കേരളത്തിലെ സ്വകാര്യബസ് മേഖല തളര്‍ന്ന് തുടങ്ങിയിട്ട് ഏറെ നാളായി. ഉയര്‍ന്ന ഇന്ധനവില, ടാക്‌സ്, ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സിന്റെ വില എന്നിങ്ങനെ ഈ മേഖലയെ ശ്വാസം മുട്ടിക്കുന്ന ഘടകങ്ങള്‍ ഏറെയാണ്. നഷ്ടങ്ങളുടെ കണക്ക് തുടര്‍ക്കഥയായതിന് പിന്നാലെ സ്വകാര്യബസ് പതിയെ നിരത്തൊഴിഞ്ഞ് തുടങ്ങി.
ഡീസലിന്റെ വില കുത്തനെ ഉയര്‍ന്നതാണ് സ്വകാര്യബസ് മേഖലയ്‌ക്കേറ്റ ഏറ്റവും വലിയ പ്രഹരം. പല സ്ഥലങ്ങളിലും ഡീസലിന്റെ പണവും ജീവനക്കാരുടെ വേതനവും കഴിഞ്ഞ ബസുടമയ്ക്ക് ലഭിക്കുന്നത് കുറെ ബില്ലുകള്‍ മാത്രമാണ്. ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിവ സ്വന്തം കൈയില്‍ നിന്ന് അടയ്‌ക്കേണ്ട സ്ഥിതി.
ഈ സാഹചര്യത്തില്‍ പല ജില്ലകളിലും ബസുടമകള്‍ സര്‍വീസ് നടത്താന്‍ കഴിയുന്നില്ലെന്ന് കാണിച്ച് നികുതി അടയ്ക്കുന്നത് ഒഴിവാക്കി ആര്‍.ടി.ഒ.ക്ക് 'ജി ഫോം' നല്‍കിയും ബസുകള്‍ ഓടാതിരിക്കുന്നുണ്ട്. ഇതിന് പുറമെ, നിരവധി വാഹനങ്ങള്‍ ജി ഫോം വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍വീസ് നടത്തുന്നതിലെ നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസുകള്‍ വെട്ടിചുരിക്കിയിരുന്നു. ഇതിന് പിന്നിലെ സ്വകാര്യബസുകളും നിരത്തൊഴിയുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
കാരണങ്ങള്‍ ഇവയാണ്...
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 16 രൂപയില്‍ അധികമാണ് ഡീസല്‍ വില വര്‍ധിച്ചത്. ഇന്‍ഷുന്‍സ് തുക അഞ്ചക്കം കടക്കാനൊരുങ്ങുന്നു. ശരാശരി 30000 രൂപയാണ് മൂന്ന് മാസം കൂടുമ്പോള്‍ ഓരോ സ്വകാര്യബസും നികുതി അടയ്ക്കുന്നത് പുതിയ ബസാണെങ്കില്‍ ഇത് 35,000 കടക്കും. എന്നാല്‍, ഇതിന് ആനുപാതികമായുള്ള വരുമാനം ഒരു ബസിനും ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
മുമ്പ് സീറ്റുകളുടെ എണ്ണം കണക്കാക്കിയായിരുന്നു നികുതി ഇടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ബസിന്റെ വിസ്തീര്‍ണം അടിസ്ഥാനപ്പെടുത്തിയാണ് നികുതി തീരുമാനിക്കുന്നത്. ഓരോ വര്‍ഷവും ഏകദേശം ഒരു ലക്ഷം രൂപയോളം ഇന്‍ഷുറന്‍സ് ഇനത്തിലും ചിലവുവരുന്നുണ്ട്.
സ്വകാര്യ ബസുകളോട് മത്സരിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത് നഷ്ടത്തിന്റെ ആക്കം കൂട്ടുന്നുണ്ട്.
ജി ഫോം എന്നാല്‍...
ഒരു റൂട്ടില്‍ പെര്‍മിറ്റ് നേടിയിട്ടുള്ള ബസ് നിര്‍ബന്ധമായും ഒടിയിരിക്കണമെന്നാണ് നിയമം. എന്നാല്‍, സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ബസ് ഉടമകള്‍ മോട്ടോര്‍വാഹന വകുപ്പിന് ജി ഫോമില്‍ അപേക്ഷ നല്‍കണം. തുടര്‍ന്ന് അധികൃതരുടെ അനുമതിയോടെ സര്‍വീസ് നിര്‍ത്തുന്നതാണ് ജി ഫോം അപേക്ഷ.
ഇന്‍ഷുറന്‍സ് തുകയില്‍ ഇളവ് ലഭിക്കുന്നതിനൊപ്പം ബസിന്റെ റൂട്ട് പെര്‍മിറ്റ് നഷ്ടപ്പെടാതെയും നികുതി നല്‍കാതെയും സര്‍വീസ് നിര്‍ത്തിവയ്ക്കാമെന്നതാണ് ജി ഫോം നല്‍കി സര്‍വീസ് നിര്‍ത്തുന്നതിന്റെ നേട്ടം.
കരകയറാനുള്ള വഴി
കഴിഞ്ഞ മാര്‍ച്ചില്‍ ഡീസല്‍ വില 60 കടന്നപ്പോഴാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. എന്നാല്‍, 78 കടന്നപ്പോഴും ടിക്കറ്റ് നിരക്ക് ഇത് തന്നെ തുടരേണ്ട സാഹചര്യമാണ്. ഇന്ധന വിലയില്‍ കാര്യമായി കുറവ് വന്നില്ലെങ്കില്‍ നിരക്ക് വര്‍ധന കൂടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്.
നിലവില്‍ ബാധ്യതകളില്ലാതെ ബസ് സര്‍വീസ് നടത്തണമെങ്കില്‍ 12,000-15,000 രൂപ കളക്ഷന്‍ വേണ്ടിവരും. എന്നാല്‍, ഒട്ടുമിക്ക ബസുകള്‍ക്കും 10,000 രൂപയില്‍ താഴെയാണ് ഇപ്പോഴത്തെ വരുമാനം. ഈ സാഹചര്യത്തില്‍ ഡീസലും വേതനവും വരെ ബസുടമയ്ക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്.