മഹീന്ദ്ര ട്രിയോ സോർ | Photo: Mahindra
ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. പാസഞ്ചര്‍ വാഹനങ്ങള്‍ക്കൊപ്പം ചരക്ക് ഗതാഗത മേഖലയിലും ഇലക്ട്രിക് വാഹനങ്ങള്‍ ശക്തമായ സാന്നിധ്യമാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് മഹീന്ദ്ര അവതരിപ്പിച്ച ഇലക്ട്രിക് കാര്‍ഗോ വാഹനമായ ട്രിയോ സോര്‍ കൈവരിച്ചിട്ടുള്ള വില്‍പ്പന നേട്ടം. ആറ് മാസങ്ങള്‍ കൊണ്ട് ഈ ഇലക്ട്രിക് ഗുഡ്‌സ് വാഹനത്തിന്റെ 1000 യൂണിറ്റാണ് ഇന്ത്യയില്‍ വിറ്റഴിച്ചിരിക്കുന്നത്.
2020 ഒക്ടോബറിലാണ് മഹീന്ദ്രയുടെ ത്രീ വീലര്‍ കാര്‍ഗോ വാഹനമായ ട്രിയോ സോര്‍ ഇലക്ട്രിക് വിപണിയില്‍ എത്തിയത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മഹീന്ദ്ര ഇന്ത്യയില്‍ വികസിപ്പിച്ച ഇലക്ട്രിക് ത്രീ വീലര്‍ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ഉയര്‍ന്ന റേഞ്ചിനൊപ്പം മികച്ച കാര്‍ഗോ ശേഷിയും പിക്ക് അപ്പും ഉറപ്പാക്കുന്നതിലൂടെ ഈ വാഹനം ശ്രദ്ധ നേടുകയായിരുന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച ഇലക്ട്രിക് കാര്‍ഗോ വാഹനമെന്ന ഖ്യാതി ട്രിയോ സോറിനാണ്.
രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെയും ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാരുടെയും ഇഷ്ടവാഹനമാണ് ട്രിയോ സോര്‍ എന്നാണ് നിര്‍മാതാക്കളായ മഹീന്ദ്ര അവകാശപ്പെടുന്നത്. ഇലക്ട്രിക് മൊബിലിറ്റി എന്ന ഇന്ത്യയുടെ ആശയത്തിന് മുതല്‍കൂട്ടാവുന്ന വാഹനമായിരിക്കും ട്രിയോ. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ലാഭം ഉറപ്പാക്കാനും ഈ വാഹനം സഹായിക്കുമെന്നാണ് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി സി.ഇ.ഒ. മഹേഷ് ബാബു അഭിപ്രായപ്പെട്ടു.
അതേസമയം, മഹീന്ദ്രയുടെ ട്രിയോ ശ്രേണിയിലുള്ള ഇലക്ട്രിക് ത്രീ വീലറുകളുടെ വില്‍പ്പന 8000 യൂണിറ്റ് കടന്നതായാണ് റിപ്പോര്‍ട്ട്. ട്രിയോയുടെ പാസഞ്ചര്‍ ത്രീ വീലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഉടനീളം 400-ല്‍ അധികം ജില്ലകളില്‍ ഇലക്ട്രിക് ട്രിയോ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്. ഇതിനോടകം 40 ദശലക്ഷം കിലോമീറ്ററാണ് ട്രിയോ സഞ്ചരിച്ചിട്ടുള്ളത്. ഇതുവഴി 2200 മെട്രിക് ടണ്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.
അഡ്വാന്‍സ്ഡ് ലിഥിയം അയേണ്‍ ബാറ്ററി ടെക്‌നോളജിയാണ് മഹീന്ദ്ര ട്രിയോയില്‍ നല്‍കിയിട്ടുള്ളത്. 1.5 ലക്ഷം കിലോമീറ്ററിന്റെ വാറണ്ടിയാണ് ഈ ബാറ്ററിക്ക് നല്‍കിയിട്ടുള്ളത്. എട്ട് കിലോവാട്ട് പവറും 42 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ക്ലെച്ച് ലെസ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ശബ്ദവും വിറയലുമില്ലാത്ത യാത്രയും ഈ വാഹനം ഉറപ്പുനല്‍കുന്നുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
Content Highlights: Mahindra Treo Zor electric last mile delivery vehicle crosses 1,000 sales milestone