ടാറ്റ സിഗ്ന 5525 | Photo: Tata Motors
ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് 4X2 ശ്രേണിയിലെ ഏറ്റവുമുയര്‍ന്ന ജി.സി.ഡബ്ല്യു പ്രൈം മൂവറായ സിഗ്ന 5525 ടിപ്പര്‍ നിരത്തിലെത്തിച്ചു. 55 ടണ്‍ പിക്ക്-അപ്പ് കപ്പാസിറ്റിയുള്ള ഈ വാഹനം ഉപയോക്താക്കള്‍ക്ക് പരമാവധി ലാഭം നേടി നല്‍കുന്നതാണെന്നാണ് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്.
ടാറ്റ മോട്ടോഴ്സിന്റെ പവര്‍ ഓഫ് സിക്സ് എന്ന ആശയം അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തിട്ടുള്ള വാഹനമാണ് സിഗ്ന 5525. ഉയര്‍ന്ന ഭാര വാഹനങ്ങളില്‍ കുറഞ്ഞ പരിപാലനം ഉള്‍പ്പെടെ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ് ചെലവ് മാത്രം ഉറപ്പിനല്കിയാണ് ഈ വാഹനം വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
250 എച്ച്പി പവറും 950 എന്‍എം ടോര്‍ക്കുമേകുന്ന ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനാണ് സിഗ്ന 5525-ല്‍ പ്രവര്‍ത്തിക്കുന്നത്. ഈ വാഹനത്തിന് ആറ് വര്‍ഷത്തെ അല്ലെങ്കില്‍ ആറ് ലക്ഷം കിലോമീറ്റര്‍ വാറണ്ടിയും ടാറ്റ മോട്ടോഴ്സ് നല്‍കുന്നുണ്ട്. മികച്ച ഇന്ധന ക്ഷമതയും ഈ വാഹനം ഉറപ്പാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സബ് വണ്‍ ടണ്‍ മുതല്‍ 55 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ട്രക്കുകള്‍ ടാറ്റ മോട്ടോഴ്സ് വിപണിയില്‍ എത്തിക്കുന്നുണ്ട്. പ്രീമിയം ടഫ് ഡിസൈന്‍ ശൈലിയാണ് ടാറ്റയുടെ വാണിജ്യ വാഹനങ്ങളുടെ പ്രത്യേകത. ചെറുകിട ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാരെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് എല്ലാ ശ്രേണിയിലേയും വാഹനങ്ങള്‍ എത്തിക്കുന്നത്.
Content Highlights: Tata Motors Introduce Signa 5525 Tipper In India