ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഡയിംലര്‍ ട്രക്ക്‌സിനൊപ്പം ആദ്യ ഫുള്ളി ഇലക്ട്രിക് ട്രക്കുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു. 26 ടണ്‍ ഭാരം കയറ്റാന്‍ സാധിക്കുന്ന ഹെവി കരിയര്‍ വാഹനത്തിന് അര്‍ബന്‍ ഇ-ട്രക്ക് എന്നാണ് കമ്പനി നല്‍കിയിരിക്കുന്ന പേര്. വാഹനത്തിന്റെ ആക്‌സിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ വഴിയാണ് ട്രക്കിന്റെ പ്രവര്‍ത്തനം.
2020-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ അര്‍ബന്‍ ഇ-ട്രക്ക് പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. മെഴ്‌സിഡീസ് മുന്‍പ് വിപണിയിലെത്തിച്ച സിറ്റാറോ ഹൈബ്രിഡ് ബസും ഈ മാതൃകയിലാണ് പുറത്തിറക്കിയിരുന്നത്. 200 കിലോമീറ്റര്‍ റെയിഞ്ചില്‍ ഹെവി പവര്‍ സിറ്റി ഡിസ്ട്രിബ്യൂഷന്‍ ട്രക്കായാണ് കമ്പനി വാഹനത്തെ അവതരിപ്പിക്കുന്നത്. 26 ടണ്ണിന്റെ കരുത്തേറിയ വേരിയന്റില്‍ ഇലക്ട്രിക് പവറില്‍ നിര്‍മിക്കപ്പെടുന്ന ആദ്യ ട്രക്കെന്ന ബഹുമതിയും ആര്‍ബണ്‍ ഇ-ട്രക്ക് സ്വന്തമാക്കിയിട്ടുണ്ട്.
മൂന്ന് ലിഥിയം അയേണ്‍ ബാറ്ററികള്‍ ചേര്‍ന്നതാണ് വാഹനത്തിന്റെ 212 കെഡബ്ല്യൂഎച്ച് ബാറ്ററി പാക്ക്. 100 KW പവറില്‍ CCS (കംമ്പയിന്‍ഡ് ചാര്‍ജിംങ് സിസ്റ്റം) ടു കണക്ടര്‍ സംവിധാനത്തിലൂടെയാണ് ട്രക്ക് ചാര്‍ജ് ചെയ്യുന്നത്. 2-3 മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജിങ്ങിന് സാധിക്കുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു. സിറ്റി പൈലറ്റ് ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച ആദ്യ സ്വയം നിയന്ത്രിത ബസിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ ആഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് ഇലക്ട്രിക് ട്രക്കും ബെന്‍സ് പരീക്ഷിക്കുന്നത്.