പിയാജിയോ ആപ്പെ ഇ-സിറ്റി | Photo: piaggio-cv.co.in
ഇന്ത്യയിലെ മുന്‍നിര മുചക്ര വാഹന നിര്‍മാതാക്കളായ പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷയായ ആപ്പെ ഇ-സിറ്റി തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലുമെത്തി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അവതരിപ്പിച്ച ഈ വാഹനം കേരളത്തില്‍ കൊച്ചിയില്‍ മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ എത്തിച്ചിരുന്നത്.
മലിനീകരണ രഹിതവും ശബ്ദമില്ലാത്തതുമായ ഈ വാഹനത്തിന് 1.99 ലക്ഷം രൂപയാണ് കേരളത്തിലെ എക്സ്ഷോറും വില. റെഗുലര്‍ ഓട്ടോറിക്ഷയെ അപേക്ഷിച്ച് കുലുക്കമില്ലാത്ത യാത്രയാണ് ആപ്പെ ഇ-സിറ്റി വാഗ്ദാനം ചെയ്യുന്നത്. ആപ്പെയ്ക്ക് ലഭിച്ച സ്വീകാര്യത ഇലക്ട്രിക് ആപ്പെയ്ക്കും ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആധുനിക ലിഥിയം അയോണ്‍ ബാറ്ററി, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്, ഉയര്‍ന്ന കരുത്ത്, മികച്ച ടോര്‍ക്ക് തുടങ്ങിയവാണ് ആപ്പെ ഇ-സിറ്റിയുടെ പ്രധാന സവിശേഷതകള്‍. സേഫ്റ്റി ഡോര്‍, പൂര്‍ണമായും ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയും ഇ-സിറ്റിയെ മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്.
മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന ബാറ്ററിയുമായി ഇന്ത്യയിലെത്തുന്ന ആദ്യ ത്രീ വീലറാണ് ആപ്പെ ഇ-സിറ്റി. സാന്‍ മൊബിലിറ്റിയുമായുള്ള സഹകരണത്തിലാണ് ഈ ബാറ്ററി വികസിപ്പിച്ചിരിക്കുന്നത്. ബാറ്ററിയില്‍ അവശേഷിക്കുന്ന ചാര്‍ജ് അറിയാനും ചാര്‍ജ് ചെയ്യാനും സഹായിക്കുന്ന ആപ്പുകളും ഒരുക്കിയിട്ടുണ്ട്.
ബാറ്ററി മാറ്റി വയ്ക്കാന്‍ സൗകര്യങ്ങളുള്ള കേന്ദ്രങ്ങളെ കുറിച്ചാണ് ആപ്പില്‍ വിവരങ്ങള്‍ നല്‍കുന്നത്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഹ്രസ്വദൂര യാത്രകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വാഹനമായിരിക്കും ആപ്പെ ഇ-സിറ്റിയെന്നാണ് നിര്‍മാതാക്കളായ പിയാജിയോ അവകാശപ്പെടുന്നത്.
Content Highlights: Piaggio launches electric Auto, Ape' E City for Thiruvananthapuram And Calicut