-
രാജ്യത്തെ മുന്‍നിര വാണിജ്യ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ടിപ്പര്‍ ട്രെക്ക് അവതരിപ്പിച്ചു. സിഗ്‌ന 4825 ടി.കെ എന്ന് പേര് നല്‍കിയിട്ടുള്ള ഈ വാഹനം ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പറാണെന്നാണ് നിര്‍മാതാക്കളായ ടാറ്റ അവകാശപ്പെടുന്നത്. 47.5 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിനുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ടാറ്റ മോട്ടോഴ്‌സ് പവര്‍ ഓഫ് സിക്‌സ് ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ബിഎസ്-6 നിലവാരത്തിലുള്ള കുമ്മിന്‍സ് ISBe 6.7 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് സിഗ്‌ന 4825 ടി.കെയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 250 എച്ച്പി പവറും 950 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
ലൈറ്റ്, മീഡിയം, ഹെവി എന്നീ മൂന്ന് ഡ്രൈവ് മോഡുകളാണ് സിഗ്‌ന 4825 ടി.കെയില്‍ പ്രവര്‍ത്തിക്കുന്നത്. ഹൈഡ്രോളിക്‌സ് ഉള്‍പ്പെടെയുള്ള 29 ക്യുബിക് മീറ്റര്‍ ടിപ്പര്‍ ബോഡിയുമായാണ് ഈ വാഹനം എത്തുന്നത്. കുറഞ്ഞ ഇന്ധനം മാത്രമുപയോഗിക്കുന്ന ഗിയര്‍ അനുപാതമാണ് സിഗ്‌ന 4825 ടി.കെയില്‍ നല്‍കിയിട്ടുള്ളതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്.
പുറം കാഴ്ചയില്‍ വമ്പനാണെങ്കിലും കാറുകള്‍ക്ക് സമാനമാണ് ഇന്റീരിയര്‍. വിശാലമായ സ്ലീപ്പര്‍ ക്യാബിന്‍, ചെരിഞ്ഞ സ്റ്റിയറിങ്ങ് സിസ്റ്റം, അഡ്ജസ്റ്റ് ചെയ്യാവുന്നതും കൂടുതല്‍ ഉയരത്തിലുമുള്ള ഡ്രൈവിങ്ങ് സീറ്റ്, ഷിഫ്റ്റ് ഗിയറുകള്‍, മികച്ച ക്യാബിന്‍ എയര്‍ കണ്ടീഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.
സിഗ്‌ന 4825 ടി.കെയിലെ സുരക്ഷ സംവിധാനം ശക്തമാണ്. ക്രാഷ് ടെസ്റ്റ് ചെയ്ത ക്യാബിന്‍, ഹിന്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എന്‍ജിന്‍ ബ്രേക്ക്, ഐസിജിടി ബ്രേക്ക്, ലോഡ് ഇറക്കുമ്പോള്‍ അപകട മുന്നറിയിപ്പ് നല്‍കുന്ന സെന്‍സര്‍, റിയര്‍വ്യൂ മിറര്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ തുടങ്ങിയവയാണ് ഈ വാഹനത്തില്‍ സുരക്ഷ കാര്യക്ഷമമാക്കുന്നത്.
Content Highlights: Tata Motors Launch Signa 4825 TK Tipper In India