പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശ് നിയമസഭ തിരിച്ചുപിടിക്കാന്‍ ബിജെപിയെ മുന്നില്‍ നിന്ന് നയിച്ച ഉത്തര്‍പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന് യാത്രകളില്‍ ഇനി സുരക്ഷ ഒരുക്കുക മെഴ്‌സിഡീസ് ബെന്‍സിന്റെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളില്‍ കേമനായ എം-ഗാര്‍ഡ്. മുഖ്യമന്ത്രിയായ ശേഷമുള്ള ഭീക്ഷണികള്‍ കണക്കിലെടുത്ത് കേന്ദ്ര സുരക്ഷ എജന്‍സിയുടെ നിര്‍ദേശപ്രകാരം നേരത്തെ ആദിത്യനാഥിന് കേന്ദ്ര സര്‍ക്കാര്‍ സെഡ് പ്ലസ് സുരക്ഷ അനുവദിച്ചിരുന്നു. ബുള്ളറ്റ് പ്രൂഫ് ഫ്‌ളീറ്റില്‍ അതീവ സുരക്ഷ ഒരുക്കുന്നതില്‍ ബെന്‍സ് നിരയില്‍ മുന്‍പന്തിയിലുള്ള എം-ഗാര്‍ഡിന് 3 കോടിയാണ് വില. മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് അവസാന നാളുകളില്‍ ഉപയോഗിച്ചതും എം-ഗാര്‍ഡ് എസ്.യു.വിയാണ്. എന്നാല്‍ ഇത്രയേറെ സുരക്ഷാ സംവിധാനങ്ങള്‍ അന്ന് എം-ഗാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
2014 ഡല്‍ഹി ഓട്ടോഎക്‌സ്‌പോയിലാണ് എം-ഗാര്‍ഡ് എസ്.യു.വി ആദ്യമായി ഇന്ത്യന്‍ നിരത്തിലെത്തുന്നത്. സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സാധാരണ ബെന്‍സ് കാറുകളെക്കാള്‍ 385 കിലോഗ്രാം അധിക ഭാരമുണ്ട് ഇവന്. VR4 റെസിസ്റ്റന്‍സ് ലെവലാണ് എം-ഗാര്‍ഡിനുള്ളത്, അതിനാല്‍ ഹാന്‍ഡ് ഗണ്‍ മുതല്‍ 0.44 മാഗ്നം ഗണുകളില്‍നിന്ന് വരെ വെടിവെപ്പിനെ നിഷ്പ്രയാസം ചെറുക്കാന്‍ ബെന്‍സിന്റെ ഈ സുരക്ഷിത വാഹനത്തിന് സാധിക്കും. മോഡിഫിക്കേഷന്‍ വഴി എകെ 47, എകെ 56 തോക്കുകളില്‍ നിന്ന് സുരക്ഷിത കവചം ഒരുക്കാനും ഇവന് സാധിക്കും. കരുത്തേറിയ 4.8 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന്‍ 402 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമേകും. വെറും 6.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഇവന് സാധിക്കും. മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത.
ഭാരം വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ എയര്‍മാറ്റിക് സസ്‌പെന്‍ഷന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ടയര്‍ പഞ്ചറായാലും വാഹനത്തിന്റെ ഭാരം താങ്ങി നിര്‍ത്തി മുന്നേറാന്‍ എം-ഗാര്‍ഡ് ടയറുകള്‍ക്ക് സാധിക്കും. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനൊപ്പം ഭാരമേറിയ ഡോര്‍ അത്ര പെട്ടെന്ന് തകര്‍ക്കാനും കഴിയില്ല. ഇതിനൊപ്പം മുഖ്യമന്ത്രിയെ അനുഗമിക്കുന്ന പൈലറ്റ് വാഹനങ്ങളില്‍ ജാമറുകളും മറ്റു ആയുധ സജ്ജീകരങ്ങളുമുണ്ടാകും. രജിസ്‌ട്രേഷന്‍ അടക്കം എം-ഗാര്‍ഡിന് 3 കോടിയാണ് വിലയെങ്കിലും സുരക്ഷ ഒരുക്കാനുള്ള മോഡിഫിക്കേഷന്‍ കണക്കിലെടുക്കുമ്പോള്‍ വില ഇരട്ടിയോളം വര്‍ധിക്കും. മുഖ്യമന്ത്രി പദത്തിലെത്തുന്നതിന് മുമ്പ് ജാപ്പനീസ നിര്‍മാതാക്കളായ ടൊയോട്ട ഇന്നോവയുടെ ഉയര്‍ന്ന വകഭേദമാണ് യോഗി ആദിത്യനാഥിന്റെ പക്കലുണ്ടായിരുന്നത്.