പ്രതീകാത്മക ചിത്രം | Photo: Tata Motors
ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ് മോട്ടോഴ്‌സ് രാജ്യത്തോടുള്ള പ്രതിബന്ധത വീണ്ടും തെളിയിക്കുന്നു. കോവിഡ്-19 വാക്‌സിന്‍ രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള പ്രത്യേകം തയാറാക്കിയ ഫ്രീസര്‍ ട്രക്കുകള്‍ നല്‍കിയാണ് ടാറ്റ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്. കോവിഡ് വ്യാപനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സഹായ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ് പങ്കാളിയായിരുന്നു.
കോവിഡ് വാക്‌സിന്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനായി ട്രക്ക് ശ്രേണിയില്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യയും ഉയര്‍ന്ന ഗതാഗത സംവിധാനങ്ങളും ഒരുക്കിയുള്ള വാഹനമാണ് ഒരുക്കിയിട്ടുള്ളത്. ഇത് വാക്‌സിന്റെ എന്‍ഡ് ടു എന്‍ഡ് ഗതാഗതത്തിന് ഉപകാരപ്രദമാകുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ വിതരണത്തിനുള്ള ട്രക്കുകളും വാനുകളും സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് പ്ലേസ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
വാക്‌സിനുകള്‍ സുരക്ഷിതമായി മറ്റ് സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് താപനില, അളവ്, ഭാരം എന്നിവ അനുസരിച്ചുള്ള വാഹനങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 20 ക്യു.എം. റഫ്രിജറേറ്ററുള്ള ഐ.സി.വി, 32 ക്യു.എം. എം.സി.വി. എന്നിവയാണ് ടാറ്റ മോട്ടോഴ് ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, ഗ്രാമ പ്രദേശങ്ങളില്‍ വാക്‌സിനുകള്‍ എത്തിക്കാന്‍ കഴിയുന്ന ഇന്‍സുലേറ്റഡ് വാക്‌സില്‍ വാനുകളും പിക്ക് അപ്പുകളും ടാറ്റ മോട്ടോഴ്‌സ് എത്തിച്ചിട്ടുണ്ട്.
കോവിഡ്-19 മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഇന്ത്യയുടെ വാഹന നിര്‍മാതാക്കള്‍ എന്ന നിലയില്‍ ഉത്തരവാദിത്വവും കാര്യക്ഷമവുമായി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ടാറ്റ മോട്ടോഴ്‌സ് പ്രതിജ്ഞബദ്ധമാണ്. വാക്‌സിന്റെ വിതരണത്തിന് തുടര്‍ന്നും ടാറ്റയുടെ സഹകരണം ഉറപ്പാക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ബിസിനസ് വിഭാഗം മേധാവി ഗിരീഷ് വാഗ് ഉറപ്പുനല്‍കി.
ഇന്ത്യയിലെ മുന്‍നിര റഫ്രിജറേറ്റര്‍ ബോഡി നിര്‍മാതാക്കളുമായി സഹകരിച്ച് ടാറ്റ മോട്ടോഴ്‌സ് കൂടുതല്‍ മികച്ച റീഫറുകളും ഇന്‍സുലേറ്റഡ് വാക്‌സിന്‍ വാനുകളും നിര്‍മിക്കുന്നതിനുള്ള നീക്കങ്ങളിലാണ്. മുമ്പും ഫാര്‍മ കമ്പനികള്‍ ഉള്‍പ്പെടെയുള്ള കോള്‍ഡ് ചെയിന്‍ ഉപയോക്താക്കള്‍ക്കായി മികച്ച ഫ്രീസര്‍ വാഹനങ്ങള്‍ ടാറ്റ നല്‍കിയിട്ടുണ്ട്. കുറഞ്ഞ പരിപാലന ചിലവ് ഉള്‍പ്പെടെയുള്ള സവിശേഷതകളോടെയാണ് ടാറ്റ മോട്ടോഴ്‌സ് ഈ വാഹനങ്ങള്‍ എത്തിക്കുന്നത്.
Content Highlights: Tata Motors Introduce Refrigerator Truck For Covid Vaccine Transportations