ഫെരാരി എസ്.പി.എ. - ലക്ഷ്വറി കാര്‍ കമ്പനികളില്‍ ആമുഖം ആവശ്യമില്ലാത്ത പേര്. സ്പീഡിന്റെയും ലക്ഷ്വറിയുടെയും പര്യായമായി കാര്‍ പ്രേമികള്‍ കണക്കാക്കുന്ന പേരുകളിലൊന്ന്. ഒരു ലക്ഷ്വറി കാര്‍ എന്നതിലുപരി 'ഫെരാരി' പലര്‍ക്കും ഒരു വികാരമാണ്, അല്ലെങ്കില്‍ ഒരു സ്വകാര്യ അഹങ്കാരമാണ്, അതുമല്ലെങ്കില്‍ ഒരു സ്വപ്നമാണ്.
എന്‍സോ ഫെരാരി എന്ന വിഷനറി കാര്‍ മേക്കര്‍ 1929 ല്‍ തുടക്കമിട്ട 'സ്‌കുഡേറിയ ഫെരാരി' (ടീം ഫെരാരി എന്നര്‍ത്ഥം) എന്ന കാര്‍ റേസിങ്ങ് ടീമിലൂടെയാണ് ഫെരാരിയുടെ ചരിത്രം ആരംഭിക്കുന്നത്. 1947-ല്‍ ഫെരാരി ബാഡ്ജില്‍ ആദ്യ കാര്‍ വില്‍പനയ്ക്കെത്തിയപ്പോള്‍ ഇന്നും തുടരുന്ന ഒരു പടയോട്ടത്തിന്റെ ആരംഭ മുഹൂര്‍ത്തമായി അത്. ഫെരാരിയെപ്പറ്റിയും അതിന്റെ ചരിത്രത്തെപ്പറ്റിയും ഒക്കെ മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും തന്നെ എഴുതപ്പെട്ടിട്ടുള്ളതിനാല്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.
എഫ്1-ഫെരാരി എന്നത് അടയും ചക്കരയും പോലെ ഇഴുകിച്ചേര്‍ന്ന ഒന്നാണ്. എഫ്1 റേസ് തുടങ്ങിയതു മുതല്‍ ഇന്നു വരെ ഒരൊറ്റ സീസണ്‍ പോലും മുടങ്ങാതെ പങ്കെടുത്തിട്ടുള്ള ഒരേ ഒരു ടീമാണ് ഫെരാരി. ആല്‍ബര്‍ട്ടോ അസ്‌കാരി, ജോണ്‍ സുര്‍ട്ടീസ്, നിക്കി ലൗഡ, മൈക്കേല്‍ ഷൂമാക്കര്‍ എന്നീ മഹാരഥന്മാര്‍ എഫ്1 ലേക്ക് ഫെരാരിയുടെ സംഭാവനയായിരുന്നു എന്നത് കൂട്ടിവായിക്കുമ്പോള്‍ എഫ്1 ല്‍ ഫെരാരിയുടെ പ്രാധാന്യം എന്നത് പ്രത്യേകം പറയേണ്ടതില്ല.
സ്‌കൂഡേറിയ ഫെരാരിയുടെ (ഫെരാരി എഫ്1 ടീം) ടെക്നിക്കല്‍ ഡയറക്ടറായ 'മറ്റിയ ബിനോറ്റോ' ആണ് എസ്എഫ്71എച്ച് ന്റെ ലീഡ് ഡിസൈനര്‍. ഇതിനു മുമ്പുള്ള മോഡലായ എസ്എഫ് 70 എച്ചിനെക്കാള്‍ കൂടിയ വീല്‍ബേസ് എസ്എഫ് 71 എച്ചിനുള്ളത്. 'ലോറിയ' എന്നു വിളിപ്പേരുള്ള എസ്എഫ് 71 എച്ചിന്റെ വീല്‍ ബേസ് 3.714 എം ആണ്. വശ്യതയും അഗ്രസ്സീവ്നെസ്സും സമംചേര്‍ത്ത് ഡിസൈന്‍ ചെയ്ത കാറാണ് ലോറിയ. ഫെരാരി റെഡ് എന്ന ട്രേഡ്മാര്‍ക്ക് ചുവപ്പില്‍ കുളിച്ചുകിടക്കുന്ന കാറിന് അങ്ങിങ്ങായി വെളുത്തതും കറുത്തതുമായ ലിവറി (ഡിസൈന്‍) നല്‍കിയിട്ടുണ്ട്.
കാര്‍ബണ്‍ ഫൈബര്‍ -അലൂമിനിയം കോംപോസിറ്റ് നിര്‍മ്മിതമായ ചേസിസ് ഡിസൈനില്‍ എടുത്ത് നില്‍ക്കുന്നത് ടി-വിംഗ് ഡിസൈനില്‍ ഉള്ള മുന്‍ഭാഗവും ഹലോ എന്ന് വിളിക്കപ്പെടുന്ന ഡ്രൈവര്‍ സേഫ്റ്റിക്കുവേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ട ഭാഗവുമാണ്. പഴയ മോഡലില്‍ നിന്നും വീതിയല്‍പ്പം കൂട്ടി, ട്രഡീഷണല്‍ ആയ 'ബാര്‍ജ് ബോര്‍ഡ് അറേ' ഡിസൈനില്‍ ഉള്ള സൈഡ് പോഡ്സും, അതിലെ ഇന്‍ലെറ്റ് കോണ്‍ഫിഗറേഷനും റിയര്‍വ്യൂ മിററില്‍ നല്‍കിയിട്ടുള്ള വിങ്ങ്ലെറ്റ്സും 13 ഇഞ്ച് 'ഒ സെഡ്' നിര്‍മ്മിത വീലിലെ വീതിയേറിയ 'പിരെല്ലി' ടയറുകളും ഡ്രൈവര്‍ക്ക് പിന്നിലെ 'ഷാര്‍ക്ക് ഫിന്‍' ഡിസൈനും സ്പോയിലറും ഒക്കെച്ചേരുമ്പോള്‍ കുതിക്കാന്‍ വെമ്പിനില്‍ക്കുന്ന ഒരു പടക്കുതിരയെ കാണുന്ന ഫീലാണ് ലോറിയ നല്‍കുന്നത്.
കാട്ടുകുതിരയെപ്പോലെ ട്രാക്കിലൂടെ പായുന്ന ലോറിയയെ അടക്കിനിര്‍ത്താന്‍ സഹായിക്കുന്നത് ബ്രീബോംയുടെ ക്രോസ് ഡ്രില്‍ ചെയ്ത വെന്റിലേറ്റഡ് കാര്‍ബണ്‍ സെറാമിക് ഡിസ്‌ക് ബ്രേക്കുകളാണ്. വര്‍ഷങ്ങളായി പയറ്റിത്തെളിഞ്ഞ ഡബിള്‍ വിഷ്ബോണ്‍ 'പുഷ്-റോഡ്' ആക്ടീവ് സസ്പെന്‍ഷനാണ് മുന്‍ വീലുകളില്‍ നല്‍കിയിട്ടുള്ളത്. പിന്നിലാവട്ടെ ഡബിള്‍ വിഷ്ബോണ്‍ 'പുള്‍-റോഡ് ആക്ടീവ് സസ്പെന്‍ഷനും.
Content Highlights; 2018 Ferrari F1 car, the SF71H