എക്‌സ് ക്ലാസ്സ്- പിക്കപ് ലോകത്തും മെഴ്‌സിഡീസ്


2 min read
Read later
Print
Share

മെഴ്‌സിഡീസ്-വാന്‍സ് വിഭാഗത്തില്‍ പെട്ട ഈ മോഡല്‍ ഒരു പാസഞ്ചര്‍ കാറല്ല പിക്കപ്പാണ്

എ, ബി, സി, ഡി തുടങ്ങി എസ് ക്ലാസ് വരെയാണ് മെഴ്‌സിഡീസ്-ബെന്‍സിന്റെ നാമകരണനിരയില്‍ ജനം അറിയുന്ന പേരുകള്‍. എ ക്ലാസ് എന്നാല്‍ എന്‍ട്രി ലെവല്‍, ഏറ്റവും വില കുറഞ്ഞ മെര്‍കുകള്‍, എസ് ക്ലാസ് ബ്രാന്‍ഡിന്റെ ഏറ്റവും വിലയേറിയ ആഡംബര മോഡലുകള്‍. ഇതില്‍ എയും ബിയും സമീപകാലത്താണ് വന്നത്, ബിമ്മറും ഔഡിയുമായി മത്സരിക്കാന്‍, അവരുടെ എന്‍ട്രി ലെവല്‍ മോഡലുകെളെപ്പോലെ വില കുറഞ്ഞ മോഡലുകള്‍. സി, ഡി, ഇ, ക്ലാസ്സുകള്‍ പണക്കാര്‍ക്കുള്ള പരമ്പരാഗത മോഡുകള്‍, ജി, ജിഎല്‍കെ ക്ലാസ്സുകള്‍ എന്നാല്‍ എസ്‌യുവികളും ഓഫ്‌റോഡ് മോഡലുകളും, ആര്‍ ക്ലാസ് റേസിങ്ങ് ശേഷിയുള്ള സ്‌പോര്‍ട്‌സ് കാറുകള്‍...ഇങ്ങനെ പോകുന്നു മെഴ്‌സിഡീസിന്റെ നാമകരണരീതി.

ഈ കൂട്ടത്തിലേക്കാണ് പുതിയൊരു ശ്രേണിയായി എക്‌സ് ക്ലാസ്സ് കടന്നുവരുന്നത്. മെഴ്‌സിഡീസ്-വാന്‍സ് വിഭാഗത്തില്‍ പെട്ട ഈ മോഡല്‍ ഒരു പാസഞ്ചര്‍ കാറല്ല പിക്കപ്പാണ്, ആദ്യപാതി അഞ്ച് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന കാര്‍, ബാക്കി സാധനസാമഗ്രികള്‍ നിറക്കാവുന്ന ട്രക്കും.

പാശ്ചാത്യരാജ്യങ്ങളില്‍ പിക്കപ്പുകള്‍ക്ക് ഡിമാന്‍ഡ് നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലുമാണ്; ഇവിടങ്ങളിലെ കാര്‍ഷകരും ചെറുകിടബിസിനസ്സുകാരുമൊക്കെയാണ് ഇതിന്റെ ആവശ്യക്കാര്‍. ലക്ഷപ്രഭുക്കള്‍ക്കും കോടീശ്വരന്മാര്‍ക്കും വേണ്ട വാഹനങ്ങളിറക്കുന്ന കമ്പനി ഇക്കൂട്ടരെ അവഗണിച്ചതില്‍ അത്ഭുതമൊന്നുമില്ല.

പക്ഷേ, ഏതെങ്കിലും ഒരു വിഭാഗത്തെ അവഗണിക്കുന്നത് കച്ചവടത്തിന് മോശമാണെന്ന തിരിച്ചറിവാണ് പിക്കപ്പുകളുടെ മേഖലയിലും കൈവെക്കാന്‍ മെഴ്‌സിഡീസിനെ പ്രേരിപ്പിക്കുന്നത്.

'ഞങ്ങളുടെ വാഹനശ്രേണിയിലെ അവസാനത്തെ വിടവും ഇതോടെ അടയ്ക്കുകയാണ്,' ഡയംലര്‍ എജിയുടെ ചെയര്‍മാനും മെഴ്‌സിഡീസ്-ബെന്‍സ് വിഭാഗത്തിന്റെ മേധാവിയുമായ ഡോ. ഡൈറ്റര്‍ സെറ്റ്‌ഷെ കഴിഞ്ഞ മാസം സ്‌റ്റോക്ക്‌ഹോമില്‍ എക്‌സ് ക്ലാസ്സിന്റെ കോണ്‍സെപ്റ്റ് മോഡല്‍ അനാവരണം ചെയ്യവെ പറഞ്ഞു. 'ഞങ്ങളുടെ ലക്ഷ്യം കസ്റ്റമേഴ്‌സിന് അവരുടെ കൃത്യമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വാഹനങ്ങള്‍ നല്‍കലാണ്.'

കലാനിലവാരമുള്ള ഉഗ്രന്‍ സാങ്കേതികവിദ്യയും പണക്കാരെ മോഹിപ്പിക്കുന്ന ആഡംബര സുഖസൗകര്യങ്ങളും ചേര്‍ത്തിണക്കിയ കൂപ്പെ, സെഡാന്‍ മോഡലുകളാണ് മുഖ്യമോഡലുകളെങ്കിലും എം, ജി.എല്‍.കെ. ക്ലാസ്സ് എസ്.യു.വി.കളും ഓഫ് റോഡറുകളും പൊതുനിരത്തുകിലൂടെ റേസ് ചെയ്ത് പോകാന്‍ കൊതിക്കുന്നവര്‍ക്കായി ആര്‍ ക്ലാസ്സ് വണ്ടികളും ഉണ്ടാക്കി വിപണിയില്‍ വിജയിച്ച മെര്‍കിന് എസ്.യു.വി. നിര്‍മാണം വലിയ ദുഷ്‌കരമായില്ല.

നഗരവാസികളായ സമ്പന്നരും പിക്കപ്പുകളിലേക്ക് തിരിയുന്നു എന്നതാണ് ഒരു പിക്കപ് മോഡലും നിര്‍മിക്കാന്‍ മെഴ്‌സിഡീസിനെ പ്രേരിപ്പിക്കുന്നത്. സാധാരണ പിക്കപ്പുകള്‍ വണ്ടി കാളകളെ പോലെ ജോലി ചെയ്യുന്ന വാഹനങ്ങളാണ്. അതാണ് പ്രീമിയം വാഹനനിര്‍മാതാക്കള്‍ ഈ സെഗ്മെന്റിനെ അവഗണിക്കാന്‍ കാരണം. പക്ഷേ, പന്തയശേഷിയുള്ള കുതിരയെപ്പോലൊരു വാഹനാമാണ് മെഴ്‌സിഡീസ് അവതരിപ്പിക്കുന്നത്. മെഴ്‌സിഡീസിന്റെ ആഡംബരവും ഫോഡ് 150-യുടെ അധ്വാനശേഷിയും ജീപ്പിന്റെ ഓഫ് റോഡിങ്ങ് കഴിവുകളുമുള്ള ഒരു വണ്ടി.

എക്‌സ് ക്ലാസ്സിന്റെ രണ്ട് വേരിയന്റുകളാണ് വരാന്‍ പോകുന്നത്. ഓഫ് റോഡിങ്ങില്‍ മികവ് കാട്ടുന്ന പവര്‍ഫുള്‍ അഡ്വഞ്ചററും മഹാനഗരങ്ങളിലൂടെയും ഓടിക്കാവുന്ന സ്‌റ്റൈലിഷ് എക്‌സ്‌പ്ലോററും. തുടക്കത്തില്‍ യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ആസ്‌ട്രേല്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ മേഖലകളിലേക്ക് വേണ്ടിയാണെങ്കിലും ഏറെ വൈകാതെ എക്‌സ് ക്ലാസ് യുഎസ്സിലുമെത്തും.

വാഹനത്തിന്റെ നിര്‍മാണം സ്‌പെയിനിലുള്ള നിസ്സന്‍ പ്ലാന്റുകളിലായിരിക്കും (നിസ്സാനുമായി ഡയംലര്‍-ബെന്‍സിന് സഹകരണമുണ്ട്) നടക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram