ടാറ്റ സ്റ്റാർബസ് | Photo: Tata Motors
ദിനംപ്രതി പുത്തന്‍ ഉയരങ്ങള്‍ കീഴടക്കുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. കൊമേഷ്യല്‍-പാസഞ്ചര്‍ വിഭാഗങ്ങളുടെ വ്യത്യാസമില്ലാതെ മികച്ച വാഹനങ്ങള്‍ മാത്രം നിരത്തുകളില്‍ എത്തിക്കുന്ന ടാറ്റ മോട്ടോഴ്‌സ് കൊമേഷ്യല്‍ വാഹന വിഭാഗത്തില്‍ പുത്തന്‍ നേട്ടം കൈവരിച്ചിരിക്കുകയാണ്. ടാറ്റ സ്റ്റാര്‍ബസ് ഒരു ലക്ഷം വില്‍പ്പന നേടിയതാണ് കമ്പനിയുടെ നേട്ടങ്ങളുടെ നിരയിലെ ഏറ്റവും ഒടുവിലത്തേത്.
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും യാത്രക്കാരുടെ സൗകര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി രൂപകല്‍പ്പന ചെയ്തിട്ടുള്ള വാഹനമാണെന്നുമാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഏറ്റവും അനായാസമായ ഡ്രൈവിങ്ങ് ഉറപ്പാക്കുന്ന ഈ വാഹനം പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്നതാണ്. ഉപയോക്താക്കള്‍ വാഹനത്തില്‍ അര്‍പ്പിച്ച വിശ്വാസ്യതയാണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്നാണ് ടാറ്റയുടെ വിലയിരുത്തല്‍.
സ്റ്റാഫ് ബസ്, സ്‌കൂള്‍ ഗതാഗതം എന്നീ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്തെ പൊതുഗതാഗത രംഗത്ത് ശക്തമായ സാന്നിധ്യമാകാന്‍ സ്റ്റാര്‍ബസിന് സാധിച്ചിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. പരമ്പരാഗത ഇന്ധനങ്ങളിലുള്ള മോഡലിന് പുറമെ, ഇലക്ട്രിക് കരുത്തിലും ഈ വാഹനം എത്തുന്നുണ്ടെന്നതാണ് സ്റ്റാര്‍ബസിന്റെ പ്രധാന സവിശേഷത. കുറഞ്ഞ മെയിന്റനന്‍സ്, ഉയര്‍ന്ന ലാഭം എന്നിവയാണ് നിര്‍മാതാക്കള്‍ ഈ വാഹനത്തിന് നല്‍കുന്ന ഉറപ്പ്.
ഒരു ലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയതിലൂടെ ടാറ്റ വാണിജ്യ വാഹനങ്ങളിലെ ഏറ്റവും ശക്തമായ ബ്രാന്റുകളിലൊന്നായി സ്റ്റാര്‍ബസ് ഉയര്‍ന്നിട്ടുണ്ട്.ഇതിനൊപ്പം ഇന്ത്യയിലെ പൊതുഗതാഗത മേഖലയിലെ അവിഭാജ്യ ഘടകമാകാനും സ്റ്റാര്‍ബസിന് സാധിച്ചു. ടാറ്റ മോട്ടോഴ്‌സിനെ വിശ്വാസിക്കുകയും ടാറ്റയ്‌ക്കൊപ്പം തുടരുകയും ചെയ്യുന്ന ഉപയോക്താക്കളോട് നന്ദി പറയുന്നതായി ടാറ്റ മോട്ടോഴ്‌സ് മേധാവി രോഹിത് ശ്രീവാസ്തവ അറിയിച്ചു.
Content Highlights: Tata Starbus celebrates one lakh sales milestone in india, Tata Motors, Tata Commercial vehicles