ബെന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ ഏവരും ആദ്യം ഓര്‍ക്കുക അത്യാഢംബര വാഹനങ്ങളാണ്, പിക്കപ്പ് ട്രക്കുകള്‍ സാധനങ്ങള്‍ കയറ്റാനും യാത്ര ചെയ്യാനുമുള്ള സാധാരണ ഒരു മള്‍ട്ടി പര്‍പ്പസ് വാഹനവും. എന്നാല്‍ ആഢംബര വീരന്‍മാര്‍ മെഴ്‌സിഡസ് പിക്കപ്പ് ട്രക്കുകള്‍ നിര്‍മിക്കാനൊരുങ്ങിയാല്‍ പിന്നെ പറയണ്ടല്ലോ പൂരം. അത്യാഢംബരത്തിലൊരു പിക്കപ്പ് ട്രക്ക്, അതാണ് ബെന്‍സിന്റെ X-ക്ലാസ് !
സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ക്ഹാമില്‍ നടന്ന ചടങ്ങിലാണ് പുതിയ X ക്ലാസ് മോഡലിന്റെ കണ്‍സെപ്റ്റ് വെരിഷന്‍ കമ്പനി അവതരിപ്പിച്ചത്. കാര്‍, ബൈക്ക്, വാന്‍, ട്രക്ക്, ബസ് എന്നീ ശ്രേണികളില്‍ നേരത്തെ തങ്ങളുടെതായ മുദ്ര പതിപ്പിച്ച ബെന്‍സ് പിക്കപ്പ് ട്രക്കുകളിലും മുന്‍പന്തിയിലെത്താനുള്ള ശ്രമത്തിലാണ്. അടുത്ത വര്‍ഷം അവസാനത്തോടെ X ക്ലാസ് വിപണിയിലെത്തും. ഒറ്റ നോട്ടത്തില്‍ പതിവ് പിക്കപ്പ് ട്രക്കുകളെ അപേക്ഷിച്ച് തീര്‍ത്തും വേറിട്ട് നില്‍ക്കുന്നതാണ് ബെന്‍സ് പിക്കപ്പ് ട്രക്കുകള്‍.
X ക്ലാസ് നിരയില്‍ സ്റ്റൈലിഷ് എക്‌സ്‌പ്ലോറര്‍, പവര്‍ഫുള്‍ അഡ്വേഞ്ചര്‍ എന്നീ രണ്ട് വേരിയന്റുകളുടെ കണ്‍സെപ്റ്റ് വേരിഷനാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. സ്റ്റൈലിഷ് എക്സ്റ്റീരിയറില്‍ വലിയ ടയറുകള്‍ക്കൊപ്പം കാറുമായി കൂടുതല്‍ ഇണങ്ങി നില്‍ക്കുന്ന രൂപമാണ് സ്റ്റൈലിഷ് എക്‌സ്‌പ്ലോറിന്. ഓഫ് റോഡ് വാഹനത്തിന് സമാനമായ രൂപമാണ് പവര്‍ഫുള്‍ അഡ്വേഞ്ചറിന്റെത്. ഉള്‍വശം പൂര്‍ണമായും നിരത്തിലുള്ള ബെന്‍സ് കാറുകളുടെ ഫീച്ചേര്‍സുമായി ചേര്‍ന്നതാണ്.
നിസാന്‍-റെനോ സഖ്യത്തിന്റെ സഹായത്തോടെ അവരുടെ നിര്‍മാണ കേന്ദ്രത്തിലാണ് X ക്ലാസിന്റെ നിര്‍മാണം. അതിനാല്‍തന്നെ നിസാന്‍ NP300 നവാര, റെനോ അലാസ്‌കന്‍ ട്രക്കുകളിലെ പല പാര്‍ട്ടുകളും ബെന്‍സിന്റെയും ഭാഗമാകും. ക്യാമറ, റഡാര്‍, സെന്‍സറുകള്‍ എന്നീ സംവിധാനങ്ങളുടെ സഹായത്തോടെ മോഡേണ്‍ ഡ്രൈവര്‍ അസിസ്റ്റന്‍സ് സൗകര്യങ്ങള്‍ X ക്ലാസില്‍ നല്‍കിയിട്ടുണ്ട്. യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക വിപണികളിലാണ് ആദ്യ ഘട്ടത്തില്‍ വാഹനം എത്തുക.