8,365 രൂപയ്ക്ക് 50 ട്രിപ്പുകള്‍; ടോളില്‍ കിതയ്ക്കുന്നത് കണ്ടെയ്നര്‍ ലോറികള്‍


2 min read
Read later
Print
Share

ലോക്കല്‍ ഗോഡൗണുകളില്‍ ഇറക്കിവച്ച് സമയബന്ധിതമായിട്ടാണ് പലപ്പോഴും കണ്ടെയ്നര്‍ ലോറികള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നത്. അത്തരം വാഹനങ്ങള്‍ക്ക് ഒരു ദിവസം ടോള്‍ നല്‍കേണ്ടി വരുന്നത് 1,875 രൂപയാണ്.

ണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവില്‍ കഷ്ടത്തിലായത് കണ്ടെയ്നര്‍ ലോറികള്‍. ദിവസം എട്ട് ട്രിപ്പുകള്‍ വരെ കാലി കണ്ടെയ്നറുകളുമായി പോകുന്ന ലോറികള്‍ ഇവിടെയുണ്ട്. അതനുസരിച്ച് 3,000 രൂപ വരെ ടോള്‍ നല്‍കണ്ടിവരും. ഇത്തരം വാഹനങ്ങള്‍ ഒരു മാസത്തേക്കുള്ള പാസ് എടുത്താലും രക്ഷയില്ല. ഇതിന് 8,365 രൂപയാണ് മുന്‍കൂര്‍ അടയ്ക്കേണ്ടത്. എന്നാല്‍, പരമാവധി 50 ട്രിപ്പുകള്‍ മാത്രമേ സഞ്ചരിക്കാനാകൂ. പരമാവധി ഒരാഴ്ച കൊണ്ട് പാസിന്റെ കാലാവധി തീരും.

ഇത്തരത്തിലുള്ള വാഹനങ്ങളില്‍ ഏറെയും കാലി കണ്ടെയ്നറുകള്‍ യാര്‍ഡിലേക്ക് എത്തിക്കുന്ന ലോറികളാണ്. യാര്‍ഡില്‍ നിന്ന് നിറച്ച കണ്ടെയ്‌നറുകളുമായി ചേരാനല്ലൂരും പാതാളത്തുമൊക്കെയുള്ള ലോക്കല്‍ ഗോഡൗണിലേക്ക് പോകുന്ന കണ്ടെയ്നര്‍ വാഹനങ്ങളാണ് ടോളില്‍ കഷ്ടത്തിലായിട്ടുള്ള അടുത്ത വിഭാഗം. ഇത്തരം വാഹനങ്ങള്‍ ദിവസം അഞ്ച് ട്രിപ്പുകളെങ്കിലും എടുക്കുന്നത് പതിവാണ്.

ലോക്കല്‍ ഗോഡൗണുകളില്‍ ഇറക്കിവച്ച് സമയബന്ധിതമായിട്ടാണ് പലപ്പോഴും കണ്ടെയ്നര്‍ ലോറികള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നത്. അത്തരം വാഹനങ്ങള്‍ക്ക് ഒരു ദിവസം ടോള്‍ നല്‍കേണ്ടി വരുന്നത് 1,875 രൂപയാണ്. മാസ പാസെടുത്താലും പരമാവധി സഞ്ചരിക്കാനാകുന്നത് 10 ദിവസം മാത്രം.

സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കും

ഇതിനിടെ, കാറുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അടുത്ത ആഴ്ചയില്‍ത്തന്നെ ഇതു നടപ്പാക്കാനാണ് ശ്രമം. പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാനാണ് ടോള്‍ പിരിവ് ആരംഭിച്ച ആദ്യ ദിനങ്ങളില്‍ സ്വകാര്യ വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍, അധികൃതര്‍ പ്രതീക്ഷിച്ച നിലയിലുള്ള പ്രതിഷേധങ്ങളൊന്നും ഉണ്ടാകാതായതോടെ ഇനിയും വച്ചു താമസിപ്പിക്കേണ്ടെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റിയും ജില്ലാ ഭരണകൂടവും.

ടോള്‍ പിരിവ് ഇരട്ടിയായി

ടോള്‍ പിരിവ് ആരംഭിച്ച ആദ്യ ദിവസം വരുമാനത്തില്‍ കുറവുണ്ടായിരുന്നു. രണ്ടാം ദിനം അത് ഇരട്ടിയിലുമേറെയായി. ഒരു ലക്ഷത്തിനു മുകളിലാണ് രണ്ടാം ദിവസം ടോള്‍ ഇനത്തില്‍ പിരിഞ്ഞുകിട്ടിയത്. കണ്ടെയ്നര്‍ ലോറികള്‍ ഓടാതിരുന്നിട്ടും ഒരു ലക്ഷത്തിലേറെ രൂപ പിരിക്കാനായി എന്നതും ശ്രദ്ധേയമാണ്. കണ്ടെയ്നര്‍ ലോറികള്‍ സര്‍വീസ് ആരംഭിക്കുകയും സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ ദിവസേന മൂന്ന് ലക്ഷത്തിലധികം രൂപ ടോള്‍ പിരിവ് ഉണ്ടാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ടോള്‍ നിരക്ക് നിശ്ചയിച്ചത് ഇങ്ങനെ...

കണ്ടെയ്നര്‍ റോഡില്‍ പാലങ്ങളുടെ എണ്ണം കൂടിയതാണ് മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമായി ടോള്‍ നിരക്ക് കുത്തനെ കൂടാന്‍ കാരണം. 17.121 കിലോമീറ്ററാണ് കളമശ്ശേരിയില്‍ നിന്നാരംഭിച്ച് വല്ലാര്‍പാടത്ത് അവസാനിക്കുന്ന കണ്ടെയ്നര്‍ റോഡിന്റെ നീളം. ഇതില്‍ 12 പാലങ്ങളുണ്ട്. 14.29 കിലോമീറ്റര്‍ റോഡും 2.831 കി.മീറ്റര്‍ പാലങ്ങളുമാണുള്ളത്.

ദേശീയപാത അതോറിറ്റിയുടെ ടോള്‍ ആക്ട് പ്രകാരം ഒരു കിലോമീറ്ററിന് ഒരു രൂപ അഞ്ച് പൈസ കണക്കാക്കിയാണ് ടോള്‍ ചുമത്തുന്നത്. ആ നിലയില്‍ സാധാരണ കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ചെറുകിട വാഹനങ്ങള്‍ക്ക് പരമാവധി കണ്ടെയ്നര്‍ റോഡില്‍ ചുമത്താവുന്ന ടോള്‍ നിരക്ക് 18 രൂപയാണ്. പരമാവധി 20 രൂപ വരെ വേണമെങ്കില്‍ ഈടാക്കാം. എന്നാല്‍, അതില്‍ നിന്നു വ്യത്യസ്തമായി ഇത്തരം വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് മാത്രം 45 രൂപ നിശ്ചയിച്ചതിനു പിന്നില്‍, കണ്ടെയ്നര്‍ റോഡില്‍ കൂടുതല്‍ പാലങ്ങളുണ്ടെന്നതാണ് കാരണം.

ടോള്‍ നിരക്ക് നിശ്ചയിക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ റോഡിന്റെ പത്തിരട്ടിയാണ് ഒരു കിലോമീറ്റര്‍ പാലം കടന്നുപോകാന്‍ നിശ്ചയിക്കുന്നത്. ഇതനുസരിച്ച് കണ്ടെയ്നര്‍ റോഡിലെ 2.831 കിലോമീറ്റര്‍ വരുന്ന പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ 28.310 കി. മീറ്റര്‍ റോഡിലൂടെ സഞ്ചരിക്കുന്ന ടോള്‍ നിരക്ക് നല്‍കേണ്ടതായി വരും. ഇതനുസരിച്ച് 42.6 കിലോ മീറ്റര്‍ (റോഡിന്റെ നീളം 14.29 കി. മീറ്റര്‍ + പാലങ്ങള്‍ക്ക് കണക്കാക്കിയിട്ടുള്ള ദൂരം 28.310 കി. മീറ്റര്‍) ദൂരമാണ് ടോള്‍ നിരക്ക് നിശ്ചയിക്കാന്‍ കണക്കാക്കിയിട്ടുള്ളത്.

Content Highlights: Toll Collection In Container Road Kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram