സോനാലിക ഇലക്ട്രിക് ട്രാക്ടർ | Photo: Facebook|Sonalika Tractors India
ഇന്ത്യയിലെ മുന്‍നിര ട്രാക്ടര്‍ നിര്‍മാതാക്കളായ സോനാലികയും ഇലക്ട്രിക് വിപ്ലവത്തിനൊരുങ്ങുന്നു. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാക്ടറായ ടൈഗര്‍ അവതരിപ്പിച്ചു. യൂറോപ്പില്‍ ഡിസൈന്‍ ചെയ്ത ഇന്ത്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ടൈഗര്‍ ഇലക്ട്രിക് ട്രാക്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
സോനാലിക വികസിപ്പിച്ച 25.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ടൈഗര്‍ ട്രാക്ടറില്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ ഡീസല്‍ ട്രാക്ടറിന്റെ നാലില്‍ ഒന്ന് മാത്രമായിരിക്കും ഇലക്ട്രിക് ട്രാക്ടറിന്റെ പ്രവര്‍ത്തന ചെലവെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 10 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് സോനാലിക അവകാശപ്പെടുന്നത്.
ജര്‍മന്‍ സാങ്കേതികവിദ്യയില്‍ ഒരുങ്ങിയിട്ടുള്ള ഇതിലെ ഇലക്ട്രിക് മോട്ടോര്‍ പൂര്‍ണ സമയവും 100 ശതമാനം ടോര്‍ക്ക് ഉറപ്പാക്കുമെന്നാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. 5.99 ലക്ഷം രൂപയാണ് ഇ-ട്രാക്ടറിന്റെ ഇന്ത്യയിലെ പ്രാഥമിക വല. ഈ ട്രാക്ടറിനായുള്ള ബുക്കിങ്ങ് ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചതായും സോനാലിക അറിയിച്ചു.
എന്ജിന് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ചൂട് ഡ്രൈവര്‍ കംപാര്‍ട്ട്മെന്റിനെ ബാധിക്കുന്നതാണ് റെഗുലര്‍ ട്രാക്ടറിലെ പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇലക്ട്രിക് വാഹനത്തില്‍ ഇത് പൂര്‍ണമായും പരിഹരിച്ചിട്ടുണ്ടെന്നാണ് നിര്‍മാതാക്കളുടെ വാദം. ഇതിനുപുറമെ, സീറോ മെയിന്റനന്‍സ് കോസ്റ്റും ഈ വാഹനത്തിലെ മേന്മയാണ്.
Content Highlights; Sonalika Introduce India's First Electric Tractor