പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തലസ്ഥാനത്ത് ഇലക്ട്രിക് എ.സി. ലോഫ്‌ളോര്‍ ബസുകള്‍ സര്‍വീസിനിറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. ഇത്തരത്തിലുള്ള 300 ബസുകള്‍ നിരത്തിലിറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്വറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായിട്ടാണ് ഈ ബസുകള്‍. 2019 ഒക്ടോബറില്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പ്രാരംഭ ടെന്‍ഡറുകള്‍ തുടങ്ങിവെച്ചെങ്കിലും മികച്ച പ്രതികരണമുണ്ടായില്ല.
തുടര്‍ന്ന് പദ്ധതി റദ്ദാക്കി. പിന്നീട് 2020 ജൂണില്‍ വീണ്ടും നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഡിസംബറില്‍ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ നല്ലനിലയിലുള്ള പ്രതികരണങ്ങളുണ്ടായി. ഒപെക്സ് മോഡലില്‍ ഇലക്ട്രിക് ബസുകള്‍ രംഗത്തിറക്കുകയെന്നത് ഡി.ടി.സി.യുടെ വലിയൊരു നയപരമായ മാറ്റമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. സ്വന്തം ഉടമസ്ഥതയിലുള്ള ബസുകള്‍ മാത്രമേ ഡി.ടി.സി. സര്‍വീസ് നടത്താറുള്ളൂ. എന്നാല്‍, ഇതില്‍ ഇലക്ട്രിക് ഊര്‍ജത്തിലുള്ള ബസുകള്‍ ഡി.ടി.സി. സ്വീകരിക്കുകയാണ്.
മുന്നൂറു ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ മറ്റേതൊരു സംസ്ഥാനത്തെക്കാള്‍ വലിയ ടെന്‍ഡറിലാണ് ഡി.ടി.സി. ഏര്‍പ്പെട്ടിട്ടുള്ളതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒറ്റത്തവണ ചുരുങ്ങിയത് 140 കിലോമീറ്റര്‍ ദൂരത്തില്‍ സര്‍വീസ് നടത്താന്‍ പാകത്തിലുള്ളതാണ് ഇലക്ട്രിക് ഡി.ടി.സി. ബസുകള്‍. ഓപ്പറേറ്റര്‍ ഡ്രൈവറെ നല്‍കും. ഡി.ടി.സി.ക്ക് കണ്ടക്ടറെ ബസില്‍ നിയോഗിക്കാം. ബസിന്റെ നടത്തിപ്പും അറ്റകുറ്റപ്പണിയുമൊക്കെ ഉടമസ്ഥന്റെ ഉത്തരവാദിത്വമായിരിക്കും.
പത്തുവര്‍ഷത്തേക്കാണ് ഈ കരാര്‍ കാലാവധി. ബാറ്ററി മാറ്റേണ്ട ചുമതലയും ഓപ്പറേറ്റര്‍മാര്‍ക്കാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ബാറ്ററി മാറ്റേണ്ടിവരും. ജെ.ബി.എം. കമ്പനി 200 ബസുകളും ടാറ്റ മോട്ടോഴ്സ് നൂറു ബസുകളും ഡി.ടി.സി.ക്കൊപ്പം ചേര്‍ന്ന് സര്‍വീസ് നടത്തും. കിലോമീറ്ററിന് 1.4 കിലോവാണ് എന്ന നിലയിലാണ് ഈ ബസുകളുടെ ഊര്‍ജശേഷി. ഇതിനുള്ള ഇലക്ട്രിക് ഉപഭോഗച്ചെലവ് ഡി.ടി.സി. വഹിക്കും. ചാര്‍ജിങ് സൗകര്യം, അതിനുള്ള ചെലവ്, ട്രാന്‍സ്ഫോര്‍മര്‍, ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ ഡി.ടി.സി.യുടെ ഉത്തരവാദിത്വമാണെന്നാണ് കരാര്‍.
ദിവസത്തില്‍ 200 കിലോമീറ്റര്‍ ദൂരത്തിലെങ്കിലും ഈ ബസുകള്‍ സര്‍വീസ് നടത്തും. ബസുകളുടെ രൂപകല്പന ജൂണില്‍ പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ 118 ബസുകള്‍ ഒക്ടോബറില്‍ സര്‍വീസിനിറക്കാനാണ് പദ്ധതി. നവംബറില്‍ നൂറുബസുകളും ഡിസംബറില്‍ 60 ബസുകളും നിരത്തിലിറങ്ങും. ബാക്കിയുള്ള 20 ബസുകള്‍ 2022 ജനുവരിയോടെ ഡല്‍ഹിയിലെത്തും. സുഭാഷ് പ്ലേസ്, മായാപുരി, രോഹിണി -രണ്ട്, രാജ്ഘാട്ട് - രണ്ട്, മുണ്ടേല കലാന്‍ എന്നീ ഡിപ്പോകളില്‍ ഈ ബസുകള്‍ പാര്‍ക്കുചെയ്യാന്‍ സൗകര്യമൊരുക്കും.
തദ്ദേശരീതിയിലുള്ള സാങ്കേതികവിദ്യയോടെ സുസ്ഥിരഗതാഗത പദ്ധതി നടപ്പാക്കുകയാണ് ഡല്‍ഹി സര്‍ക്കാരെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് അഭിപ്രായപ്പെട്ടു. വായുമലിനീകരണമുണ്ടാക്കാത്ത ഇ-വാഹനങ്ങളിലേക്ക് സാവധാനത്തില്‍ മാറുകയാണ് ഡല്‍ഹി. ഈ ഇലക്ട്രിക് ബസുകള്‍ മുഴുവന്‍ സര്‍വീസിനിറങ്ങിയാല്‍ ഇത്രയുമേറെ ഇ-ഗതാഗതമുള്ള ഏറ്റവും മുന്നിലുള്ള സംസ്ഥാനമായി ഡല്‍ഹി മാറുമെന്നും ഗതാഗതമന്ത്രി അവകാശപ്പെട്ടു.
Content Highlights: Delhi Government Starts 300 Electric Bus Service, Electric Bus