്ചാം തവണ കണ്‍സ്ട്രക്റ്റേര്‍സ് ചാമ്പ്യന്‍ഷിപ്പ് നേടിയാണ് ബെന്‍സ് 2018 സീസണ്‍ അവസാനിപ്പിച്ചത്. ആ പ്രകടനം തുടരാനുള്ള ഉദ്ദേശത്തോടെയാണ് W10 EQ Power + നെ മെഴ്സിഡസ് 2019 ലേക്കായി അണിയിച്ചൊരുക്കിയിട്ടുള്ളത്. മെഴ്സിഡസ് M10 - EQ Power + - 1.6 L V6 ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍, ബെന്‍സിന്റെ തന്നെ കൈനറ്റിക് ആന്റ് തെര്‍മല്‍ എനര്‍ജി റിക്കവറി സിസ്റ്റവും ഉപയോഗിക്കുന്ന W10 ല്‍ പെട്രോണാസിന്റെ പ്രൈമാക്സ് ഫ്യൂവലും ലൂബ്രിക്കന്റ്സുമാണ്. തുടര്‍ച്ചയായി മൂന്നാം കിരീടം ലക്ഷ്യമിടുന്ന ലൂയിസ് ഹാമില്‍ട്ടണും (5 തവണ ഡ്രൈവേര്‍സ് ചാമ്പ്യന്‍) വല്‍ത്തേരി ബോത്താസുമാണ് 2019 ലും W10 ന്റെ ഡ്രൈവര്‍മാര്‍.

റേസിങ്ങ് പോയിന്റെ് RP 19

പഴയ ഫോഴ്സ് ഇന്ത്യാ ടീം പുതിയ ഉടമകളെത്തിയപ്പോള്‍ പേരുമാറ്റം വന്നാണ് റേസിങ്ങ് പോയിന്റെ് ആയത്. ടീമിന്റെ 2019 ലേക്കുള്ള പുത്തന്‍ ഡിസൈന്‍ F1 കാറാണ് RP 19. മെഴ്സിഡസിന്റെ എന്‍ജിന്‍ ആന്റ് ഇലക്ട്രിക് മോട്ടോര്‍ സിസ്റ്റം ഉപയോഗിക്കുന്ന ഇതിലെ ഫ്യൂവല്‍ പെട്രോണാസിന്റെതാണെങ്കിലും ലൂബ്രിക്കന്റ്സ് 'റെവനോളി'ന്റെതാണ്. റേസിങ്ങ് പോയിന്റിന്റെ തന്നെ ബ്രേക്കിങ്ങ് സിസ്റ്റമാണ് ഇതിലുള്ളത്.

റെഡ് ബുള്‍ റേസിങ്ങ് RB 15

റെനോയുമായുള്ള 10 വര്‍ഷത്തെ 'എന്‍ജിന്‍ ബന്ധം' ഉപേക്ഷിച്ച് ഹോണ്ടയുടെ എന്‍ജിനുമായാണ് റെഡ്ബുള്‍ 2019 ലേക്ക് എത്തുന്നത്. ഹോണ്ട RA 61 H -1.6 L V6 ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനും ഹോണ്ട ഇലക്ട്രിക് മോട്ടോര്‍സുമാണ് RB 15 ലുള്ളത്. മൊബിലിന്റെ ഫ്യൂവലും, മൊബില്‍ 1 ന്റെ ലൂബ്രിക്കന്റ്സും ഉപയോഗിക്കുന്ന ഈ കാറില്‍ സ്പോണ്‍സര്‍ ആയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്‍സ്പയേര്‍ഡ് ലിവറി ഡിസൈനാണുള്ളത്. ടീം വിട്ട റിക്കിയാര്‍ഡോയ്ക്ക് പകരം പിയറെ ഗാസ്ലിയാണ് മാക്സ് ബസ്തപ്പാനോടൊപ്പം RB 15 ല്‍ ഈ സീസണില്‍ മത്സരിക്കുക.

റെനോ RS 19

2018 സീസണ്‍ F1 ല്‍ നിലവിലെ ബിഗ് 3 യ്ക്ക് (ഫെരാരി, മെഴ്സിഡസ്, റെഡ്ബുള്‍) പിന്നിലായി നാലാം സ്ഥാനത്താണ് കണ്‍സ്ട്രക്റ്റേര്‍സ് ചാമ്പ്യന്‍ഷിപ്പില്‍ റെനോ ഫിനിഷ് ചെയ്തത്. സ്വന്തം E-Tech 19- 1.6L V6 ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനും ഇലക്ട്രിക് മോട്ടോര്‍ സിസ്റ്റവുമായാണ് RS 19 നെ റെനോ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ബി.പി. അള്‍ട്ടിമേറ്റ് ഫ്യൂവലും കാസ്ട്രോള്‍ എഡ്ജ് ലൂബ്രിക്കന്റ്സും ഉപയോഗിക്കുന്ന RS 19 ല്‍ OZ ന്റെ വീലുകളാണുള്ളത്. മനോഹരമായ ബ്ലാക്ക് ആന്റ് യെല്ലോ ലിവറിയോടു കൂടിയ ഈ കാറില്‍ ഡാനിയേല്‍ റിക്കിയാര്‍ഡോയും നിക്കോ ഹള്‍ക്കന്‍ബെര്‍ഗുമാണ് മത്സരിക്കാനുണ്ടാവുക.

ടോറോ- റോസോ STR 14

റെഡ് ബുള്‍ ബി ടീം എന്നു പറയാവുന്ന ടോറോ റോസയില്‍ RB 15 ല്‍ ഉപയോഗിച്ച അതേ എഞ്ചിനും, ഇലക്ട്രിക് മോട്ടോര്‍സും ഫ്യൂവലും ലൂബ്രിക്കന്റുസുമാണുള്ളത്. ബ്രെംബോയുടെ ബ്രേക്കുകളും അപ്ടെക്കിന്റെ 13 ഇഞ്ച് വീലുകളുമാണ് STR 14 ല്‍ ഉള്ളത്. ഡാനി കിയാറ്റിന്റെ ടെസ്റ്റിങ്ങ് സമയത്തെ ഈ കാറിലെ പ്രകടനം ഏവരിലും ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ലിവറി മാറ്റങ്ങളില്ലാതെയാണ് 2019 ലും ടോറോ റോസോ ഇറങ്ങുന്നത്.

വില്യംസ് FW 42

മെഴ്സിഡസിന്റെ അതേ എഞ്ചിന്‍, ഇലക്ട്രിക് മോട്ടോര്‍ സിസ്റ്റം ഉപയോഗിക്കുന്ന FW 42 ല്‍ പെട്രോണാസിന്റെ ഫ്യൂവല്‍ തന്നെയാണ്. ഡൈകാസ്റ്റലിന്റെ 13 ഇഞ്ച് ഫോര്‍ജ്ഡ് മഗ്‌നീഷ്യം വീലുകളാണിതിലുള്ളത്. മാനേജ്മെന്റ് -സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പ്രീ സീസണ്‍ ടെസ്റ്റില്‍ കൃത്യസമയത്ത് കാറിനെ ട്രാക്കിലിറക്കാനോ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനോ വില്യംസിന് സാധിച്ചിട്ടില്ല. റോബര്‍ട്ട് കുബിസയുടെ തിരിച്ചുവരവാണ് ടീമിന്റെ 2019 ലെ ഹൈലൈറ്റ്.

2019 ല്‍ കണ്‍സ്ട്രക്‌റ്റേര്‍സ്‌ ചാമ്പ്യന്‍ഷിപ്പില്‍ മെഴ്സിഡസിന്റെ മേധാവിത്വം തുടരുമോ അതോ മറ്റൊരു ടീം വിജയക്കൊടി പാറിക്കുമോ?... കാത്തിരുന്നു കാണാം...!

Content Highlights; 2019 F1 Cars Overview, 2019 F1 Rules and regulations

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram