ലക്ഷ്വറി കാറുകളിലെ വമ്പന്‍മാരായ മെഴ്‌സിഡീസ് ബെന്‍സ് ആഢംബരം പിക്കപ്പ് ട്രക്കിനും ചേരുമെന്ന് വ്യക്തമാക്കി ഒരുക്കിയ മോഡലാണ് എക്‌സ്-ക്ലാസ്. കഴിഞ്ഞ വര്‍ഷം രൂപകല്‍പന ചെയ്ത കണ്‍സെപ്റ്റ് മോഡലില്‍നിന്ന് അധികം മാറ്റങ്ങളില്ലാതെ എക്‌സ്-ക്ലാസ് പിക്കപ്പ് പ്രൊഡക്ഷന്‍ സ്‌പെക്ക് സൗത്ത് ആഫ്രിക്കയില്‍ കമ്പനി ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തെ ആദ്യ പ്രീമിയം പിക്കപ്പ് ട്രക്ക് എന്ന വിശേഷണത്തോടെയാണ് എക്‌സ്-ക്ലാസ് കമ്പനി അവതരിപ്പിച്ചത്. പിക്കപ്പില്‍ അത്യാവശ്യം സാധങ്ങള്‍ കയറ്റാനും അഞ്ചു പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാനും സാധിക്കും.
ആഗോളതലത്തില്‍ നഗരവാസികളായ ബഹുഭൂരിപക്ഷം സമ്പന്നരും കാറുകള്‍ വിട്ട് പിക്കപ്പുകളിലേക്ക് തിരിയുന്നു എന്നതാണ് ആഢംബര കാറുകള്‍ക്കൊപ്പം ഒരു പ്രീമിയം പിക്കപ് മോഡലും നിര്‍മിക്കാന്‍ മെഴ്‌സിഡീസിനെ പ്രേരിപ്പിച്ചത്. സാധാരണ പിക്കപ്പുകള്‍ ടണ്‍ കണക്കിന് ഭാരം പേറി വണ്ടി കാളകളെ പോലെ ജോലി ചെയ്യുന്ന വാഹനങ്ങളാണ്. അതാണ് ആദ്യംമുതലെ പ്രീമിയം വാഹന നിര്‍മാതാക്കള്‍ ഈ സെഗ്മെന്റിനെ അവഗണിക്കാന്‍ കാരണം. പക്ഷേ, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പന്തയശേഷിയുള്ള കുതിരയെപ്പോലൊരു വാഹനമാണ് മെഴ്‌സിഡീസ് അവതരിപ്പിച്ച എക്‌സ്-ക്ലാസ് പിക്കപ്പ് ട്രക്ക്.
നിസാന്‍-റെനോ സഖ്യത്തിന്റെ സഹായത്തോടെ അവരുടെ നിര്‍മാണ കേന്ദ്രത്തിലാണ് X ക്ലാസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കണ്‍സെപ്റ്റ് മോഡലില്‍നിന്ന് അധികം മാറ്റങ്ങള്‍ പ്രൊഡക്ഷന്‍ സ്പെക്കില്‍ വരുത്താന്‍ കമ്പനി ശ്രമിച്ചിട്ടില്ല. അതിനാല്‍തന്നെ നിസാന്‍ NP300 നവാര, റെനോ അലാസ്‌കന്‍ ട്രക്കുകളിലെ പല പാര്‍ട്ടുകളും ഇവന്റെയും ഭാഗമാണ്. ക്യാമറ, റഡാര്‍, സെന്‍സറുകള്‍ എന്നീ സംവിധാനങ്ങളുടെ സഹായത്തോടെ മോഡേണ്‍ ഡ്രൈവര്‍ അസിസ്റ്റന്‍സ് സൗകര്യങ്ങള്‍ എക്‌സ്-ക്ലാസില്‍ ബെന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉള്‍വശം പൂര്‍ണമായും നിരത്തിലുള്ള പ്രീമിയം ബെന്‍സ് കാറുകളുടെ ഫീച്ചേര്‍സുമായി ചേര്‍ന്നതാണ്.
നാല് വ്യത്യസ്ത ട്യൂണില്‍ 2.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. സിംഗിള്‍ ടര്‍ബോ എഞ്ചിന്‍ 163 എച്ച്.പി കരുത്തേകുമ്പോള്‍ ബൈ ടര്‍ബോ എഞ്ചിന്‍ 190 എച്ച്.പി കരുത്ത് നല്‍കും. മൂന്നാമത്തെ ഗ്യാസോലൈന്‍ എഞ്ചിന് 160 എച്ച്പിയാണ് കരുത്ത്. ടോപ് സ്‌പെക്ക് വി6 ഡീസല്‍ എഞ്ചിന്‍ 258 എച്ച്പി കരുത്തേകും. ഫോര്‍ സിലണ്ടര്‍, സിക്സ് സിലിണ്ടര്‍ എന്‍ജിനുകളില്‍ എക്സ്-ക്ലാസ് നിരത്തിലെത്തും. ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ റിയര്‍ വീല്‍ ഡ്രൈവാണ്. സിക്സ് സിലിണ്ടര്‍ പതിപ്പില്‍ ഓപ്ഷണലായി ആള്‍ വീല്‍ ഡ്രൈവ് സംവിധാനം ലഭ്യമാകും. എക്‌സ്-ക്ലാസിന്റെ ഇന്ത്യന്‍ പ്രവേശനത്തെക്കുറിച്ച് ബെന്‍സ് ഇതുവരെ സൂചനയൊന്നും നല്‍കിയിട്ടില്ല.