അശോക് ലെയ്ലാന്റ് മാനേജിങ്ങ് ഡയറക്ടർ നിതിൻ സേത്ത് പുതുതായി അവതരിപ്പിച്ച ബഡാ ദോസ്ത്തിന് സമീപം | Photo: Ashok Leyland
ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹനനിര്‍മാതാക്കളായ അശോക് ലെയ്ലാന്റിന്റെ പുതിയ ഗുഡ്‌സ് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവില്‍ നിരത്തിലുള്ള ദോസ്തിന്റെ പ്ലാറ്റ്‌ഫോമില്‍ ബഡാ ദോസ്ത് എന്ന പേരിലാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ഐ3, ഐ4 എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ബഡാ ദോസ്തിന് 7.75 ലക്ഷം രൂപ മുതല്‍ 7.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.
ലൈറ്റ് വാണിജ്യ വാഹനങ്ങളുടെ മേധാവിത്വം ഉറപ്പിക്കുന്നതിനായെത്തിയ ബഡാ ദോസ്ത്തിന് 1860 കിലോഗ്രാമും 1405 കിലോഗ്രാമും ഭാരം വഹിക്കാനുള്ള ശേഷിയാണ് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം മികച്ച സാങ്കേതിക വിദ്യയും ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന ഫീച്ചറുകളും ഉയര്‍ന്ന ഇന്ധനക്ഷമതയും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് നിര്‍മാതാക്കളായ അശോക് ലെയ്ലാന്റ് അറിയിച്ചു.
ഒരു കാറിന്റേത് എന്ന പോലെ സ്‌റ്റൈലിയാണ് ബഡാ ദോസ്തിന്റെ ക്യാബിന്‍ ഒരുക്കിയിരിക്കുന്നത്. സാങ്കാതിക മികവിന് പുറമെ, ഡ്രൈവറുടേത് ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍, ഓപ്ഷണലായി നല്‍കുന്ന എയര്‍ കണ്ടീഷന്‍, മ്യൂസിക് സിസ്റ്റം, ആകര്‍ഷകമായ സ്റ്റിയറിങ്ങ് വീല്‍, ഗിയര്‍ പൊസിഷന്‍ തുടങ്ങിയവ ക്യാബിന്റെ ഇന്റീരിയര്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പത്ത് വാണിജ്യ വാഹനനിര്‍മാതാക്കളില്‍ ഒന്നായി മാറുന്നതിനാണ് അശോക് ലെയ്ലാന്റ് ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ബഡാ ദോസ്ത് എത്തിച്ചിരിക്കുന്നത്. ലെഫ്റ്റ്, റൈറ്റ് ഹാന്‍ഡ് വാഹനങ്ങള്‍ ലെയ്ലാന്റ് പുറത്തിറക്കുന്നുണ്ട്. വൈകാതെ തന്നെ ഇലക്ട്രിക് വാഹനങ്ങളുമെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഇന്റര്‍കൂള്‍ഡ് ഡീസല്‍ എന്‍ജിനാണ് ബഡാ ദോസ്ത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 80 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. കുറഞ്ഞ ടേണിങ് റേഡിയസും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ബഡാ ദോസ്തിനെ കൂടുതല്‍ കാര്യക്ഷമമാക്കും.
Content Highlights: Ashok Leyland expands LCV portfolio with the launch of ‘BADA DOST’