അശോക് ലെയ്ലാന്റ് ബോസ് എൽ.എക്സ് | Photo: Ashok Leyland
ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹനനിര്‍മാതാക്കളായ അശോക് ലെയ്ലാന്റ് പുതിയ ട്രെക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ബോസ് എല്‍.എക്സ്, എല്‍.ഇ എന്നീ രണ്ട് മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനൊപ്പം ലെയ്ലാന്റിന്റെ ഐ-ജെന്‍ സാങ്കേതികവിദ്യയിലുമാണ് ഈ ട്രക്കുകള്‍ എത്തിയിരിക്കുന്നത്.
ഇന്റര്‍മീഡിയറ്റ് കൊമേഷ്യല്‍ വാഹനങ്ങളില്‍ ലെയ്ലാന്റ് എത്തിച്ചിട്ടുള്ള ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് ബോസ്. 14 മുതല്‍ 24 അടി വരെ ലോഡിങ്ങ് സ്പാനിനൊപ്പം സൈഡ് ഡെക്ക്, ഫിക്സഡ് സൈഡ് ഡെക്ക്, ഡ്രോപ്പ് സൈഡ് ഡെക്ക്, ക്യാബ് ചേസിസസ് തുടങ്ങിയ ബോഡി ടൈപ്പിലും ബോസ് എത്തുന്നുണ്ട്. 11.1 ടണ്‍ മുതല്‍ 14.05 ടണ്‍ വരെയാണ് ലോഡിങ്ങ് കപ്പാസിറ്റി.
സാങ്കേതികവിദ്യയില്‍ കേമനായാണ് ബോസിന്റെ പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. ഇന്റലിന്‍സ് അലേര്‍ട്ട് (ഐ-അലേര്‍ട്ട്), റിമോട്ട് ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം മികച്ച ഇന്ധനക്ഷമത, ടയര്ലൈഫ്, സുരക്ഷ സംവിധാനങ്ങള്‍ എന്നിവയും ഇതിലുണ്ട്. 18 ലക്ഷം രൂപ മുതലാണ് ബോസിന്റെ എക്സ്ഷോറും വില.
ബോസിന്റെ പിന്തുണയില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ഐ.സി.വി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലെയ്ലാന്റിനാണ്. പുതിയ സാങ്കേതികവിദ്യയിലും എന്ജിനിലുമെത്തിയ ബോസ് എല്‍.എക്സ്, എല്‍.ഇ വേരിയന്റുകള്‍ ഈ നേട്ടം തുടരാന്‍ കരുത്തേകുമെന്നാണ് പ്രതീക്ഷയെന്ന് അശോക് ലെയ്ലാന്റ് അറിയിച്ചു.
ബോസ് എല്‍.എക്സ്, എല്‍.ഇ പതിപ്പുകള്‍ക്ക് നാല് വര്‍ഷം, അല്ലെങ്കില്‍ നാല് ലക്ഷം കിലോമീറ്റര്‍ വാറണ്ടിയാണ് ലെയ്ലാന്റ് ഒരുക്കിയിരിക്കുന്നത്. ഇത് ആറ് വര്‍ഷത്തേക്ക് ദീര്ഷിപ്പിക്കാനും സാധിക്കും. ക്വിക്ക് ആക്സിഡന്റ് റിപ്പര്‍, ആഫ്റ്റര്‍ സെയില്‍ സര്‍വീസുകള്‍ക്കായി 3000-ത്തില്‍ അധികം ടച്ച് പോയന്റ് തുടങ്ങിയവയും ലെയ്ലാന്റ് ഒരുക്കിയിട്ടുണ്ട്.
Content Highlights: Ashok Leyland launches BOSS LX and LE with i-Gen6 Technology