രണ്ട് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ചെറു ഇലക്ട്രിക് കാറുമായി ടൊയോട്ട. വരുന്ന 2019 ടോക്യോ മോട്ടോര്‍ ഷോയിലാണ് പുതിയ അള്‍ട്രാ കോംപാക്ട് ടൂ സീറ്റര്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (BEV) ടൊയോട്ട പ്രദര്‍ശിപ്പിക്കുക. നഗര യാത്രകള്‍ക്കനുയോജ്യമായി പ്രത്യേകം രൂപകല്‍പന ചെയ്ത മോഡലാണിത്.
സ്ഥിരമായി ഹ്രസ്വദൂര യാത്രകള്‍ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ചെറു ഇലക്ട്രിക് കാറെന്ന് ടൊയോട്ട വ്യക്തമാക്കുന്നു. അടുത്ത വര്‍ഷത്തോടെ ഈ കുഞ്ഞന്‍ കാര്‍ ജാപ്പനീസ് നിരത്തുകളിലേക്കെത്തും. ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത. എളുപ്പത്തില്‍ വളച്ചെടുക്കാന്‍ ഷോര്‍ട്ട് ടേണിങ് റേഡിയസാണ് വാഹനത്തിനുള്ളത്. ബാറ്ററി പാക്ക് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
പുറത്തുവിട്ട ആദ്യ ചിത്രങ്ങള്‍ പ്രകാരം തീര്‍ത്തും വ്യത്യസ്തമായ രൂപമാണ് ടൂ സീറ്റര്‍ ഇലക്ട്രിക്കിനുള്ളത്. സ്പോര്‍ട്ടി ബോണറ്റിനൊപ്പം മുന്നില്‍ നിരനിരയായാണ് 5 പോഡ് എല്‍ഇഡി ഹെഡ്ലാമ്പ്. ടേണ്‍ ഇന്‍ഡികേറ്ററോടെയുള്ള റിയര്‍വ്യൂ മിറര്‍, വെര്‍ട്ടിക്കലായുള്ള ടെയില്‍ ലാമ്പ്, സ്റ്റീല്‍ വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളും ചെറു ഇലക്ട്രിക് കാറിന്റെ ഫീച്ചേഴ്സ്. രണ്ട് വശത്തെയും ഹെഡ്‌ലാമ്പുകള്‍ക്ക് നടുവിലായാണ് ഇതിലെ ചാര്‍ജിങ് പോര്‍ട്ട്. 2490 എംഎം നീളവും 1290 എംഎം വീതിയും 1560 എംഎം ഉയരവും മാത്രമാണ് വാഹനത്തിനുള്ളത്.
Content Highlights; toyota to showcase two seater electric car at tokyo motor show