പ്രതീകാത്മക ചിത്രം | Photo: Facebook|Mahindra Tractors
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. എം-പ്രൊട്ടക്ട് കോവിഡ് പ്ലാന്‍ എന്ന പേരിലുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് മഹീന്ദ്രയുടെ ഫാം എക്യുപ്പ്‌മെന്റ് വിഭാഗം കര്‍ഷകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ ഉറപ്പാക്കാനാണ് പദ്ധതിയെന്ന് മഹീന്ദ്ര അറിയിച്ചു.
മെയ് മാസത്തില്‍ മഹീന്ദ്രയുടെ ട്രാക്ടര്‍ സ്വന്തമാക്കിയിട്ടുള്ള കര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായാണ് എം-പ്രൊട്ടക്ട് കോവിഡ് പ്ലാന്‍ ഒരുക്കിയിട്ടുള്ളത്. കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് മഹീന്ദ്ര ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. കോവിഡ് ബാധിതരായി ക്വാറന്റയിനില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ഈ തുക ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനുപുറമെ, കോവിഡ് ബാധിതരായ കര്‍ഷകര്‍ക്ക് കോവിഡ് ചികിത്സയ്ക്കായി ലോണ്‍ അനുവദിക്കുമെന്നും മഹീന്ദ്ര ഉറപ്പുനല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധികളില്‍ നിന്ന് കര്‍ഷകരെയും മഹീന്ദ്രയുടെ ഉപയോക്താക്കളെയും കരകയറ്റുന്നതിന് കമ്പനി പ്രതിജ്ഞബദ്ധമാണെന്ന് മഹീന്ദ്ര ഫാം എക്യുപ്‌മെന്റ് വിഭാഗം മേധാവി ഹേമന്ത് സിക്ക അഭിപ്രായപ്പെട്ടു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് പരമാവധി പിന്തുണ നല്‍കുകയെന്നത് മഹീന്ദ്രയുടെ നയമാണ്. അതുകൊണ്ട് തന്നെ പൂര്‍ണമായും ഈ വിഭാഗത്തിനായി ഒരുക്കിയിട്ടുള്ള പദ്ധതിയാണ് എം-പ്രോട്ടക്ട് കോവിഡ് പ്ലാന്‍. ഇതിലൂടെ കര്‍ഷകരായ മഹീന്ദ്ര ഉപയോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.
മെയ്, ജൂണ്‍ മാസങ്ങള്‍ കാര്‍ഷിക മേഖലയില്‍ വളരെ പ്രധാനപ്പെട്ട സമയമാണ്. ഈ ഘട്ടത്തില്‍ രാജ്യത്തുണ്ടായ പ്രതിസന്ധി കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരില്‍ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കുന്നതിനായി എം-പ്രോട്ടക്ട് കോവിഡ് പ്ലാന്‍ പോലുള്ള മറ്റ് പദ്ധതികളും ആവിഷ്‌കരിക്കാന്‍ കമ്പനി ശ്രമിക്കുമെന്നും മഹീന്ദ്ര ഉറപ്പുനല്‍കുന്നു.
Content Highlights: Mahindra Starts M-Protect Covid Plan Insurance For Farmers