സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡല്‍ ആള്‍ട്ടോയെ മാരുതി സുസുക്കി പുതുക്കി അവതരിപ്പിച്ചു. രാജ്യത്തെ മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ള എന്‍ജിനോടെയാണ് പുതിയ ആള്‍ട്ടോ എത്തിയിരിക്കുന്നത്. 2.94 ലക്ഷം മുതല്‍ 3.71 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
പുതുക്കിപ്പണിത ഗ്രില്‍, ഹെഡ്‌ലാമ്പ്, ഫ്രണ്ട് ബംമ്പര്‍, എയര്‍ ഡാം, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ഡാഷ്‌ബോര്‍ഡ് എന്നിവ പുതിയ ആള്‍ട്ടോയെ അല്‍പം വ്യത്യസ്തനാക്കും. ബ്ലൂടൂത്ത് കണക്ഷന്‍, കോളിങ്, വോയിസ് ഗൈഡഡ് നാവിഗേഷന്‍ എന്നീ സൗകര്യങ്ങളുള്ള പുതിയ സ്മാര്‍ട്ട് പ്ലേ ഡോക്ക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. രാജ്യത്തെ എല്ലാ പുതിയ വാഹനങ്ങളിലും സുരക്ഷാ മാനണ്ഡങ്ങള്‍ കര്‍ശനമാകുന്നതിന്റെ ഭാഗമായി എബിഎസ്, ഇബിഡി, ഡ്രൈവര്‍ എയര്‍ബാഗ്, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നീ സുരക്ഷാ സൗകര്യങ്ങള്‍ ആള്‍ട്ടോയില്‍ സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്.
ബിഎസ് 6 നിലവാരത്തിലുള്ള 796 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6000 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 69 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. അപ്ടൗണ്‍ റെഡ്, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, മൊജിറ്റോ ഗ്രീന്‍, സെറുലീയന്‍ ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ ആള്‍ട്ടോ സ്വന്തമാക്കാം. സ്റ്റാന്റേര്‍ഡ്, VXi, LXi എന്നീ മൂന്ന് വകഭേദങ്ങളുള്ള ആള്‍ട്ടോയ്ക്ക് 22.05 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Content Highlights; Updated Maruti Alto launched In India